കോഴിക്കോട്: മലയാളസാഹിത്യത്തിലെ ഒരു യുഗാന്ത്യവും തപസ്യയെ സംബന്ധിച്ച് തീരാനഷ്ടവുമാണ് മഹാകവി അക്കിത്തത്തിന്റെ വേര്‍പാടെന്ന് തപസ്യ കലാസാഹിത്യ വേദി. മൂന്നര പതിറ്റാണ്ടുകാലമായി തപസ്യ എന്ന പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ് അക്കിത്തം. മലയാള കവിതയിലെ ഋഷിസാന്നിധ്യവും തപസ്യയിലെ ആചാര്യ സ്ഥാനവുമാണ് ഒരേസമയം നഷ്ടമായത്. വി.ടിയുടെയും ഇടശ്ശേരിയുടെയും ശിഷ്യനായി പൊന്നാനിക്കളരിയില്‍ ചുവടുറപ്പിച്ച് കവിതയില്‍ ആധുനികതയുടെ വെളിച്ചവും മാനവികതയുടെ തുടിപ്പും ആത്മീയതയുടെ നറുമണവും മലയാളത്തിന് സമ്മാനിച്ച ഋഷികവിയാണ് അക്കിത്തം.
തപസ്യ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം എക്കാലവും അക്കിത്തത്തിന്റെ ദാര്‍ശനികസത്തയായിരുന്നു. ഒരു നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. ഈ കലാസാഹിത്യ സംഘടനയ്‌ക്ക് തപസ്യ എന്ന് പേര് വന്നതും ഒരു നിയോഗമാണെന്ന് അക്കിത്തം വിശ്വസിച്ചു. തപസ്വികളുടെ, സാധകരുടെ കൂട്ടായ്മയായതു കൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഉദയം കൊണ്ട തപസ്യയുടെ ദൗത്യം എന്തെന്ന് തിരിച്ചറിയുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തത് മഹാകവിയുടെ ആദര്‍ശങ്ങളാണ്. ആ ആദര്‍ശങ്ങള്‍ സനാതനവും ശാശ്വതവുമാണ്. അദ്ദേഹത്തിന്റെ ഭൗതികമായ അസാന്നിധ്യം വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും തപസ്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അദ്ദേഹം കാഴ്ചവച്ച സനാതനമായ ആ ആദര്‍ശങ്ങളുടെ വെളിച്ചമുണ്ടെന്നും തപസ്യ കേന്ദ്രഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.
മഹാകവിയുടെ വേര്‍പാടില്‍ അക്ഷരമറിയുന്ന മുഴുവന്‍ മലയാളികള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള ദുഃഖത്തില്‍ തപസ്യയും പങ്കുചേരുന്നതായി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ്, രക്ഷാധികാരി ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷന്‍മാരായ കെ. ലക്ഷ്മി നാരായണന്‍, യു.പി. സന്തോഷ്, മുരളി പാറപ്പുറം, ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്‍. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സി.സി. സുരേഷ്, സംഘടനാ സെക്രട്ടറി കെ.പി. രവീന്ദ്രന്‍, ട്രഷറര്‍ സി. രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: