കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിലപാട് തേടി വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). എഎംഎംഎ അംഗങ്ങളായ രേവതിയും പത്മപ്രിയയും ചേര്‍ന്ന് എഎംഎംഎ നേതൃത്വത്തിന് കത്തയച്ചു. മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ സംഘടന നിലപാട് വ്യക്തമാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ആക്രമിക്കപ്പെട്ട നടിക്കെതിരെ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം അപകടകരമാണ്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ എഎംഎംഎയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നു. ഇതില്‍ വൈസ് പ്രസിഡന്റ് കെ.ബി. ഗണേഷ്കുമാറിന്റെ പ്രതികരണത്തിലും നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുടെ അന്തസ് കളയുന്ന തരത്തില്‍ സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ പെരുമാറുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ ചോദിച്ചു.
പാര്‍വതിയുടെ രാജിക്ക് പിന്നാലെ തങ്ങളുടെ നിലപാട് തേടുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് എഎംഎംഎയുടെ നേതൃത്വത്തോടാണ്. ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം എഎംഎംഎയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്താന്‍ എഎംഎംഎയുടെ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: