കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനിലെ പത്തുവര്‍ഷക്കാലത്തെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന് നടപടിക്ക് അനുവാദം നല്‍കാത്ത മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയതാത്പര്യങ്ങള്‍. കശുവനടി വകുപ്പിനെയും അതിന്റെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും അപ്രസക്തമാക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
കശുവണ്ടി രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്സിക്കുട്ടിയമ്മയെയാണ്. യുഡിഎഫ് കാലത്ത് സിഐടിയു നേതാവ് എന്ന നിലയിലായിരുന്നു അഞ്ചു ലക്ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് ഇടയില്‍ മേഴ്സിക്കുട്ടിയമ്മ പ്രവര്‍ത്തിച്ചത്.
കശുവണ്ടി കോര്‍പ്പറേഷനില്‍ ആര്. ചന്ദ്രശേഖരന് നടത്തിയ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് അവര്‍ തെരഞ്ഞെടുപ്പു പ്രചാരണം ഉണ്ടായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇക്കാര്യത്തില്‍ സിപിഎം വിയര്‍ക്കുകയാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യനിലപാടുകളോട് കൊല്ലത്തെ സഖാക്കള്‍ക്ക് തീര്‍ത്തും വിയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയെ ഭയന്നാണ് പ്രതികരിക്കാന്‍ തയ്യാറാകാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. അച്യൂതാനന്ദന്റെ നിര്‍ബന്ധപ്രകാരമാണ് മേഴ്സിക്കുട്ടിയമ്മയ്ക്ക് സീറ്റ് ലഭിച്ചതും മത്സരിച്ച് വിജയിപ്പിച്ചപ്പോള്‍ മന്ത്രിയായതും. പി.കെ. ഗുരുദാസനെ വെട്ടിനിരത്തിയതിന് പാര്‍ട്ടിയിലെ മുറുമുറുപ്പ് തീര്‍ക്കാന്‍ പിണറായി വിജയന് തന്നെ ഒടുവില്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് മന്ത്രിസ്ഥാനം വച്ചുനീട്ടുകയായിരുന്നു.
എന്നാല്‍ മന്ത്രിയായശേഷം കശുവണ്ടിമേഖല മാത്രം ഇളക്കിമറിച്ചുള്ള പ്രവര്‍ത്തനമാണ് മേഴ്സിക്കുട്ടിയമ്മ ലക്ഷ്യം വച്ചത്. ഇത് പൂര്‍ണമായി ഫലം കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു കോര്‍പ്പറേഷനിലെ അഴിമതിയും തൊഴിലാളികളുടെ ദുരിതവും.
കശുവണ്ടി തൊഴിലാളികള്‍ക്ക് വലിയ അളവില്‍ വാഗ്ദാനപെരുമഴ നല്‍കിയാണ് 11 മണ്ഡലങ്ങളും ജില്ലയില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ വിജയിച്ചശേഷം സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഇത്രയും കാലം തൊഴില്‍ നല്കിയിട്ടുള്ളൂവെന്നതും വസ്തുതയാണ്. ഇതിനായി അഞ്ചുവര്‍ഷത്തിനിടെ നൂറ്റിയമ്പത് കോടി രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായവും ചെലവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: