എം. ശ്രീഹര്ഷന്
കോഴിക്കോട് നഗരം അക്കിത്തത്തിന് മാറ്റൊരു വീടായിരുന്നു. ദീര്‍ഘകാലം ആകാശവാണിയിലെ ഉദ്യോഗത്തിലിരുന്നപ്പോള്‍ ജീവിച്ച നഗരം. തപസ്യ അധ്യക്ഷനായ ശേഷം നിരവധിതവണ വന്നുപോയ്ക്കൊണ്ടിരുന്ന നഗരം. 1997 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ തപസ്യയുടെ ഇരുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെയൊണ്…”’ഇവിടെ നില്ക്കുമ്പോള് എന്റെ മുന്നില്‍ നിങ്ങള്‍ മാത്രമല്ല. ഈ ഭിത്തിയിലെ ചിത്രങ്ങളില്‍നിന്ന് ഇറങ്ങിവന്ന് കക്കാടും പൊറ്റെക്കാട്ടും ഉറൂബും വി.എം. നായരും അങ്ങിനെ ഒരുപാട് പേര് മുന്നിലിരിക്കുന്നതായി എനിക്കു തോന്നുന്നു. എത്ര തവണ പ്രസംഗിച്ച വേദിയിലാണ് ഞാന്‍ നില്‍ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സ്വന്തം കുടുംബത്തില്‍ എഴുന്നേറ്റുനിന്ന് സംസാരിക്കാന്‍ നിര്ബന്ധിതനാവുമ്പോഴുണ്ടാവുന്ന ഒരങ്കലാപ്പ് എനിക്കും ഉണ്ടാവുകയാണ്. ഇവിടെ വരുന്ന ഓരോ തവണയും ഉണ്ടാവുന്നതാണത്”.
തപസ്യയുടെ അധ്യക്ഷപദവി ഏറ്റെടുത്തശേഷം 1985 ഡിസംബറില്‍ കോഴിക്കോട്ട് അളകാപുരിയില്‍വച്ച് അക്കിത്തത്തിന് സ്വീകരണം ഏര്‍പ്പെടുത്തിയപ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍. എന്‍.എന്‍. കക്കാട്, തിക്കോടിയന്, എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ അക്കിത്തം വികാരാധീനനാവുകയായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുട്ടില്‍ തപസ്യയുടെ ആദ്യത്തെ പൊതുപരിപാടിയായി അതേ ഹാളില്‍വച്ച് വി.ടി. ഭട്ടതിരിപ്പാടിന്റെ സപ്തതി ആഘോഷം നടന്ന കാര്യം വി.എം കൊറാത്ത് അനുസ്മരിച്ചപ്പോഴായിരുന്നു അത്. താന്‍ സാംസ്കാരികജീവിതം തുടങ്ങിയത് വി.ടിയുടെ അനുയായിയായിട്ടാണ്. അതേ വി.ടിയുടെ അനുഗ്രഹത്താല്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവിയില്‍ താന്‍ ഇരിക്കുന്നത് കാലത്തിന്റെ നിയോഗമാവാം എന്നാണ് അക്കിത്തം അന്നു പറഞ്ഞത്.
കോഴിക്കോട്ടു വരുമ്പോള്‍ മിക്കപ്പോഴും അക്കിത്തം താമസിക്കാറ് പ്രശസ്തകവിയായ ആര്. രാമചന്ദ്രന്റെ വീട്ടിലായിരിക്കും. കോഴിക്കോട് തളി ഗായത്രി കല്യാണമണ്ഡപത്തില്‍വച്ച് 1986 ജൂലൈ മാസത്തില്‍ നടന്ന തപസ്യ സംസ്ഥാന പഠനശിബിരത്തില്‍ പ്രസംഗിച്ചു തുടങ്ങിയത് താന്‍ നിരവധി തവണ വന്നുതൊഴുത തളിക്ഷേത്രത്തിന്റെ സാംസ്കാരികപരിസരത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു. ഈ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു കല്ലുകാണാം. കാക്കശ്ശേരിക്ക് പട്ടത്താനമണ്ഡപത്തില് കയറാനുള്ള ചവിട്ടുപടിയായിരുന്നു അത്. അടിസ്ഥാനപരമായ വ്യക്തിസംസ്കരണത്തിലൂടെ ഒരു നാടിന്റെ അഭിമാനം കാക്കാന്‍ വളര്‍ത്തിയെടുക്കപ്പെട്ട വ്യക്തിയായിരുന്നു കാക്കശ്ശേരി. നമ്മുടെ ഭാരതത്തിന് പൊട്ടാത്ത ഒരു സാംസ്കാരികചരടുണ്ട്. തളിക്ഷേത്രത്തിലെത്തുന്ന ഒരു ഭക്തനെയും ഈ കല്ല് കാലത്തെ അതിജീവിക്കുന്ന ആ സംസ്കാരത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.
കോഴിക്കോടു നഗരത്തിലൂടെ കാല്‍നടയായി നടക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെടാറ്. എന്‍.വി. കൃഷ്ണവാരിയര്‍, ആര്. രാമചന്ദ്രന്, വി.എം. കൊറാത്ത്, ടി.എം.ബി. നെടുങ്ങാടി, പ്രൊഫ. കെ. ഗോപാലകൃഷ്ണന് എന്നിവരുമായും ആകാശവാണിയിലെ തന്റെ പഴയ സഹപ്രവര്‍ത്തകരായ തിക്കോടിയന്, കെ.എ. കൊടുങ്ങല്ലൂര്‍, പി. ചന്ദ്രശേഖരന് എന്നിവരുമായും സൗഹൃദം പങ്കിടുക തന്റെ കോഴിക്കോടന്‍ സന്തോഷങ്ങളിലൊന്നാണെന്ന് അക്കിത്തം പലപ്പോഴും പറയാറുണ്ടായിരുന്നു.
കെ.എ. കൊടുങ്ങല്ലൂര്‍ അന്തരിച്ചപ്പോള്‍ അക്കിത്തം എഴുതി: ‘ഒരു ദിവസം രാത്രി ഏഴു മണിക്കുശേഷം ഞങ്ങള്‍, ഞാനും കൊടുങ്ങല്ലൂരും കടപ്പുറത്തുനിന്ന് മൂന്നാം നമ്പര്‍ ബസ്സില്‍ കയറി മാനാഞ്ചിറ വന്നിറങ്ങി. ഒരു സിഗരറ്റ് കത്തിച്ചു വലിച്ചശേഷം കൊടുങ്ങല്ലൂര്‍ എന്റെ കൂടെ നടന്നെത്തി. വഴിവിളക്കിനു ചുവട്ടിലെത്തിയപ്പോള്‍ എന്റെ വായിലേക്ക് തന്റെ മൂര്‍ച്ചയുള്ള കണ്ണുകള്‍ രണ്ടും തിരുകിക്കൊണ്ട് കൊടുങ്ങല്ലൂര്‍ ചോദിച്ചു;മുറുക്കിയിട്ടില്ല അല്ലേ? ഇല്ല’ അപ്പോള്‍ ഞാനൂഹിച്ചതു ശരിയാണ്. ബസ്സിലെ കമ്പിയില്‍ തമ്മള്‍ തൂങ്ങി നില്ക്കുമ്പോള് നിങ്ങളാരോടോ മെല്ലെമെല്ലെ സംസാരിക്കുന്നുണ്ടായിരുന്നു. ശരിയാണ്, ഗുരുവായൂരപ്പനോട്. നാരായണനാമം. പിന്നെ വളരെനേരം ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചില്ല. കൊടുങ്ങല്ലൂര്‍ തിരിഞ്ഞുനിന്ന് എന്നെ ആലിംഗനം ചെയ്ത് വളരെനേരം കണ്ണടച്ച് നിന്നു. ജീവിതം നാരായണനാമജപാര്ച്ചനയായി അനുഷ്ഠിക്കുന്ന ഋഷിതുല്യമായ അദ്ദേഹത്തിന്റെ കവിമനസ്സ് ഒരേസമയം ഭൗതികമായ കൊച്ചുകൊച്ചു പ്രശ്നങ്ങളില്‍ വേവലാതി കൊള്ളുകയും ദാര്‍ശനികമായ നിസ്സംഗതയില്‍ നിമഗ്നനാവുകയും ചെയ്യാറുണ്ടായിരുന്നു.
കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തപസ്യയുടെ ആഭിമുഖ്യത്തില്‍ അക്കിത്തം നടത്തിയ ചരിത്രപ്രസിദ്ധമായ സാംസ്കാരികതീര്‍ത്ഥയാത്ര കോഴിക്കോട് നഗരത്തിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം പോയത്’ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്കായിരുന്നു. അവിടെ ബഷീറിന്റെ കാല്ക്കല് നമസ്കരിച്ചാണ് അക്കിത്തം ആദരവ് അര്‍പ്പിച്ചത്. അക്ഷരത്തിനു മുന്നില്‍ എന്നും ശിരസ്സുകുനിക്കാന്‍ തന്നെ പഠിപ്പിച്ചത് നാലാപ്പാടനാണെന്ന് അക്കിത്തം എപ്പോഴും സ്മരിക്കാറുണ്ടായിരുന്നു.
അക്കിത്തത്തിന്റെ സപ്തതി ആഘോഷം നടന്നത് കോഴിക്കോട്ടാണ്. 1996 മെയ് 17,18 തീയതികളിലായി നടന്ന ആ ഉത്സവത്തിന് കോഴിക്കോട്ടെ സാംസ്കാരികലോകം മുഴുവന്‍ ആതിഥേയരായി. എം.ടി. വാസുദേവന്‍നായര്‍, തിക്കോടിയന്, ഒ.എന്‍.വി, കെ.പി. നാരായണപിഷാരോടി, കുഞ്ഞുണ്ണിമാഷ്, എം.ജി.എസ് നാരായണന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പി. പരമേശ്വരന്, എന്‍.പി. മുഹമ്മദ്, പി. വത്സല, ഡി. വിനയചന്ദ്രന്, ചാത്തനാത്ത് അച്യുതനുണ്ണി, തെരുവത്ത് രാമന്, തുറവൂര്‍ വിശ്വംഭരന്, വി.എ. കോശവന്‍ നമ്പൂതിരി, കെ.വി. രാമകൃഷ്ണന്, പ്രൊഫ.കെ. ഗോപാലകൃഷ്ണന്, മേലത്ത് ചന്ദ്രശേഖരന്, പി.എം. നാരായണന് തുടങ്ങി വലിയൊരു താരസംഗമമായി ആ പരിപാടി.
കോഴിക്കോട് ജില്ലാകലക്ടറായിരുന്ന യു.കെ.എസ്. ചൗഹാന് അക്കിത്തത്തിന് സപ്തതി ഉപഹാരം സമര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത അക്കിത്തത്തിന്റെ ‘നിത്യമേഘം’ എന്ന കവിത ആലപിച്ചതും കൗതുകമായിരുന്നു. അക്കിത്തത്തിന്റെ കവിത എന്റെ ഗൃഹാതുരത്വമാണ് എന്നാണ് ഒ.എന്‍.വി പറഞ്ഞത്. സാഹിത്യലോകത്തെ സ്വപ്നം കണ്ടു നടന്ന തനിക്ക് മാതൃകയായത് അക്കിത്തമാണെന്ന് എം.ടി. വാസുദേവന്‍നായര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയ അക്കിത്തം ഇരുപത്തൊന്നാം നൂറ്റാണ്ടിനും സാക്ഷിയാവട്ടെയെന്ന് തിക്കോടിയന്. കാവ്യദേവതയുടെ പരിപൂര്‍ണ അനുഗ്രഹം സിദ്ധിച്ച കവിയാണ് അക്കിത്തമെന്ന് പിഷാരടി മാസ്റ്റര്‍. ഇത്രയധികം വൈവിധ്യമുള്ള ശീലികളില് കവിതയെഴുതുന്ന കവി വേറെയില്ലെന്ന് കുഞ്ഞുണ്ണി മാഷ്. ഭാഗവതം ഭാഷാന്തരീകരണം ചെയ്ത അക്കിത്തം കവിതകളിലെ അരവിന്ദദര്ശനമായിരുന്നു പി. പരമേശ്വരന് വിശകലനം ചെയ്തത്.
‘ഈശ്വരന് തന്നെയാണ് എനിക്ക് കവിത. ഓരോ കവിതയും വരയ്ക്കുമ്പോള്‍ ഞാന്‍ ഈശ്വരനെ അടുത്തറിയുന്നു. കുട്ടിക്കൃഷ്ണമാരാര് നല്കിയ ആത്മവിശ്വാസമാണ് എന്നെ കവിയാക്കിയത്. വേദം പഠിച്ചതുകൊണ്ടാണ് എന്റെ കവിതയില്‍ ആധ്യാത്മികയുണ്ടായത്. കവിതയെഴുതിക്കഴിഞ്ഞ് പിന്നെ വായിച്ചുനോക്കുമ്പോള്‍ ഇത് ഞാനെഴുതിയതാണോയെന്ന് അതിശയിക്കാറുണ്ട്. കേട്ടിരിക്കുന്നവര്‍ക്ക് കവിതയെ തൊട്ടറിയുന്ന അനുഭവമുണ്ടാവണമെന്നേ എഴുതുമ്പോള്‍ ചിന്തിക്കാറുള്ളൂ. എന്റെ ജാതകത്തില്‍ അറുപതിനപ്പുറം ജീവിതമില്ല. എന്നിട്ടും ഏതോ നിയോഗത്താല്‍ ഞാനിപ്പോഴും ജീവിക്കുന്നു. എന്റെയീ ഇഷ്ടനഗരത്തില്‍ നിങ്ങളുടെ സ്നേഹത്തിനു പാത്രമാവുന്നു’ തന്റെ കവിതയെയും ജീവിതത്തെയും കുറിച്ച് സപ്തതി നിറവില്‍ അക്കിത്തം അദ്ഭുതം കൂറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: