ഇടുക്കി: 2018ലെ പ്രളയകാലത്തിന് സമാനമായി സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ നിറയുന്നു. ജലം പാഴാക്കാതിരിക്കാന് കെഎസ്ഇബി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ നടക്കുന്ന ഓര്‍മയിലാണ് ജനങ്ങള്‍.
ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി. നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷം ഇനിയും രണ്ടാഴ്ചയോളം തുടരും. പിന്നാലെയാകും തുലാമഴയെത്തുക.
2018ല്‍ ജൂലൈ അവസാനത്തോടെ സംസ്ഥാനത്തെ മിക്ക സംഭരണികളിലും ജലശേഖരം 85% മുകളിലെത്തിയിരുന്നു. പിന്നാലെ മഴ കുറയുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ വലിയ പ്രളയത്തിലേക്കു നയിച്ചത്.
നിലവില്‍ ഇതേ സാഹചര്യത്തിന്റെ വക്കിലാണ് സംസ്ഥാനം. ഇടുക്കി, ഇടമലയാര്‍, കക്കി പോലുള്ള വലിയ സംഭരണികളെല്ലാം നിറയാറായ അവസ്ഥയിലാണ്. മഴ ശക്തമാകുകയും സംഭരണികള്‍ ഒരുമിച്ച് തുറക്കേണ്ടിയും വന്നാല്‍ സ്ഥിതി വഷളാകും.
എല്ലാം സംഭരണികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനിടയാക്കും. ഇടുക്കി, ഇടമലയാര്‍ സംഭരണികളാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127.5 അടിയിലെത്തി. തുലാമഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അതിവേഗം നിറയും. ഈ വെള്ളം എത്തുക ഇടുക്കിയിലേക്കാണ്.
അതേസമയം തുലാമഴയില്‍ കാര്യമായി ജലനിരപ്പ് ഉയരില്ലെന്നും റൂള്‍ ലെവല്‍ വച്ച് ഇടുക്കി അടക്കമുള്ള വലിയ സംഭരണികള്‍ തുറക്കുമെന്നുമാണ് കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ ഒരുമിച്ച് തുറക്കേണ്ടി വരികയും ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ ഉണ്ടായാല്‍ ലഭിക്കാവുന്ന ശക്തമായ മഴയും ഇവിടെ അവഗണിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം കൂടുതല്‍ ചുഴലിക്കാറ്റുണ്ടായത് തുലാമഴയിലാണ്. ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതാണ് തുലമഴയുടെ പ്രത്യേകത.
നിലവില്‍ 12 അടി കൂടി ജലമാണ് ഇടുക്കിയിലാകെ സംഭരിക്കാനാകുക. ഇടുക്കിയിലെ ഉത്പാദനം കൂട്ടിയെങ്കിലും മഴ ശക്തമായതിനാല്‍ ജലനിരപ്പ് സാവധാനം കൂടുകയാണ്. ഉത്പാദനം ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്തെ മൊത്തം ഉപഭോഗം കൊറോണമൂലം കാര്യമായി ഉയര്‍ന്നിട്ടില്ല. ഇതാണ് നിലവില്‍ ജലനിരപ്പ് കുറച്ച് നിര്‍ത്തുന്നതിനു തിരിച്ചടിയാകുന്നത്.
ഇടുക്കിയില്‍ ഒരു ദിവസം എട്ടടി വരെ വെള്ളം കൂടിയ സാഹചര്യം 2018-ല്‍ ഉണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ട് ഇടുക്കിയിലെ ജലനിരപ്പില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. എന്നാല്‍ മുമ്പും സമാനമായി ഇടുക്കി സംഭരണി അടക്കമുള്ളവ നിറയുന്ന സാഹചര്യങ്ങള്‍ തുലാമഴയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഇതുവരെ തുറക്കേണ്ടി വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: