ന്യൂദല്‍ഹി: ഹത്രാസില്‍ പോപ്പുലര്‍ ഫ്രണ്ടുകര്‍ക്കൊപ്പം കലാപത്തിന് പോകുമ്പോള്‍ അറസ്റ്റിലായ അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) നിലപാട് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കുന്നു. സിദ്ദിഖിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല.
ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് ഉള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ടുകാരെ യുപി പോലീസ് മധുരയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഇതിനെ അപലപിച്ച് ഉടന്‍ കെയുഡബ്ല്യുജെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ നിലപാടിന് എതിരായിരുന്നതിനാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് എന്ന സിപിഎം സംഘടനയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു പ്രതിഷേധം.
എന്നിട്ടും ഇരുപതോളം പേരെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ സാധിച്ചത്. കെയുഡബ്ല്യുജെയുടെ പത്തില്‍ താഴെ അംഗങ്ങളാണ് പ്രതിഷേധിക്കാനെത്തിയത്. നൂറോളം അംഗങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴാണിത്. ഭാരവാഹികള്‍ ഉള്‍പ്പെടെ വിട്ടുനിന്നവരിലുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന് പോകുമ്പോഴല്ല സിദ്ദിഖിനെതിരെ നടപടി ഉണ്ടായതെന്നും അതിനാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടരുതെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ജോലി കെയുഡബ്ല്യുജെ ചെയ്യരുതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ദല്‍ഹി ഘടകത്തില്‍ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോപണം നേരിട്ടവര്‍ മാറിനിന്നു. ഈ സംഘമാണ് സിദ്ദിഖിനെ സെക്രട്ടറിയാക്കിയത്. അഴിമതിക്കെതിരെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് പോരാട്ടത്തിലാണ്. വിഷയം ഡല്‍ഹിയില്‍ ശക്തമായ ചേരിതിരിവുണ്ടാക്കുകയും ചെയ്തു.
സിദ്ദിഖ് വിഷയം ഏറ്റെടുത്ത് ബിജെപി വിരുദ്ധ വികാരമുണ്ടാക്കി അഴിമതിക്ക് മറയിടുകയെന്ന ലക്ഷ്യവും നേതൃത്വത്തിന് ഉണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ കരുതി. എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണമുണ്ടായത്. ചുരുക്കം ചിലര്‍ മാത്രമാണ് സംഘടനയുടെ നിലപാടിനെ പിന്തുണച്ചത്. മറ്റൊരു വിഭാഗം പരസ്യമായി എതിര്‍പ്പുയര്‍ത്തി. നിശബ്ദരായിരിക്കുന്നവരില്‍ ഭൂരിഭാഗവും കെയുഡബ്ല്യുജെക്ക് എതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: