മഹാകവി അക്കിത്തത്തിന്റെ ജീവിതത്തിന് സര്‍ഗാത്മകതയുടെ വിവിധ തലങ്ങളുണ്ട്. പ്രക്ഷേപണം ഒരു സാഹിത്യ ശാഖയാണോ എന്ന വിവാദം ശക്തമായിരുന്ന കാലത്ത് ആ ചോദ്യത്തിന് സര്ഗാത്മകമായിത്തന്നെയാണ് അക്കിത്തം ഉത്തരം നല്കിയതും. 1956ല്‍ കവി ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെത്തി സ്ക്രിപ്റ്റ് റൈറ്ററായി.
പില്ക്കാലത്ത് ആ തസ്തിക അസിസ്റ്റന്റ് എഡിറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്ക്കുള്ള രണ്ടു ദശകങ്ങള്‍, കോഴിക്കോട് ആകാശവാണിയുടെ ബൗദ്ധിക സാഹിത്യ സാംസ്കാരിക മണ്ഡലത്തില്‍ അക്കിത്തം ഉണ്ട്. പി.സി. കുട്ടികൃഷ്ണന് കൈകാര്യം ചെയ്തിരുന്ന സ്പോണ്‍സേഡ് വിഭാഗത്തില്‍-വാചിക വാങ്മയ വിഭാഗം എന്നാണ് പി.സി. ഈ വിഭാഗത്തെ ഓമനപ്പേരായി വിശേഷിപ്പിച്ചത്- നിലയത്തില്‍ പ്രക്ഷേപണാവശ്യത്തിനുള്ള കൃതികള്‍ എഴുതുക എന്നതാണ് അക്കിത്തം ചെയ്യേണ്ടിയിരുന്നത്. അത് പ്രഭാഷണമോ, ചര്‍ച്ചയോ ആവാം. നാടകമോ പാട്ടോ കഥയോ ആവാം. ചിത്രീകരണവുമാവാം. ഗദ്യമായാലും പദ്യമായാലും, സവ്യസാചിയുടെ കരവിരുതോടെ അക്കിത്തം ആ ധര്‍മം നിര്‍വഹിച്ചുപോന്നു.
അന്ന് ഗാന്ധി മാര്‍ഗ്ഗം എന്ന പരിപാടി ഉണ്ടായിരുന്നു. അത് വായിച്ചവതരിപ്പിച്ചതും അക്കിത്തം തന്നെ. ഒരു പ്രത്യേക ടോണില്‍ താളാത്മകമായ ആ വായന പലരും ഇന്നും ഓര്‍ക്കുന്നു. പ്രഭാഷകന്മാര് വന്നാല്‍ അത് ശബ്ദലേഖനം ചെയ്യണം. ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നേതൃത്വം കൊടുക്കണം. എഡിറ്റ് ചെയ്ത് പ്രക്ഷേപണം ചെയ്യണം. ആവശ്യമെങ്കില്‍ അഭിമുഖവും നടത്തണം. പാട്ടെഴുത്തും കവിതയെഴുത്തും, സംഗീതചിത്രീകരണ രചനയും തരം പോലെ നടന്നു, അക്കിത്തത്തിന്റേത് മാത്രമായ ശൈലിയില്‍. ലാളിത്യമാണ് മഹാകവി അക്കിത്തത്തിന്റെ റേഡിയോ എഴുത്തിന്റെ മുഖമുദ്ര. അവിടെ മഹാപണ്ഡിതനെയല്ല, സാമാന്യ ജനങ്ങളോട് സംവദിയ്ക്കുന്ന പ്രക്ഷേപകനെയാണ് കാണുക. ”അഞ്ചു നാടോടിപ്പാട്ടുകള്‍” എഴുതിയ അക്കിത്തത്തെയാണ് നാമവിടെ കാണുക
”നരവന്നാലെന്തുചേതം
ജരവന്നാലെന്തു ചേതം?..”
എന്നൊക്കെ എഴുതിയ അക്കിത്തം തന്നെയാണല്ലോ
”ഭ്രാന്തശാലയില്‍ വീണ്ടും ഹാ
വേദാന്തസൂര്യനുദിച്ചപ്പോള്‍
ശ്രീനാരായണ ബിംബം തന്നെ
ശ്രീശങ്കരബിംബം” എന്നും എഴുതിയത്. മറ്റൊരു ചിത്രീകരണത്തിനുവേണ്ടി
”ഇരുമ്പുകമ്പികളേ, ഭൂമിയില്‍
നടന്നു കൂടല്ലോ !
സിമന്റ് ചാക്കുകളേ ഭൂമിയില്‍
നടന്നുകൂടല്ലോ”
എന്നും കാണാം.
ഗാന്ധിമാര്‍ഗ്ഗവും തപാല്‍പ്പെട്ടിയും തയാറാക്കിയതും അക്കിത്തമായിരുന്നു.
അക്കിത്തത്തിന്റെ ”ബലിദര്‍ശനം” എന്ന കവിതയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഓണക്കാലത്ത് വിശേഷാല്‍ പരിപാടിയായി, നാടകോത്സവം, കഥവായനാ പരമ്പര, നാടന്‍ പാട്ടുത്സവം എന്നിങ്ങനെ പലതും അരങ്ങേറും. അക്കൊല്ലം വ്യത്യസ്തമായ ഒരു പരമ്പര വേണമെന്ന് പി.സി. കുട്ടികൃഷ്ണന് നിര്‍ബന്ധം. പി.സിയും കക്കാടും തിക്കോടിയനും എല്ലാം തീര്പ്പുകല്പിച്ചു. അതൊരു കവിതാ പരമ്പരയാവട്ടെ, അത് അക്കിത്തം എഴുതട്ടെ. അങ്ങനെ അക്കിത്തം എഴുതി ‘ബലിദര്‍ശനം’. അഞ്ചു ദിവസങ്ങളിലായി 15 മിനിട്ട് വായിക്കാവുന്ന ഒരു ദീര്‍ഘകവിത. അതൊരു പുസ്തകമാവുകയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമാവുകയും ചെയ്തു.
ആകാശവാണിയുടെ പഴയ കെട്ടിടത്തില്‍, വിശാലമായ ഹാളിലായിരുന്നു, പി.സി, അക്കിത്തം, കൊടുങ്ങല്ലൂര്‍, വിനയന്, സുശീല, വിജയരാഘവന് എന്നിവര്‍ ഇരുന്നത്. അവിടം എപ്പോഴും ശബ്ദായമാനമായിരിക്കും. അവിടെ ഇടശ്ശേരി, വി.കെ.എന്‍, പി. കുഞ്ഞിരാമന് നായര്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹാരഥരൊക്കെ കയറിയിറങ്ങുന്നത് ഞങ്ങള്‍ സാകൂതം നോക്കിനിന്നിട്ടുണ്ട്. തൊട്ടടുത്ത റൂമില്‍ നിന്ന് കക്കാടും തിക്കോടിയനും ചിലപ്പോള്‍ അവിടെയെത്തും. അന്നേരം ഒരു മഹാസമ്മേളനത്തിന്റെ പ്രതീതിയായി.
ഒരു ശ്രവ്യമാധ്യമമെന്നനിലയില് പത്രപ്രവര്‍ത്തനപരമായ എഴുത്താണ് ആകാശവാണിയിലേത് എന്നൊരു വാദമുണ്ടായിരുന്നു. അക്കിത്തം എന്നും അതിനെ നിരാകരിച്ചു. ആ എഴുത്തും ക്രിയേറ്റീവ് അഥവാ സര്‍ഗാത്മകമാണ് എന്നതായിരുന്നു ആ വാദം. പാട്ടായാലും ഫീച്ചറായാലും എഴുത്തുകാരന്റെ സര്‍ഗാത്മക രചനയാണ്. മനസ്സും, ബുദ്ധിയും ചിന്തയുമെല്ലാം അതില്‍ ദത്തശ്രദ്ധമാകണം. ആവശ്യമായ ഗവേഷണവും വേണം. എഴുതുന്ന കടലാസിന്റെ എണ്ണമല്ല. എന്തെഴുതുന്നു എങ്ങനെ എഴുതുന്നു എന്നതാണ് പ്രശ്നം. പ്രക്ഷേപണസാഹിത്യത്തെ രണ്ടാം കിട എന്ന വിലയിരുത്തല്‍ ശരിയല്ല എന്ന മതമായിരുന്നു അത്.
മഹാകവി അക്കിത്തത്തെപ്പോലെ സ്വപ്നസഞ്ചാരിയായ ഒരു കവി ഫയല്ക്കൂമ്പാരങ്ങളുമായി മല്ലിടുന്നതെങ്ങനെയാണ് എന്നായിരുന്നു സഹപ്രവര്‍ത്തകരായ ഞങ്ങളുടെ ആദ്യകാല സംശയം. എന്നാല്‍ അത്തരം ജോലികള്‍ അതിസമര്‍ത്ഥമായി അദ്ദേഹം നിര്‍വ്വഹിച്ചു. 1975ല്‍ അക്കിത്തത്തിന് എഡിറ്റര്‍ ആയി പ്രൊമോഷന് കിട്ടി. എഡിറ്റര്‍ തസ്തിക അന്ന് വയലും വീടും വിഭാഗത്തിലേ ഉണ്ടായിരുന്നുള്ളൂ. അന്ന് തൃശ്ശൂര്‍ നിലയത്തിലേ വയലും വീടും ഉള്ളൂ. അതിനാല്‍ തുടര്‍ന്നുള്ള സേവനകാലം തൃശ്ശൂരിലായി.
കാവ്യസാഹിത്യ മണ്ഡലത്തില്‍ ഏറെ പ്രശസ്തനായ ശേഷമാണ് മഹാകവി ആകാശവാണിയിലെത്തിയത്. അതുകൊണ്ട് നേട്ടമുണ്ടായത് ആകാശവാണി എന്ന സ്ഥാപനത്തിനാണ്. ആത്മാര്‍പ്പണമാണ് ആ എഴുത്തിന്റെ മുഖമുദ്ര. അന്നും ഇന്നും എന്നും സംഘാടകന്‍ എന്ന നിലയിലും അക്കിത്തം തിളങ്ങിയത് റേഡിയോ നിലയത്തില്‍ത്തന്നെ. ഉറൂബിനോടൊപ്പം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച തുഞ്ചന്‍ ദിനാഘോഷങ്ങളും കവി സമ്മേളനങ്ങളും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതല്ലാതെ ക്ഷണിക്കപ്പെട്ട സദസ്സുകള്‍ക്കു മുമ്പാകെ അവതരിപ്പിക്കാറുണ്ടായിരുന്ന കുടുംബാസൂത്രണപരവും വികസനോന്മുഖവുമായ ഒട്ടേറെ പരിപാടികള്‍ പഴമക്കാര്‍ക്ക് ഓര്‍മ്മയിലുണ്ടാകും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ അവ ഇന്നും ഏറെ പാ
ടുന്നുണ്ടാവും
”ബഹുജനഹിതായ
ബഹുജനസുഖായ”
ശ്രീധരനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: