കൊച്ചി: ലൈഫ് മിഷന് കേസ് അന്വേഷണത്തില്‍ ഏര്‍പ്പെടുത്തിയ ഭാഗിക സ്റ്റേ അന്വേഷത്തിനു തടസമാണെന്ന് കാട്ടി ഹൈക്കോടതിയില്‍ സിബിഐയുടെ ഹര്‍ജി. വിഷയത്തില്‍ വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, ലൈഫ് മിഷന് അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. സിബിഐ എഫ്ഐആര്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയില്ല. അതേസമയം, വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും രേഖകളും സംബന്ധിച്ച് വിശദമായ വാദം ആവശ്യമാണെന്നു കണ്ട് ലൈഫ്മിഷന് സിഇഒ യു.വി. ജോസിനെതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ അന്വേഷണത്തിന് തടസമാണെന്ന് സിബിഐ പറയുന്നത്. യൂണിടാക് ബില്‍ഡേഴ്സ് എംഡി സന്തോഷ് ഈപ്പനടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയില്‍ സിബിഐ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി. ജോസും യൂണിടാക് എംഡി സന്തോഷ് ഈപ്പനും നല്കിയ ഹര്ജികളിലാരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: