കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് പിന്മാറിയതിനെത്തുടര്ന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി. പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീന് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. ഇരുവര്‍ക്കും കൊല്ലം സെഷന്‍സ് കോടതി ഒക്ടോബര്‍ പത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതു റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യം.
അസറുദ്ദീന്റെ സഹോദരന് ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് റംസി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ ഹാരിസിനെ സെപ്തംബര്‍ ഏഴിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരിസുമായി പ്രണയത്തിലായിരിക്കെ റംസി ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷനു വേണ്ടി അവരെ ഭീഷണിപ്പെടുത്തുകയും ഇതിനായി കൂട്ടുപോവുകയും ചെയ്തത് ലക്ഷ്മിയും ഭര്‍ത്താവുമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറാനും ഇവര്‍ റംസിയെ നിര്‍ബന്ധിച്ചിരുന്നെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും സര്‍ക്കാരിന്റെ അപ്പീലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: