കേരളീയര്‍ക്ക് കന്നിമാസം ഭഗവതീപ്രധാനമാണ്. കാരണം ഭഗവതിയെ കന്യകയായി പൊതുവില്‍ സങ്കല്പ്പിച്ചുവരുന്നു. ശ്രീഭഗവതിയായ നെല്ലിന്റെ ജന്മനാളായി കന്നിമാസത്തിലെ മകംനാള്‍ പണ്ട് തെക്കന്‍ തിരുവിതാംകൂറില്‍ ആഘോഷിച്ചിരുന്നു. അന്നപൂര്‍ണേശ്വരിയുടെ ജന്മനാളായി കരുതുന്ന മകംനാള്‍ ചോറ്റാനിക്കരയില്‍ പ്രധാനമാണല്ലൊ. അതുകൂടാതെ മറ്റൊന്നാണ്
പൂജവയ്പ് ആചരണം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പത് ദിവസം നവരാത്രിയെന്ന നിലയില്‍ ഭാരതത്തിലാകമാനം പ്രസിദ്ധമാണ്. ദുര്‍ഗനെന്ന അസുരനെ ദുര്‍ഗ വധിച്ച ദിവസമായി ഇതിനെ കരുതിവരുന്നു. മഹിഷനെ ദേവി വധിച്ച ദിവസമെന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. മൈസൂരില്‍ ഇത് ദസറയായി കൊണ്ടാടിവരുന്നു. തമിഴ്നാട്ടില്‍ ബൊമ്മക്കൊലുവാണ്. ദേവീദേവന്മാരുടെ നിരവധി പ്രതിമകള്‍ പൂജിച്ച് ബൊമ്മക്കൊലു ആഘോഷിക്കും. പൊതുവെ ആദ്യത്തെ മൂന്നുദിനം കാളിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയെയും ഒടുവിലത്തെ മൂന്ന് ദിനം സരസ്വതിയെയും ആരാധിച്ചുവരുന്നു. ദേവീഭാഗവതം തൃതീയസ്കന്ധത്തില് വ്യാസമഹര്‍ഷി നവരാത്രി പൂജാവിധിയെപ്പറ്റി പറയുന്നുണ്ട്. അതനുസരിച്ച് അമാവാസിദിനത്തില്‍ പൂജാദ്രവ്യങ്ങളെല്ലാം സംഭരിച്ചുവയ്ക്കണം. അന്ന് ഹവിസ്സുമാത്രമേ ഭക്ഷിക്കാവൂ. ശുദ്ധമായതും നിരപ്പുള്ളതുമായ ഒരു സ്ഥലത്ത് തൂണുകളും ധ്വജങ്ങളും നാട്ടിയ മണ്ഡപം ഇതിനായി ഒരുക്കണം. മണ്ഡപത്തിന് പതിനാറ് മുഴം ചുറ്റളവ് ഉത്തമമാണ്. തൂണുകളും പതിനാറ് വേണം. മണ്ഡപത്തെ വെള്ളമണ്ണും ചാണകവും ചേര്‍ത്ത് വൃത്തിയായി മെഴുകണം. മധ്യത്തില്‍ നാല് മുഴം ചുറ്റളവും ഒരുമുഴം പൊക്കവുമുള്ള ശുഭ്രവേദി പീഠസ്ഥാനമായി നിര്‍മിച്ച് അവിടെ സിംഹാസനമിട്ട് അതില്‍ വെള്ളപ്പട്ട് വിരിച്ച് ചതുര്മുഖിയായ ദേവിയെ പ്രതിഷ്ഠിക്കുന്നു. ബിംബമില്ലാത്തപക്ഷം യന്ത്രമായാലും മതി. അതിനുശേഷം ശാന്തനായ വിപ്രന് വേദപാരായണം ചെയ്യുമ്പോള്‍ ദേവീ പൂജയും നടത്തണം. ഈ പൂജ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന വിധം തുടരേണ്ടതാണ്. നവരാത്രി പൂജയോടനുബന്ധിച്ച് കുമാരീപൂജ വേണ്ടതുണ്ട്. രണ്ട് വയസ്സായ പെണ്‍കുട്ടിയാണ് കുമാരി. എന്നാല്‍ നവകന്യകമാരില് ആരായാലും മതിയെന്നും പറയുന്നുണ്ട്. രണ്ട് വയസ്സായവളെ കുമാരിയെന്നും മൂന്ന് വയസ്സില്‍ ത്രിമൂര്‍ത്തിയെന്നും നാല് വയസ്സുകാരിയെ കല്യാണിയെന്നും അഞ്ച് വയസ്സുകാരിയെ രോഹിണിയെന്നും ആറുവയസ്സുകാരിയെ കാളികയെന്നും ഏഴുവയസ്സുകാരിയെ ചണ്ഡികയെന്നും എട്ട് വയസ്സുകാരിയെ ശാംഭവിയെന്നും ഒന്‍പത് വയസ്സുകാരിയെ ദുര്‍ഗയെന്നും പത്ത് വയസ്സുകാരിയെ സുഭദ്രയെന്നും വിളിക്കുന്നു. ഇവരാണ് നവകന്യകകള്‍. ഇവരിലോരോരുത്തരെയും പൂജിക്കുന്നതുകൊണ്ട് സിദ്ധിക്കുന്ന ഗുണങ്ങളും പറയുന്നുണ്ട്.
കുമാരീപൂജ – ദാരിദ്ര്യവും ദുഃഖവും നശിച്ച് ബലവും ആയുസ്സും വര്‍ദ്ധിക്കും.
ത്രിമൂര്‍ത്തീപൂജ ധര്‍മം, അര്‍ത്ഥം, കാമം, ധനം, ധാനയം, ആയുസ്സ്, ആരോഗ്യം സന്തതി, സമ്പത്ത് ഇവ വര്‍ദ്ധിക്കും.
കല്യാണീപൂജ – വിദ്യാരംഭം, രാജ്യലാഭം, പ്രതാപം, സുഖം.
രോഹിണീപൂജ – നിശ്ശേഷ രോഗശാന്തി
കാളികാപൂജ- ശത്രുനാശം
ചണ്ഡികാപൂജ – ദുഖനാശം, ദാരിദ്ര്യനാശം, യുദ്ധവിജയം എന്നിവയ്ക്ക് പുറമെ മോഹനത്തിനും ഈ പൂജ ഉത്തമമാണ്.
ദുര്‍ഗാപൂജ – ദുഷ്ടന്മാരായശതുക്കളുടെ നാശവും ഉഗ്രകര്മങ്ങളുടെ പൂര്‍ണഫലപ്രാപ്തി, പരലോകസുഖപ്രാപ്തി
സുഭദ്രാപൂജ – സര്‍വാഭീഷ്ടസിദ്ധി.
ദിവസവും ഒരേ കുമാരിയെത്തന്നെ പൂജിച്ചാലും നല്ലതുതന്നെ. ദിവസവും ഓരോ കുമാരിമാരെ കൂട്ടിയോ അതല്ലെങ്കില്‍ രണ്ട്, നാല്, ആറ്, എട്ട്, പന്ത്രണ്ട്, പതിനാറ് എന്നീ പ്രകാരമോ ആകാം. എല്ലാദിവസവും പൂജ ചെയ്യാനായില്ലെങ്കില്‍ ദക്ഷയാഗം മുടക്കുവാന്‍ കാളി ജനിച്ച അഷ്ടമിദിവസം മാത്രമായാലും മതി.
നവരാത്രി പൂജയ്ക്ക് പൂജ, ഹോമം, കുമാരീപൂജ, ബ്രാഹ്മണപൂജ, എന്നീ ചതുരംഗങ്ങളുണ്ടെന്ന് ദേവീഭാഗവത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ നവരാത്രിക്കൊടുവിലത്തെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് പ്രധാനം. എല്ലാ ദിവസമുണ്ടെങ്കിലും ഒടുവിലത്തെ മൂന്ന് ദിവസത്തെ പൂജകൊണ്ടുതന്നെ പൂര്ണഫലപ്രാപ്തിയുണ്ടാകുമെന്ന് ദേവീഭാഗവതം പറയുന്നുമുണ്ട്. ദുര്ഗന് എന്ന അസുരനെ കൊല്ലുവാനായി ദേവി അവതരിച്ച ദുര്‍ഗാഷ്ടമി, ദേവി ആയുധങ്ങള്‍ പൂജിച്ച മഹാനവമി, ദുര്ഗനെ വധിച്ച വിജയദശമി എന്നീ സങ്കല്‍പ്പങ്ങളിലാണ് ഈ മൂന്ന് ദിവസത്തെ പൂജാദികള്‍ നടക്കുന്നത്. ഇതില്‍ ദുര്‍ഗാഷ്ടമി വൈകിട്ട് ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി വയ്ക്കും. നവരാത്രിക്ക് ആയുധപൂജയും വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നു. ദുര്‍ഗാഷ്ടമിക്ക് സരസ്വതീവിഗ്രഹമോ ചിത്രമോ പ്രതിഷ്ഠിച്ച് അതിനുമുന്പില്വേണം പൂജവയ്ക്കേണ്ടത്. അന്ന് സന്ധ്യാപൂജയും മഹാനവമിക്ക് ത്രികാലപൂജയും വിജയദശമിക്ക് പ്രഭാതപൂജയും ഉണ്ടാകണം. ബ്രാഹ്മണരുടെ ഇല്ലങ്ങളില്‍ പത്മമിട്ട് പൂജയാണ് വിധി. പൂജവയ്പ് കഴിഞ്ഞ് പൂജയെടുക്കുംവരെ എഴുത്തും വായനയും പാടില്ല. മഹാനവമി വ്രതശുദ്ധിയോടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ദേവീസ്മരണയോടെ ഇരിക്കേണ്ട ദിവസമാണ്. വിജയദശമിദിവസം മണലില്‍ അക്ഷരങ്ങളെഴുതി വിദ്യാരംഭം കഴിഞ്ഞേ പൂജയെടുക്കാവൂ.ശര്‍ക്കര, അവല്, മലര്, തേങ്ങാക്കൊത്ത് തുടങ്ങിയ പൂജിച്ച് പ്രസാദം കൊടുക്കണം.
കേരളത്തില്‍ പനച്ചിക്കാട് പ്രസിദ്ധ സരസ്വതീക്ഷേത്രമാണ്. ഇതിനുപുറമെ കൊല്ലൂര്‍ മൂകാംബികാക്ഷേത്രം, വടക്കന്പരവൂരിലെ മൂകാംബികാക്ഷേത്രം, കാസര്‍കോട് ജില്ലയിലെ ബേക്കലിനടുത്തുള്ള ചിത്താരികുദുറു മൂകാംബികാക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി പൂജയ്ക്ക് പ്രാധാന്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് നടക്കുന്ന നവരാത്രിയാഘോഷം ചരിത്രപ്രസിദ്ധമാണ്. വീടുകളിലും പൂജവയ്പും വിദ്യാരംഭവുമുണ്ടാകും. പൂജയെടുത്തുകഴിഞ്ഞുതന്നെ ഇവിടെയും വിദ്യാരംഭം. രാവിലെതന്നെ കുടുംബാംഗങ്ങളെല്ലാം കുളിച്ചുവന്നു പൂമുഖത്ത് കത്തിച്ച വിളക്കിനുമുന്നില്‍ ഇരിക്കും ഓരോരുത്തരുടെയും മുന്നില്‍ വെള്ളമണലും വിരിച്ചിട്ടുണ്ടാകും. കുടുംബനാഥന് ചൊല്ലിക്കൊടുക്കുന്ന പ്രാര്‍ത്ഥന ഏറ്റുചൊല്ലിയശേഷം എല്ലാവരും മണലില്‍ ഹരിഃശ്രീഗണപതയേ നമഃ അവിഘ്നമസ്തു എന്ന് ആദ്യവും തുടര്‍ന്ന് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും എഴുതും. എഴുതിയശേഷം മണല്‍ പുരപ്പുറത്തിടും. ഇതുകഴിഞ്ഞു മാത്രമേ ജലപാനംപോലും പതിവുള്ളു. കുഞ്ഞിന്റെ വിദ്യാരംഭം മൂന്നാംവയസ്സിലോ അഞ്ചാംവയസ്സിലോ നടത്തിവരുന്നു. ഇതിനായി വിജയദശമിക്ക് മുഹൂര്‍ത്തം നോക്കാതെയും അല്ലാത്ത ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കിയും വേണം വിദ്യാരംഭം. എഴുത്തിനിരുത്താന്‍ ഒരു ആചാര്യന് വേണം. കത്തിച്ച നിലവിളക്കിന് മുന്പിലിട്ട പലകയില്‍ ഇരിക്കുന്ന ആചാര്യന്റെ മടിയില്‍ കുഞ്ഞിനെ ഇരുത്തി ആദ്യം നാവിന്മേല് സ്വര്‍ണമോതിരംകൊണ്ട് ഹരിഃ ശ്രീ ഗണപതയേ നമഃ എന്നെഴുതും. അതിനുശേഷം മുന്പില് ഉരുളിയിലോ തളികയിലോ വച്ചിട്ടുള്ള അക്ഷതത്തില്‍ കുട്ടിയുടെ മോതിരവിരലോ ചൂണ്ടാണിവിരലോ കൊണ്ടോ ആദ്യം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്നും തുടര്‍ന്ന് അന്‍പത്തൊന്നക്ഷരങ്ങളും കുറിക്കണം. എഴുതിക്കഴിഞ്ഞ് ആചാര്യനു ദക്ഷിണ നല്‍കണം. എഴുതുന്നതിനുപയോഗിച്ച അരിയുപയോഗിച്ച് കുഞ്ഞിന് പായസമോ ചോറോ തയ്യാറാക്കി നല്കുന്നു.
പ്രൊഫ. ഡോ. അജിത്കുമാര്‍. എന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: