ചെങ്ങന്നൂര്‍: ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പിനായി നാടൊരുമിക്കുമ്പോള്‍ സര്‍വ്വെ നടപടികള്‍ക്ക് കാലതാമസം. വിഷയത്തില്‍ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ള താല്പര്യം ഇല്ലായ്മയാണ് നടപടിക്രമങ്ങളെ ബാധിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മിസോറാം ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള അടക്കമുള്ള പ്രമുഖര്‍ നദിയുടെ വീണ്ടെടുപ്പിന് പിന്തുണ അറിയിച്ചിട്ടും പദ്ധതി അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നത്.
മുമ്പ് ആറിന്റെ അതിര്‍ത്തി നിര്‍ണയത്തിനു റവന്യൂവകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തങ്ങള്‍ക്ക് അളക്കാന്‍ കഴിയില്ലെന്ന് എഴുതിനല്‍കി അവര്‍ പിന്‍വാങ്ങി. 2012-ല്‍ ആറ് കൈയേറിയവര്‍ ഒഴിഞ്ഞുപോകണമെന്നുകാട്ടി റവന്യൂവകുപ്പ് നോട്ടീസ് നല്കി. പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. 2017 ഏപ്രില്‍ 17ന് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്ത സര്‍വേ 2018 മാര്‍ച്ച് 20ന് സമാപിച്ചു. 145 കൈയേറ്റം കണ്ടെത്തി. കൈയേറ്റക്കാര്‍ക്കു നോട്ടീസ്നല്കി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ നടപടി എടുക്കാന്‍ ചുമതലപ്പെടുത്തി. ഇതുവരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വെണ്മണി പുത്താറ്റിന്കരയില് നിന്നുത്ഭവിച്ച് ആലാ, ചെറിയനാട്, പുലിയൂര്, ബുധനൂര്‍ പഞ്ചായത്തുകളില്‍ കൂടി ഒഴുകി ബുധനൂര്‍ ഇല്ലിമലയില്‍ കുട്ടംപേരൂര്‍ ആറുമായി ചേരുന്ന നദി ഇന്നു പലയിടത്തും ഒഴുക്കു നിലച്ചു കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: