അക്കിത്തത്തെ അച്യുതന്‍
അക്കിത്തത്തെ അച്യുതന്‍ നമ്പൂതിരി ഇന്നത്തെ അക്കിത്തമായി വളര്‍ന്ന വഴിക്ക് നൂറ്റാണ്ടിന്റെ നീളമുണ്ട്. അക്കിത്തം അങ്ങനെ വിലയിരുത്തുമ്പോള്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെഴുതിയ കവി മാത്രമല്ല, ഒരു ‘നൂറ്റാണ്ടിന്റെ ഇതിഹാസം’ തന്നെയാണ്. അത് ഭാരതത്തിന്റെ, കേരളത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹ്യ ചരിത്രവുമാണ്. ‘ഇതല്ല, ഇതല്ല’ എന്ന് അക്കിത്തവും ഒപ്പം ശതകോടി ജനങ്ങളും ചിന്തിച്ച് ചരിച്ച വഴികൂടിയാണ്. യുഗപ്പകര്‍ച്ചകള്‍ക്കൊപ്പം സഞ്ചരിച്ച ഈ ആള്‍ ഏറെ വ്യാപരിച്ച സാഹിത്യ മണ്ഡലത്തിലെ ഏറ്റവും വലിയ ബഹുമാനാദരമായ ജ്ഞാനപീഠ പുരസ്‌കാരത്താല്‍ സമ്മാനിതനാവുകയും ചെയ്തുവെന്നത്, ഈ 94-ാം വയസില്‍ അസാധാരണതയാണ്.
തനി നമ്പൂതിരി കുടുംബത്തില്‍ പിറവി; ഓത്തും യജ്ഞവും കര്‍മവും ജന്മിത്വവും അയിത്തവും ആചാരവും എല്ലാമെല്ലാം തികഞ്ഞ ഇല്ലത്ത്. പക്ഷേ, കാലത്തിന്റെ വിളിയും കളിയും അറിഞ്ഞ്, പരിഷ്‌കാരങ്ങളെ പരീക്ഷിച്ച്, പുരോഗമനമാര്‍ഗമെന്ന് ചിന്തിച്ച്, വഴികളിലും ഇടവഴികളിലും സഞ്ചരിച്ച്, കവിതയും കഥയും നാടകവും രചിച്ച്, അഭിനയവും കഴിച്ച്, ഔദ്യോഗിക ജീവിതം നയിച്ച്, രാഷ്‌ട്രീയ ജീവിതം ത്യജിച്ച്, വിപ്ലവത്തിലും ഗാന്ധിമാര്‍ഗത്തിലും ചരിച്ച്, ‘സര്‍വം നാരായണമയം’ എന്ന് സ്ഥിരീകരിച്ച് പുഞ്ചിരിച്ചിരിക്കുമ്പോള്‍ കവിതയിലും ജീവിതത്തിലും അക്കിത്തം നടന്നലഞ്ഞളന്ന വഴികള്‍ നെടുതാണ്.
ആകാശവാണിയില്‍ ഔദ്യോഗിക ജീവിതം, സാഹിത്യപ്രവര്‍ത്തനം, കുഞ്ഞുന്നാളില്‍ പരിചയിച്ച ഭാരതീയ ദര്‍ശനവും ആചാരപദ്ധതികളും ജീവിതവും തിരക്കിയുള്ള തിരിച്ചുപോക്ക്, ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആഭുമുഖ്യവും സമ്പര്‍ക്കവും, തപസ്യയുടെ തലപ്പത്തെത്തല്‍, ശ്രീമദ് ഭാഗവത വിവര്‍ത്തനം, ജ്ഞാനപീഠ പുരസ്‌കാര ലബ്ധി, വിശ്രാന്ത വിനീത കാലം… സഫല ജീവിതം ദിനംപ്രതി നീളുമ്പോള്‍, ആരും പറയും, കവിയുടെ വീട്ടുപേരുപോലെതന്നെ ‘ദേവായന’മാണ് ആ ജീവിതമെന്ന്; ദേവമാര്‍ഗത്തിലൂടെ…
ഗവേഷണ വിഷയം
അക്കിത്തംകവിതകളെക്കുറിച്ചും കാവ്യജീവിതത്തെക്കുറിച്ചും വന്നിട്ടുള്ള പഠനങ്ങളും വിശകലനങ്ങളും എഴുത്തുകളും നോക്കുമ്പോള്‍ കവിയുടെ ജീവിതവഴികളെക്കുറിച്ച് പറഞ്ഞിട്ടുള്ളവ കുറവാണ്. ഇല്ലെന്നല്ല, പല പ്രമുഖ കവികളേയും കുറിച്ചുവന്നിട്ടുള്ളത്ര ഇല്ല. ഗവേഷണ വിഷയംപോലുമാക്കാവുന്നതാണ് അക്കിത്തം ജീവിതവഴി. കാരണം ഒരു നൂറ്റാണ്ടിന്റെ ഇതിഹാസമാണ് ആ ജീവിതം. അക്കിത്തം കടന്ന, നടന്ന, പടര്‍ന്ന സാമൂഹ്യ-രാഷ്‌ട്രീയ വഴികളെക്കുറിച്ചാണ് അതുകൊണ്ടുതന്നെ ഇവിടെ ചിന്തിക്കുന്നത്.
സംഭവ ബഹുലം എന്ന് ചിലരുടെ ജീവിതത്തെ വിശേഷിപ്പിക്കാറുണ്ട്. അക്കിത്തംജീവിതത്തെ സങ്കീര്‍ണ ബഹുലം എന്ന് വേണം പറയാന്‍. 1925ലാണ് ജനനം. നിസ്സഹകരണ പ്രസ്ഥാനത്തിലെത്ത.ി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലം. ആ വര്‍ഷമാണ് കാണ്‍പൂരില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുന്നത്. നാഗ്പൂരില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) രൂപം കൊണ്ടതും ആ വര്‍ഷം; അക്കിത്തത്തിന്റെ ജനന-ജീവിത കാലത്തെ രാഷ്‌ട്രീയ പശ്ചാത്തലം പറഞ്ഞുവെന്നുമാത്രം.
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം, അതിനെതിരേ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ ലബ്ധി, ഭാരത സര്‍ക്കാര്‍, ഭരണഘടന, ഐക്യ കേരളപ്പിറവി, പൊതു തെരഞ്ഞെടുപ്പ്, കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, സായുധ സമരം, അടിയന്തരാവസ്ഥ, കോണ്‍ഗ്രസ് ഇതര ഭരണം, കൂട്ടുകക്ഷി ഭരണം, വീണ്ടും ഒറ്റക്കക്ഷി ഭരണം… അങ്ങനെ രാഷ്‌ട്രീയ സാമൂഹ്യ സാഹിത്യ രംഗത്തെ സംഭവ പരമ്പരകളിലൂടെ കടന്നു പോകുന്ന അക്കിത്തം, യൗവനത്തിലേ ഋഷിതുല്യമായ പ്രവചനങ്ങള്‍ കവിതാ കര്‍മ്മത്തിലൂടെ നടത്തിയെന്നതാണ് വലിയ പ്രത്യേകത. ആ പ്രവചനങ്ങള്‍ക്കടിസ്ഥാനം അറിഞ്ഞതോരോന്നും തിരിച്ചറിഞ്ഞ്, ഇതല്ല, ഇതായാല്‍ പോരാ എന്ന് തിരഞ്ഞലഞ്ഞതുതന്നെയാണ്.
പൈതൃകവഴി വിട്ട്
കുട്ടിക്കാലത്തെ കവിതയെഴുത്തും കുമ്മായച്ചുവരിലെ കരിവരയും മറ്റും നില്‍ക്കട്ടെ. കോളെജ് വിദ്യാഭ്യാസകാലത്തെ അക്കിത്തം നാട്ടില്‍ അവധിക്കാലത്തു വരുന്നതിനെക്കുറിച്ച് അനുജന്‍ അക്കിത്തം നാരായണന്‍ എഴുതിയിട്ടുണ്ട്; അച്ഛന്റെ ഇച്ഛയ്‌ക്ക് വിരുദ്ധമായി, പാന്റിട്ട്, കുടുമ മുറിച്ച്, തല കുറ്റിയായി ക്രോപ്പ്‌ചെയ്ത്, പൂണൂല്‍ ഊരിക്കളഞ്ഞ്, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ‘അനാചാരങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച’ ചേട്ടനെക്കുറിച്ച്. കാതുകുത്തല്‍, ഉപനയനം, സമാവര്‍ത്തനം, ഇവയെല്ലാം ‘ഓട്ടോമാറ്റ് പോലെ’ അനുഷ്ഠിച്ചുപോന്ന ഉണ്ണികളും ആദ്ധ്യാത്മിക വൈദിക ലോകത്തായിരുന്ന അച്ഛനും അതിനിടയില്‍ ഈ പരിഷ്‌കാരിയായ ചേട്ടനും… യുവാവായ അക്കിത്തത്തിന്റെ ലോകത്തെ ഈ സങ്കീര്‍ണാവസ്ഥകള്‍ സങ്കല്‍പ്പിക്കുന്നത് 70 വര്‍ഷം മുമ്പത്തെ കേരള കാലത്തുനിന്ന് വേണമെന്ന് ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.
മകന്‍ അക്കിത്തം വാസുദേവന്‍ അക്കിത്തം ജീവിതത്തെക്കുറിച്ച് കുറച്ചുകൂടി സൂക്ഷ്മ മായി ഇങ്ങനെ നിരീക്ഷിക്കുന്നു: ”അച്ഛന്റെ വിശ്വാസങ്ങളിലും ചിന്താരീതികളിലും ഒരുതരം കൗണ്ടര്‍ പോയിന്റുകള്‍ എന്നും നിലനിന്നിട്ടുണ്ട്. ഒരുതരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ അതിനു വിപരീതമായി ചിന്തിക്കുന്ന, അവനവനെത്തന്നെ ചോദ്യംചെയ്യുന്ന ഒരു ശീലം.” അക്കിത്തത്തിന്റെ നവതിക്ക് ജീവചരിത്രം (അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി) തയാറാക്കി സമര്‍പ്പിച്ച വടക്കുമ്പാട് നാരായണനും പറയുന്നു, ”ഏറെ സങ്കീര്‍ണമെന്നു തോന്നാവുന്ന, വിലയിരുത്തുന്നവരെ അതിശയിപ്പിക്കുന്ന വിവിധ ഘട്ടങ്ങള്‍ കടന്നതാണ് അക്കിത്തം ജീവിതം” എന്ന്.
അക്കിത്തം ഇരുപതാം വയസില്‍ ഉണ്ണിനമ്പൂതിരി എന്ന മാസികയുടെ പ്രസാധകനായി. 1946 ആയിരുന്നു. അത്. അതിനു ശേഷം യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം എന്നിവയില്‍ ഉപപത്രാധിപരുമായി. ‘ഉണ്ണിനമ്പൂതിരി’ കാര്‍ട്ടൂണ്‍ കഥാ പുസ്തകമായിരുന്നില്ലെന്നോര്‍ക്കണം. സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സമുദായ പരിഷ്‌കരണത്തിന്റെ ഭാഗമായ അതിവിപ്ലവ ആശയങ്ങള്‍, എതിര്‍പ്പുകള്‍ അതിജീവിച്ച് അച്ചടിച്ച് വിതരണം ചെയ്തിരുന്ന മാസിക. സ്വസമുദായ സമൂഹത്തില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പുകള്‍ അതിജീവിച്ചായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍. അക്കിത്തം ആ കാലത്തെക്കുറിച്ച്, പലവഴിയില്‍ അദ്ദേഹത്തിന് ഗുരുവായ വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രയോഗം ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത് ‘തുലാക്കാറ്റുപോലെ ഒരു തലമുറ എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ത്തെറിഞ്ഞ് മുന്നോട്ടുകുതിച്ച കാലം’ എന്നാണ്.
രണ്ടാം വിപ്ലവം
അക്കാലം അക്കിത്തത്തിന്റെ ജീവിതത്തിലെ രണ്ടാം വിപ്ലവവഴിത്തിരിവായിരുന്നു. ആദ്യത്തേത് ഓത്തുപഠിത്തത്തിന്റെ ഇല്ലത്തളം വിട്ട് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ കുടുമ മുറിച്ച് കോളേജിലേക്ക് പോയതാണ്. വിടി ആയിരുന്നു ഗുരുവെന്ന് പറഞ്ഞല്ലോ. അതേക്കുറിച്ചും അക്കിത്തം പറയുന്നുണ്ട്: ‘വിടി ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. വിടിയില്‍ പൂര്‍ണത പ്രാപിച്ച നമ്പൂതിരിവിപ്ലവത്തിന്റെ ത്യാഗാത്മകമായ മനോഭാവം എന്നെ പുതിയൊരു മനുഷ്യനാക്കി.’ വിടി ക്ക് നമ്പൂതിരി നന്നാവണമെന്നായിരുന്നില്ല, നമ്പൂരിയെ മനുഷ്യനാക്കണമെന്നുമായിരുന്നില്ല, ‘മനുഷ്യന്‍ നന്നാവണമെന്നായിരുന്നു മോഹ’മെന്ന് അക്കിത്തം പറയുന്നു. അത് അക്കിത്തം മനസിലാക്കി.
വിടി നമ്പൂതിരി സമുദായത്തില്‍ നടത്തിയ പരിഷ്‌കരണങ്ങളില്‍ ധിവേദ നിരോധം, ഘോഷാ ബഹിഷ്‌കരണം, വിധവാ വിവാഹ പ്രോത്സാഹനം, മിശ്ര വിവാഹ പ്രോത്സാഹനം, മിശ്ര ഭോജനം, ജാതിരഹിത കോളനിയുണ്ടാക്കല്‍, യാചനായാത്ര തുടങ്ങിയ വിപ്ലവങ്ങള്‍ ഉണ്ടായിരുന്നു. അതിലെല്ലാം അക്കിത്തവുമുണ്ടായിരുന്നു. അന്നു സഞ്ചരിച്ച വഴികളില്‍നിന്ന് മാറിയായിരുന്നു പില്‍ക്കാല സഞ്ചാരമെങ്കിലും ജീവിതത്തില്‍ അന്നത്തെ പാഠങ്ങള്‍ അനുഷ്ഠിക്കാന്‍ അക്കിത്തം മറന്നില്ല. അവിടെയാണ് മഹത്വം. അറിഞ്ഞ തിലെ നന്മകള്‍ സ്വീജവിതത്തില്‍ അനുഷ്ഠിക്കുന്നതാണല്ലോ ഗുരുത്വം. സമുദായത്തില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിച്ച അദ്ദേഹം അനുജന്റെയും പില്‍ക്കാലത്ത് ഒരു മകന്റെയും മകളുടെയും വിവാഹം സമുദായവും കടന്നായപ്പോള്‍ അനുകൂലിച്ചു.
‘ഇതല്ല, ഇതല്ല’ എന്ന തിരിച്ചറിവ്, ”നേതി നേതീതി വാകൈ്യര്യ, ബോധ്യതേ സകലാമൈഃ…” വലിയ പാഠങ്ങളിലേക്ക് നയിക്കും. കുട്ടിക്കാലത്ത് പാരമ്പര്യവഴിയില്‍ത്തന്നെയായിരുന്നു സഞ്ചാരം. ഓത്തും വേദവും പഠിച്ചു. അങ്ങനെ ഋഗ്വേദം പഠിക്കുമ്പോള്‍ വെറും മനപ്പാഠമാക്കലിനും ഈണവും താളവും ഒപ്പിക്കലിനും അപ്പുറം ചിന്തിക്കാന്‍ ശേഷിയുണ്ടായിരുന്നത് വിനിയോഗിച്ചു. അങ്ങനെ
”സമാനീ വ ആകൂതിഃ
സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മനോ
യഥാഃ വഃ സുസഹാസതി ” എന്ന ഋഗ്വേദ സൂക്തം (10:191:4) ഹൃദയത്തില്‍ കയറി. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ ഒരുപോലെയാകട്ടെ, നിങ്ങളുടെ ഹൃദയങ്ങള്‍ ഒന്നുചേരട്ടെ, മനസുകള്‍ സമാനമായിത്തീരട്ടെ. അതില്‍നിന്ന് നിങ്ങള്‍ ഒന്നായിത്തീരട്ടെ എന്ന് ഏകദേശ അര്‍ഥം. വീട്ടിലെ ഗ്രന്ഥപ്പുരയാണ് അര്‍ഥം പിന്തുടരാന്‍ അക്കിത്തത്തെ സഹായിച്ചത്- വള്ളത്തോളിന്റെ ഋഗ്വേദ പരിഭാഷ.
ഗാന്ധിയില്‍, മാര്‍ക്‌സില്‍
വേദത്തോടൊപ്പം സമാന്തരമായി, പല വഴികളില്‍ സഞ്ചരിച്ച മനസ്, സഖാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സോഷ്യലിസത്തെക്കുറിച്ചുള്ള വിവരണവും സി. അച്യുതമേനോന്റെ സോവ്യറ്റ് വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വായിച്ചറിഞ്ഞു. അങ്ങനെ സമത്വവും സകല സാഹോദര്യവും സംബന്ധിച്ച കാള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ പരിചയപ്പെട്ടു. ആ കാഴ്ചപ്പാടിന് മഹര്‍ഷി അരവിന്ദന്റെയും മറ്റും കാഴ്ചപ്പാടുകളോട് ചാര്‍ച്ച തോന്നിപ്പിച്ചു. ഋഗേ്വദത്തിന്റെ ആശയം നടപ്പാക്കുന്നയാളെന്ന് മാര്‍ക്‌സിനെ തിരിച്ചറിഞ്ഞ് ആ വ്യക്തിയുടെ കാഴ്ചപ്പാടില്‍ ആകൃഷ്ടനായി. അതെ, മുമ്പു പറഞ്ഞപോലെ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍, ‘ഇതല്ലിതല്ലെ’ന്ന് പറഞ്ഞുകൊണ്ടേ അലയുകയായിരുന്നു അക്കിത്തം ആ യൗവനകാലത്തുതന്നെ.
അക്കിത്തത്തിന് മറ്റൊരു തിരിച്ചറിവ് ‘ടീനേജി’ലായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസാകുക എന്നാല്‍ സ്വരാജ്യ നിര്‍മാണത്തിന്റെ ഭാഗമാകുകയായിരുന്നു. ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയല്ലായിരുന്നു അത്. അങ്ങനെ പൊന്നാനി താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാലണ മെമ്പറായി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942-ല്‍ ക്വിറ്റിന്ത്യാ സമര പ്രഖ്യാപനം വന്നു; ഗാന്ധിജിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ഥിയായ അക്കിത്തം കറുത്ത ബാഡ്ജ് ധരിച്ച സ്‌കൂള്‍ വിട്ടിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ കുട്ടികളും. പില്‍ക്കാലത്ത് രാഷ്‌ട്രീയ ചിന്തയില്‍ മാറ്റം വന്നുവെങ്കിലും ഗാന്ധിയും ഗാന്ധിസവും ഹൃദയത്തില്‍ കയറിപ്പറ്റി. നാലാം വയസില്‍, ഗാന്ധിജി അയല്‍പ്രദേശമായ പട്ടാമ്പിയില്‍ വന്നത് അക്കിത്തത്തെ ആകര്‍ഷിച്ച സംഭവമായിരുന്നു.
അങ്ങനെ തേടിത്തേടിയുള്ള യാത്രയില്‍ അക്കിത്തം കമ്യൂണിസ്റ്റായി. അത് മറ്റൊരു വിപ്ലവ മാറ്റം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ യോഗക്ഷേമ സഭയില്‍ സക്രിയനായി. സമ്മേളനങ്ങളില്‍ പങ്കെടുത്തു. സമുദായ പരിഷ്‌കരണത്തിനിറങ്ങിത്തിരിച്ച വി.ടി. ഭട്ടതിരിപ്പാട്, എംആര്‍ബി, ഇഎംഎസ്, കെപിജി, പ്രേംജി, ഒളപ്പമണ്ണ തുടങ്ങിയവരുമായി മികച്ച ബന്ധമുണ്ടാക്കി. സഭയുടെ വര്‍ക്കിങ് പ്രസിഡന്റായി ഐ.പി.സി. നമ്പൂതിരിപ്പാടായിരുന്നു. അക്കാലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ്. അക്കിത്തത്തിന്റെ അദ്ദേഹത്തോടുള്ള അടുപ്പം അക്കിത്തത്തെ കമ്യൂണിസ്റ്റാക്കി.
അക്കിത്തത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വക്കാര്‍ഡ് നല്‍കാന്‍ പാര്‍ട്ടി രണ്ടുതവണ തയാറായി. പക്ഷേ അക്കിത്തം നിരസിച്ചു. 25 വയസുള്ളപ്പോള്‍, 1950-ല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തൃത്താല താലൂക്കില്‍ മത്സരിക്കാന്‍ പാര്‍ട്ടി നല്‍കിയ അവസരവും അക്കിത്തം തള്ളി. രാഷ്‌ട്രീയത്തില്‍ പരാജയപ്പെടുമെന്നും പക്ഷേ, കവിതയിലാണെങ്കില്‍ വിജയിക്കുമെന്നും അച്ഛന്‍ പറഞ്ഞതാണ് ഒരു കാരണമായി അക്കിത്തം പറയുന്നെങ്കിലും ‘ഇതല്ല, ഇതല്ല’ എന്ന ഉള്‍വിളിതന്നെയായിരിക്കണം യഥാര്‍ഥ കാരണം. അക്കിത്തം സാക്ഷാല്‍ ഇഎംഎസിന്റെ സെക്രട്ടറിയായിരുന്നു കുറച്ചുകാലം. ഇഎംഎസിന്റെ ആത്മകഥയുടെ കേട്ടെഴുത്തുകാരനുമായിരുന്നു ഏതാനും നാള്‍. യോഗക്ഷേമ സഭയിലെ പ്രവര്‍ത്തനകാലം മുതലുള്ള അവര്‍ തമ്മിലുള്ള ബന്ധം അവസാന കാലം വരെ തുടര്‍ന്നു. പക്ഷേ, അക്കിത്തം കമ്യൂണിസത്തില്‍ ഏറെനാള്‍ തുടര്‍ന്നില്ല.
അവിടെയും പോരായ്മ
എങ്ങും സ്ഥിരമായി നില്‍ക്കാത്ത ചിലരുടെ ശീലംകൊണ്ടായിരുന്നില്ല അത്. ഇതിനുമപ്പുറം ഉണ്ട് എന്നും അത് കണ്ടെത്തണമെന്നുമുള്ള ശീലമായിരുന്നു കാരണം. വര്‍ഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി-കര്‍ഷക ഐക്യനിര കെട്ടിപ്പടുത്ത് ആ നേതൃത്വത്തില്‍ പോരാടിവേണം മര്‍ദിത ജനവിഭാഗങ്ങള്‍ക്ക് മോചനം നേടിക്കൊടുക്കാനെന്ന ചിന്തകള്‍ പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന്റെ പ്രായോഗിതയില്‍ അക്കിത്തം പോരായ്മ കണ്ടു. കമ്യൂണിസം നടപ്പിലാക്കേണ്ടത് ബലപ്രയോഗമില്ലാതെയാകണമെന്ന ആശയം കമ്യൂണിസ്റ്റ് സാഹിത്യങ്ങളിലേ ഉള്ളുവെന്നും തിരിച്ചറിഞ്ഞു. ‘സമാനഃ’ എന്ന വേദ മന്ത്ര പാഠവും കാള്‍ മാര്‍ക്‌സിന്റെ സിദ്ധാന്ത സങ്കല്‍പ്പങ്ങളും ‘സമാന’മെന്ന് ചിന്തിച്ച അക്കിത്തത്തിന് ‘നിരുപാധികമായ സ്‌നേഹം’ എന്ന പ്രമാണം അതിനകം ജീവവായുപോലെയായി.
പി.എം. നാരായണനുമായുള്ള അഭിമുഖത്തില്‍ അക്കിത്തം വിശദീകരിക്കുന്നതിങ്ങനെ: ”നിരുപാധികമായ സ്‌നേഹം എന്നു പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് അഖണ്ഡമായ വികാസമെന്നാണ്. പ്രണവത്തിന്റെ അഖണ്ഡമായ വികാസമാണ് ഇന്നുകാണുന്ന പ്രപഞ്ചം മുഴുവനും.” (‘നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകിതേ സത്യം ഇതു ശീലിക്കല്‍ ധര്‍മവും’ എന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍, ‘സത്യം ശിവം സുന്ദരം’ എന്ന ശാശ്വത സങ്കല്‍പ്പത്തെക്കുറിച്ച് അക്കിത്തം എഴുതി. ‘വിശ്വദര്‍ശനം’ നടത്തിയ കവി ജി. ശങ്കരക്കുറുപ്പിന്റെ ‘വന്ദനം സനാതനാനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദികന്ദമാം പ്രഭാതമേ’ എന്ന സംബോധനയും ചേര്‍ത്തുവെക്കുക). അങ്ങനെ പ്രണവവും പ്രപഞ്ചവും വികാസവും തേടിയുള്ള യാ്രതയില്‍ അക്കിത്തം പിന്നെയും കമ്യൂണിസത്തില്‍നിന്ന് മുന്നോട്ടുപോയി; നേതി, നേതി എന്നു ജപിച്ചുകൊണ്ട്.
വിഷ്ണുനാരായണന്‍ നമ്പൂതിരി
കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സഞ്ചാര പഥങ്ങള്‍ക്ക് അക്കിത്തം വഴികളുമായി ചില സാജാത്യങ്ങളുള്ളത് ഓര്‍മ വരുന്നു. ഇല്ലത്തു ജനിച്ച്, ഓത്തും വേദമന്ത്രങ്ങളും ധ്വനിപ്പിച്ച് തുടങ്ങിയ ജീവിതം മറ്റൊരു വഴിയില്‍ ചരിച്ച്, ഇംഗ്ലീഷ് പ്രൊഫസറായി, പരിഷ്‌കാര വിപ്ലവം വരുന്നത് ചുവപ്പന്‍ പാതയിലൂടെയെന്ന് ധരിച്ച് ഏറെക്കാലം ആ വഴിയിലൂടെ അദ്ദേഹവും നടന്നു. പിന്നീട് വാസ്തവം തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെയും ‘കരളിലെ അമ്പിളി കെട്ടു’ പോയി. ഉള്ളില്‍ സൂര്യന്‍ ഉദിച്ചു. നിലാവും പൊലിച്ചു. അങ്ങനെ പൈതൃകത്തിലേക്ക് മടങ്ങി. തിരുവല്ലഭന് അര്‍ച്ചനചെയ്ത് പ്രതീകാത്മകമായി ലക്ഷ്യത്തിലേക്കുള്ള ശരിമാര്‍ഗത്തില്‍ അദ്ദേഹവും തരിച്ചുനടന്നു.
അക്കിത്തത്തിന്റെ നടപ്പാതയെക്കുറിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരി ഇങ്ങനെ പറയുമ്പോള്‍, അക്കിത്തം സഞ്ചരിച്ച കനല്‍പ്പാതയുടെ ചൂട് നാം അറിയുന്നു:
”മതമെന്താകിലുമാട്ടേ മനുജാത്മാവേ!
കരഞ്ഞിരിക്കുന്നേന്‍:
നിരുപാധികമാം സ്‌നേഹം നിന്നില്‍-
ക്കിളിര്‍ന്നു പൊന്തട്ടേ!” എന്ന സരളമായ പ്രാര്‍ഥനയില്‍ തന്റെ ദര്‍ശന സാരാംശം ഋഷിനിര്‍വിശേഷമായ ഗൗരവത്തോടെ അക്കിത്തം നിവേദിച്ചിരിക്കുന്നു. എന്നാല്‍, ആ ‘നിരുപാധികമാം സ്‌നേഹ’ത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. അത് ‘ബലമായി വരും ക്രമാല്‍’ എന്ന് മനസിലാക്കിയത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല. അതിനൊരു പശ്ചാത്തലമുണ്ട്. യോഗക്ഷേമ സഭയിലും സ്വാതന്ത്ര്യസമരത്തിലും തുടര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച്, അവയെല്ലാം എപ്രകാരമാണ് മനുഷ്യനെ അവന്റെ ആത്യന്തികവും യാഥാര്‍ഥ്യവുമായ സമസ്യയില്‍നിന്ന് വഴിതെറ്റിക്കുന്നത് എന്ന് ഈ കവി ഉഷ്ണിച്ചറിഞ്ഞിട്ടുണ്ട്. ക്ലിഷ്ടവും ഭീഷണവുമായ ആ അറിവിന്റെ യാത്രയാണ് ‘ഇരുപതാം നൂറ്റാണ്ടിലെ’ മനുഷ്യന്റെ സത്യമായ ‘ഇതിഹാസം’ എന്ന് പേരിട്ട് അക്കിത്തം അവതരിപ്പിച്ചിട്ടുള്ളത്.
”കരഞ്ഞുചൊന്നേന്‍ ഞാനന്നു
ഭാവിപൗരനൊടിങ്ങനെ:
വെളിച്ചം ദുഃഖമാണുണ്ണീ!
തമസ്സല്ലോ സുഖപ്രദം” എന്ന മരവിപ്പിക്കുന്ന അവബോധത്തില്‍നിന്ന് നെടിയ തപസിലൂടെ ഇദ്ദേഹം ഉണര്‍ന്നെണീറ്റത് ആര്‍ഷ ജ്ഞാനത്തിന്റെ പ്രസാദമധുരമായ പ്രഭാതകാന്തിയിലാണ്. പിന്നീടദ്ദേഹത്തെ നമ്പൂതിരിശങ്ക തീണ്ടിയിട്ടേ ഇല്ല.
അക്കിത്തമെഴുതിയ ‘പൂണൂല്‍ക്കാരുടെ ചരിത്രം’ എന്നൊരു കവിതയുണ്ട്. കവിതയില്‍ ഒരു ഓണക്കാലത്തെ നമ്പൂരിയില്ലത്തെക്കുറിച്ചാണ്. ചില ദൃശ്യങ്ങളാണ്. ആകാശവാണിയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ കേള്‍പ്പിക്കേണ്ടതെങ്ങനെയെന്ന് നേടിയ പരിചയം അക്കിത്തംകവിതകളിലെല്ലാമുണ്ടെന്നത് ശ്രദ്ധേയമാണല്ലോ. പറഞ്ഞു കേള്‍പ്പിക്കുകയല്ല, പറഞ്ഞു കാണിക്കുകയാണ് അദ്ദേഹം. പൂണൂല്‍ക്കാരുടെ ചരിത്രത്തില്‍ പല ദൃശ്യങ്ങള്‍ നിരത്തുന്നത് രണ്ടവസ്ഥകള്‍ ശ്രദ്ധയില്‍ പെടുത്താനാണ്. ആ ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി അത്രമാത്രം മുഴക്കമുള്ള ശബ്ദ സാന്നിധ്യം പശ്ചാത്തലത്തില്‍ ചേര്‍ത്തതും അവ കൂടുതല്‍ ശ്രദ്ധയില്‍ പതിയാനാണ്. രണ്ട് വന്‍ തകര്‍ച്ചകളുടെ കാഴ്ചയാണത്. അക്കിത്തത്തിന്റെ ജീവിതയാത്രയുടെ ഗതിമാറ്റത്തെക്കുറിച്ച് മറ്റൊരു പൂണൂല്‍ക്കാരന്‍ കവി പറഞ്ഞതിന്റെ കവിതാ ചിത്രമാണത്.
ഓണക്കാലത്ത് പൂമുഖത്ത് എല്ലാവരും ചേര്‍ന്നിരുന്നു ഉച്ചതിരിഞ്ഞുള്ള വെടിവട്ടമാണ് കവിതയില്‍. ചിലര്‍ മുറുക്കുന്നു, ചീട്ടുകളിക്കുന്നു, അടുക്കള ഭാഗത്ത് പെണ്ണുങ്ങളും പെണ്‍കുട്ടികളും ഓണക്കിളികളെപ്പോലെ കലപില കൂട്ടുന്നു. ഓണസദ്യയും പാട്ടും ഒക്കെയായി മേളം. അപ്പോഴാണ് ഒരു ശബ്ദഘോഷം-
ഇന്‍…ക്വിലാബ് സിന്ദാബാദ്,
ഇന്‍…ക്വിലാബ് സിന്ദാബാദ്,
വി… പ്ലവം ജയിക്കട്ടെ,
വി… പ്ലവം ജയിക്കട്ടെ…. അപ്പോള്‍ ഓടിയും പാടിയും നടക്കുന്ന പെണ്‍കുട്ടിമുതല്‍ മുത്തശ്ശിവരെ ആ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് ഓടുന്നു, എന്തെന്നറിയാന്‍. അപ്പോള്‍ മുറ്റത്തെ ചീട്ടുകളിക്കാരുടെ പ്രതികരണം അക്കിത്തം വിവരിക്കുന്നതിങ്ങനെയാണ്. ‘ആരോ പകിടകളിക്കുന്നതിനിടെ ആര്‍പ്പിടുന്നതാണ്, താന്‍ ചീട്ടിറക്കൂ. ക്ലാവറെത്താനല്ലേ മുമ്പൊന്നു വെട്ടിയത്, ഈ കള്ളക്കളി നടക്കില്ല, സലാം പറഞ്ഞ് മതിയാക്കിക്കോ.
”ആട്ടക്കളക്കാരൊന്നാര്‍ത്തുപോയാല്‍
ചീട്ടിറക്കില്ലപിന്നീ മനുഷ്യന്‍” എന്നാണ് വിവരണം. ഇത് സമുദായത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചപ്പാടും അന്നത്തെ സാമൂഹ്യാവസ്ഥയുമാണ് പറയുന്നതെങ്കിലും ‘ആട്ടക്കളക്കാരുടെ ആര്‍പ്പ്’ എന്ന് ‘ഇങ്ക്വിലാബിനെ’ നിസാരവല്‍ക്കരിച്ച് പൂണൂല്‍ക്കാരെക്കൊണ്ട് ആണെങ്കില്‍ക്കൂടിയും വിമര്‍ശിക്കുന്നുവെന്നത് പ്രത്യേകം കാണേണ്ടതുതന്നെയാണ്.
ഗാന്ധിജീവിതത്തില്‍
ഇഎംഎസ് ബന്ധവും കൊല്‍ക്കത്ത തിസീസും അക്കിത്തത്തെ പോലീസ് കസ്റ്റഡിയിലാക്കിയിട്ടുണ്ട്. ഒരിക്കല്‍ അക്കിത്തത്ത് ഇല്ലത്ത് പോലീസ് റെയ്ഡുനടത്തി. പല പുസ്തകങ്ങള്‍ക്കൊപ്പം കൊല്‍ക്കത്ത തിസീസെന്ന കമ്യൂണിസ്റ്റ് രേഖയുടെ പകര്‍പ്പും പിടിച്ചു. തമിഴനായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ അക്കിത്തത്തേയും സഖാവ് കുട്ടനേയും ചാലിശ്ശേരി പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. വൈകുന്നേരത്തും വിട്ടില്ല. നമ്പൂതിരിയാണെന്നും സന്ധ്യാവന്ദനം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും സ്‌റ്റേഷനില്‍ കഴിയേണ്ടിവന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തിയപ്പോള്‍ അക്കിത്തത്തെ തിരിച്ചറിഞ്ഞ് വിടുകയായിരുന്നു.
ഇതെല്ലാം ചെയ്തതും സഹിച്ചതും നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള വിടിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയെന്നു തോന്നിച്ച കാലത്തായിരുന്നു. പക്ഷേ, മനുഷ്യനായ നമ്പൂതിരിയും പയ്യെപ്പയ്യെ മൃഗീയ ജീവിതത്തിലേക്കുപോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ വിടി തിരുത്തി, മനുഷ്യനെ നമ്പൂതിരിയാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. പലരും വിടിയെ പരിഹസിച്ചു. പക്ഷേ, അക്കിത്തം വിടിയെ അത്രയടുത്ത് അറിഞ്ഞയാളാണല്ലോ. ”നമ്പൂതിരിയെന്ന് വിടി ഉദ്ദേശിച്ചത് ബ്രാഹ്മണന്‍ എന്നാണ്. അത് ബ്രാഹ്മണ കുലത്തില്‍ ജനിച്ചവനെയല്ല. കര്‍മം കൊണ്ട് ബ്രാഹ്മണരായവരെയാണ്. കര്‍മം എന്ന പദം വിടി ഉപയോഗിക്കുമ്പോള്‍ അതിലടങ്ങുന്നത് ആമുഷ്മിക കര്‍മങ്ങള്‍ക്കു പകരം മനുഷ്യന്‍ അവന്റെ ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മേന്ദ്രിയങ്ങളേയും ഉപയോഗപ്പെടുത്തി അനുഷ്ഠിക്കുന്ന മാനസിക-വാചിക-കായിക കര്‍മങ്ങള്‍ മുഴുവനാണെന്നാണ് അക്കിത്തത്തിന്റെ കണ്ടെത്ത”ലെന്ന് വടക്കുമ്പാട് നാരായണന്‍ എഴുതുന്നു.
ഗാന്ധിജിയില്‍ അക്കിത്തം ആകൃഷ്ടനായതെപ്പോഴായിരിക്കുമെന്ന് ചോദിച്ചാല്‍ സ്‌കൂള്‍കാലം മുതലെന്നോ ബുദ്ധിയുറച്ച കാലത്തെന്നോ പറയേണ്ടിവരും. ക്വിറ്റിന്ത്യാ സമരാഹ്വാനം കേട്ട് സ്‌കൂള്‍ വിട്ടിറങ്ങിയ കുട്ടിയില്‍ ഗാന്ധിയുണ്ടായിരുന്നു. അത് പിന്നെ ജീവിതത്തിലായി. ഗാന്ധിയും ഖാദിയും ജീവിത ഭാഗമായി. ആകാശവാണിയില്‍ ജോലിചെയ്യവേ ഗാന്ധി മാര്‍ഗം എന്ന തുടര്‍പരിപാടി 30 വര്‍ഷം അദ്ദേഹം തുടര്‍ന്നു. ഗാന്ധിയെക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ് ഗാന്ധിയെ കൂടുതല്‍ അടുത്തറിയാന്‍ ഇടയാക്കി. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ സ്ഥലങ്ങളും അക്കിത്തം സന്ദര്‍ശിച്ചു. അതിനൊടുവില്‍ തയാറാക്കിയ ‘ധര്‍മസൂര്യന്‍’ എന്ന ഖണ്ഡകാവ്യം ഗാന്ധിജീവിതവും ദര്‍ശനവും ആറ്റിക്കുറുക്കിയതാണ്.
‘ഇന്ത്യ എങ്ങനെയാവണം’ എന്ന ഒരു ചര്‍ച്ചയില്‍ അക്കിത്തം വായിച്ച ലേഖനമുണ്ട്, അതില്‍ പറയുന്നു: ”സ്വര്‍ണപാത്രംകൊണ്ട് സത്യം മൂടിവെക്കാനാവില്ല. അതുപോലെ ഗാന്ധിജി തെളിഞ്ഞുതന്നെ നില്‍ക്കും. രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന അസഹിഷ്ണുതയും അസ്വസ്ഥതയും ഇല്ലാതാകാന്‍ മതപരിവര്‍ത്തനങ്ങള്‍ ഇല്ലാതാകണമെന്ന് ഗാന്ധിജി പറഞ്ഞു. പക്ഷേ, അത് അധികാരികള്‍ കേട്ടില്ല, നടപ്പാക്കിയില്ല. നിങ്ങള്‍ ഏതു മതത്തില്‍ ആയാലും അതുവിട്ട് മറ്റൊന്നിലേക്ക് പോകാന്‍ ആകില്ല. അത് മതങ്ങളുടെ സ്വാതന്ത്ര്യമോ അസ്വാതന്ത്ര്യമോ എന്താണെന്നുവെച്ചാ അതാണ്. അങ്ങനെയാണ് ഗാന്ധിജി പറഞ്ഞത്. അതുറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണം. പക്ഷേ, സര്‍ക്കാരുകള്‍ അത് കേട്ടില്ല.”
സാമൂഹ്യ ജീവിതത്തില്‍ സ്വാധീനിച്ച കേളപ്പജി എന്ന കെ. കേളപ്പനില്‍ നിന്ന് ഗാന്ധിയെ ഉള്‍ക്കൊണ്ടതും അക്കിത്തം പറയുന്നു. ”ഞാന്‍ കേളപ്പജിയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉണ്ടുറങ്ങിയിട്ടുണ്ട്. പാകം ചെയ്ത് കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം സര്‍വോദയ പ്രവര്‍ത്തനത്തില്‍ എത്തുന്നത്. വടക്കേ മലബാറില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നേരില്‍ കാണാന്‍ ചെന്ന ദിവസം, അദ്ദേഹം വീട്ടുമുറ്റത്ത് സ്വയം കിണര്‍ കുഴിക്കുകയായിരുന്നു. ആദ്യം അതിശയിച്ചു, ഇതാണോ കേളപ്പനെന്ന്. കര്‍മം ഗാന്ധിജിയില്‍ നിന്ന് പഠിച്ച ആളായിരുന്നുവല്ലോ അദ്ദേഹം.”
‘ധര്‍മസൂര്യനില്‍’ ഗാന്ധിജിയെ ഭഗവാന്‍ ശ്രീകൃഷ്ണനായാണ് അക്കിത്തം കാണുന്നത്. ധര്‍മ സംസ്ഥാപനമായിരുന്നു ഇരുവരുടെയും ലക്ഷ്യം. കര്‍മത്തിനായിരുന്നു ആഹ്വാനം. ശങ്കയില്‍ നിന്ന് ജനസമൂഹത്തെ നയിക്കുകയായിരുന്നു ഇരവരും. ഒടുവില്‍ വേടന്റെ ഒളിയമ്പേറ്റായിരുന്നു ശ്രീകൃഷ്ണമോക്ഷം. ഗാന്ധിജിക്ക് വെടിയുണ്ട ആയിരുന്നു എന്ന് വ്യത്യാസം. അത്യുജ്വലമായ ഗാന്ധിദര്‍ശനം, കാവ്യത്തില്‍ അക്കിത്തം ഇങ്ങനെ ഈരടിയാക്കുന്നു:
‘അമ്പുകളെയ്യുന്നതേ പാപമാണെന്നാലൊളി-
യമ്പുപോലൊടുങ്ങാത്ത പാപമില്ലൊന്നും വേറേ,” കാവ്യം ഇങ്ങനെ അവസാനിക്കുന്നു; അതില്‍ ഗാന്ധിസാര രസം മുഴുവനുണ്ട്.
”ധര്‍മസൂര്യ, ഭവാന്‍ മാത്രം
സത്യസൗന്ദര്യ ശക്തികള്‍
ഞാനില്ലാദ്യന്തങ്ങളില്ലീ
സ്നേഹ മോക്ഷപ്രദീപ്തിയില്‍
വടപത്രത്തിലെക്കാല്‍പ്പൂ-
ന്തേനീമ്പും ബ്രഹ്മസാരമേ
നമസ്‌കാരം, നമസ്‌കാരം
ആനന്ദമയകോശമേ”എന്ന്. മഹാപ്രളയജലത്തില്‍ ആലിലയില്‍ കാല്‍വിരലുണ്ട് കിടക്കുന്ന ശ്രീകൃഷ്ണനെ, എക്കാലത്തും ഏതു പ്രതിസന്ധിയിലും ശേഷിക്കുന്ന പ്രതീക്ഷയായി ഗാന്ധിയെ സമന്വയിപ്പിക്കുന്നു. അത്രത്തോളം ഗാന്ധിജിയെ ഉള്ളില്‍ ഉള്‍ക്കൊണ്ടു. ശ്രീകൃഷ്ണനെപ്പോലെ എന്നും ഗാന്ധിയും അക്കിത്തത്തിനുള്ളിലുണ്ടാകും. പക്ഷേ, കര്‍മസൂര്യന്റെ ജീവിതകാണ്ഡം അനുഷ്ഠിക്കാന്‍ മാര്‍ഗം ‘ഇതല്ലിതല്ലെ’ന്ന തിരിച്ചറിവില്‍, ഗാന്ധിജിയുടെ കോണ്‍ഗ്രസ്, പില്‍ക്കാലത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും സര്‍വോദയം പോലുള്ള ഗാന്ധി പ്രസ്ഥാനങ്ങളിലും ഇല്ലെന്നു വന്നപ്പോള്‍ തുടരന്വേഷണം തുടര്‍ന്നു.
പിന്തിരിപ്പന്റെ സ്വാധീനം
പരിഷ്‌കരണങ്ങള്‍ക്കും പുരോഗന ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും മുന്‍ നിരയില്‍നിന്ന അക്കിത്തം പിന്തിരിപ്പനായി വേദം പഠിപ്പിക്കാനും യാഗം നടത്താനും ഇറങ്ങിത്തിരിച്ചുവെന്ന ആക്ഷേപമുണ്ടായി, അതിരാത്രവും സോമയാഗവും നടത്താന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയകാലത്ത്. അക്കിത്തത്തിന്റെ നാടായ പാലക്കാട്ടെ കുമരനല്ലൂരും പട്ടാമ്പിയും തമ്മില്‍ അത്ര അകലമില്ല. അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന്റെ വീടും പട്ടാമ്പിയിലാണ്. അക്കിത്തത്തിന്റെ സാഹിത്യ സംബന്ധങ്ങള്‍ക്ക് പട്ടാമ്പി ബന്ധം ഏറെയാണ്. പട്ടാമ്പിയില്‍ ഒരു വിപ്ലവകാരിയാണ് സംസ്‌കൃതഭാഷയെ വരേണ്യവര്‍ഗത്തിന്റെ വരട്ടുഭാഷയെന്ന ആക്ഷേപത്തില്‍നിന്ന് ജനകീയ ഭാഷയാക്കാന്‍ പ്രയത്‌നം ചെയ്തത്- പുന്നശ്ശേരി നീലകണ്ഠ ശര്‍മാവ് (1858-1934).
അക്കിത്തത്തിന് ഒമ്പതു വയസുള്ളപ്പോള്‍ ശര്‍മ്മാവ് അന്തരിച്ചു. പക്ഷേ, സംസ്‌കൃത ഭാഷയ്‌ക്ക് അദ്ദേഹം നല്‍കിയ സാമൂഹ്യ അടിത്തറയും അദ്ദേഹം ഉണ്ടാക്കിയെടുത്ത ശിഷ്യസമ്പത്തും മാത്രമല്ല, ജാതി-മതഭേദമില്ലാതെ ആര്‍ക്കും സംസ്‌കൃതം പഠിക്കാന്‍ സ്വന്തം തറവാട് തുറന്നുകൊടുക്കാന്‍ തയാറായ വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു, സംസ്‌കൃതം പഠിക്കാന്‍ കുട്ടികളെ പട്ടാമ്പിക്കയച്ചു. അതിന് ശര്‍മാവ് അഭ്യര്‍ഥന അയച്ചു. അതെ, ഭാഷാപഠന മേഖലയിലെ വിപ്ലവംതന്നെയായിരുന്നു ആ ആശയം.
കുമരനെല്ലൂര്‍കാരനായ അക്കിത്തം ആ വിപ്ലവ വഴിയിലെ തുടര്‍ പ്രവര്‍ത്തകനെന്നപോലെ വേദം സാധാരണക്കാര്‍ക്ക് കേള്‍ക്കാനും അറിയാനും അവസരമൊരുക്കി. ആകാശവാണിയില്‍ ജോലിയിലിരിക്കെ അദ്ദേഹം വേദം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചു. ഇഎംഎസിനോട് കുട്ടിക്കാലത്തേ തുടങ്ങിയ ആരാധന അക്കിത്തത്തിനുണ്ടായിരുന്നെങ്കിലും പല കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തി. അര്‍ഥവും ലക്ഷ്യവുമറിയാതെ ഓത്തും വേദവും പഠിച്ച് കുറേ വര്‍ഷങ്ങള്‍ പാഴാക്കിയെന്ന് ഇഎംഎസ് പറഞ്ഞു. അക്കിത്തമാകട്ടെ കുട്ടിക്കാലത്ത് പഠിച്ച വേദം സംരക്ഷിക്കാന്‍ പലവഴി നടന്നും വളര്‍ന്നും തളര്‍ന്നും ഇളവേല്‍ക്കാനെന്നപോലെ ഇരുന്ന വൃക്ഷച്ചുവട്ടിയിരുന്ന് പുതിയ വഴിയിലേക്ക് തിരിഞ്ഞു.
”ഊര്‍ദ്ധ്വമൂലം അധഃശാഖം
അശ്വത്ഥം പ്രാഹുരവ്യയം” എന്ന തരത്തില്‍ മരത്തെ നേരായി കാണാനും വേര് മുകളിലും അതിന്റെ ശാഖകള്‍ മാത്രമാണ് താഴേ കാണുന്നതെന്നും തിരിച്ചറിഞ്ഞു. വേദം സംരക്ഷിക്കാന്‍, അത് ബഹുജനത്തെ പഠിപ്പിക്കാന്‍ തീരുമാനമെടുത്തു. അങ്ങനെ
‘അന്നാല്‍ ഭവന്തി ഭൂതാനി
പര്‍ജന്യാദന്ന സംഭവഃ
യജ്ഞാല്‍ ഭവതി പര്‍ജന്യോ
യജ്ഞഃ കര്‍മ സമുദ്ഭവഃ’ എന്ന പ്രമാണത്തില്‍ വേദം കാക്കാന്‍ യാഗം ചെയ്യാനുറച്ചു; യാഗത്തിലൂടെ വേദത്തെ നിലനിര്‍ത്താന്‍. അക്കിത്തം തെറ്റാണെന്ന് അന്ന് പലരും വാദിച്ചു. ഇക്കാര്യത്തില്‍ ഇഎംഎസിന്റെ മനസറിയാന്‍ ശ്രമിച്ചവരോട് അദ്ദേഹം പറഞ്ഞു, ‘അക്കിത്തത്തോട് ചോദിക്കൂ, അദ്ദേഹം നന്ന് എന്നാണ് പറയുന്നത്’ എന്നായിരുന്നു. അതായത്, ഒരിക്കല്‍ അക്കിത്തത്തെ ഏറെ സ്വാധീനിച്ചയാള്‍ അക്കിത്തത്താല്‍ സ്വാധീനിക്കപ്പെടുന്ന സ്ഥിതിപോലുമെത്തിയെന്നു പോലും വ്യാഖ്യാനിക്കാം. അതെ, ശരിപക്ഷത്തോട് ആരും ചേര്‍ന്നുപോകും, മാത്രമല്ല, അന്ന് ഇഎംഎസ് കേരള രാഷ്‌ട്രീയം വിട്ട് ദല്‍ഹിയിലായിരുന്നൂതാനും.
കെ. ദാമോദരന്‍ യുക്തിവാദിയായ കമ്യൂണിസ്റ്റായിരുന്നു. ഭാരത സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. (അതുകൊണ്ടുതന്നെ ഇന്നത്തെ സാമൂഹ്യ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ‘അന്തം കമ്മി’കളുടെ ഗണത്തില്‍ അന്നേ അദ്ദേഹം പെട്ടില്ല.) എന്നല്ല, സ്വന്തം രാഷ്‌ട്രീയ ദര്‍ശനത്തിന് അനുസൃതമായി അദ്ദേഹം ഭാരത സാംസ്‌കാരികതയെ വ്യാഖ്യാനിച്ചു. പാഞ്ഞാള്‍ അതിരാത്രവും തിരുവനന്തപുരത്തെ സോമയാഗവും നടത്തുമ്പോള്‍ അക്കിത്തം വലിയ എതിര്‍പ്പുകള്‍ നേരിട്ടു. അക്കിത്തത്തിന്റെ യുക്തിപൂര്‍വമുള്ള വാദങ്ങള്‍ തിരിച്ചറിഞ്ഞ കെ. ദാമോദരന്‍ അക്കിത്തത്തോട് പറഞ്ഞു: ”ആദ്ധ്യാത്മികത, അത്ര തമാശയല്ലെന്നാണ് തോന്നുന്നത്. അതിരാത്രത്തെപ്പറ്റി എഴുതിയത് വായിച്ചു. അതില്‍ പറയണത് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്,” എന്ന്.
രാഷ്‌ട്രീയവും തപസ്യയും
അക്കിത്തത്തിന്റെ രാഷ്‌ട്രീയം തിരയുന്നവര്‍ ഏറെയുണ്ട്. കമ്യൂണിസത്തിലും കാള്‍ മാര്‍ക്‌സിലും ആകൃഷ്ടനായ, ഗാന്ധിസത്തിലും ഗാന്ധിയിലും ജീവിച്ച, ആര്‍ഷ പാരമ്പര്യത്തിലും മഹര്‍ഷി അരവിന്ദനിലും അടിയുറച്ച, അതീതമാനവനിലേക്ക് (സൂപ്പര്‍മാന്‍) മനുഷ്യകുലത്തെ എത്തിക്കുന്ന മാനവികതയ്‌ക്കുവേണ്ടി ജീവിക്കുന്നതാണ് അക്കിത്തത്തിന്റെ രാഷ്‌ട്രീയം. അതിന് കക്ഷിരാഷ്‌ട്രീയത്തിന്റെ ഇത്തിരിവട്ടമല്ല, നുറുങ്ങുവെട്ടവുമല്ല. അതുകൊണ്ടുതന്നെ, ‘പെരുന്തച്ചന്റെ കുളം ചതുരമോ വൃത്തമോ’ എന്നു തര്‍ക്കിക്കുംപോലെയാണ് അക്കിത്തത്തിന്റെ രാഷ്‌ട്രീയം. 2008 ല്‍ അക്കിത്തത്തിന് അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ ഇത്തരം ചില ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അക്കിത്തം തപസ്യയുടെ അധ്യക്ഷനായതായിരുന്നു ചിലര്‍ക്ക് വിരോധകാരണം. ആര്‍എസ്എസ് വേദികളില്‍ അക്കിത്തം എത്തിയതായിരുന്നു ഇനിയൊരു വിമര്‍ശനം.
അക്കിത്തം തപസ്യയുടെ അധ്യക്ഷനാകുന്നത് 1985 ലാണ്. ”പുരോഗമനത്തിന്റെ പേരില്‍ ഭാരതീയ പൈതൃകത്തേയും ധാര്‍മിക മൂല്യങ്ങളേയും അവഹേളിച്ചുകൊണ്ട് കമ്യൂണിസ്റ്റ് നുകം പേറുന്ന ഒരു ന്യൂനപക്ഷം സാംസ്‌കാരിക രംഗം അടക്കി വാഴുന്നതിന്റെ വൈപരീത്യം അിയന്തരാവസ്ഥയ്‌ക്ക് വളരെ മുമ്പുതന്നെ ചിന്താശീലരായ സാംസ്‌കാരിക പ്രേമികളെ അസ്വസ്ഥരാക്കിയിരുന്നു. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ പ്രഭാവം ക്ഷയിച്ചതോടെയാണ് ഇക്കൂട്ടരുടെ ‘തിരുവായ്‌ക്ക് എതിര്‍വാ ഇല്ലാത്ത’ സ്ഥിതി സംജാതമായത്. സാഹിത്യ സൃഷ്ടി നടത്തുന്നവര്‍ അവയ്‌ക്ക് അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണല്ലോ. അതിനാല്‍ അവര്‍ പൊതുവേ ഇക്കൂട്ടരോട് വിധേയത്വം പുലര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈ സ്ഥിതിക്ക് അറുതി വരുത്തണമെങ്കില്‍ സാംസ്‌കാരിക രംഗത്ത് ഒരു ബദല്‍ മാത്രമാണ് പോംവഴി എന്ന തിരിച്ചറിവാണ് ദേശീയ വീക്ഷണവും ഭാരതീയ സംസ്‌കൃതിയോട് ആഭിമുഖ്യവുമുള്ള ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ ഒരുകൂട്ടം സഹൃദയരെ പ്രേരിപ്പിച്ചത്.
കേസരി മുന്‍ പത്രാധിപര്‍ പി. പരമേശ്വരനും ആര്‍എസ്എസ് ഉന്നത നേതൃത്വത്തിലുണ്ടായിരുന്ന പി. മാധവനും (മാധവ്ജി) എം.എ. കൃഷ്ണനും (എംഎ സാര്‍) ആണ് ഈ സംരംഭത്തിന് മാര്‍ഗ നിര്‍ദേശം നല്‍കിയത്. ‘സാഹിത്യ സായാഹ്‌ന’ത്തിന്റെ (അടിയന്തരാവസ്ഥക്കാലത്ത് സംഘാടന സ്വാതന്ത്ര്യം നിരോധിക്കപ്പെട്ടിരിക്കെ ഒത്തുകൂടാന്‍ കോഴിക്കോട്ട് രൂപംകൊടുത്ത താല്‍ക്കാലിക വേദി) പ്രവര്‍ത്തകരും സമാന ചിന്താഗതിക്കാരും ചേര്‍ന്ന് ഒരു പുതിയ സാംസ്‌കാരിക പ്രസ്ഥാനത്തിന് രൂപം കൊടുക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍ അന്ന് കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ ആയിരുന്ന കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ്ഡയറക്ടര്‍ സി.എന്‍. ശീകണ്ഠന്‍ നായര്‍, എം.വി. ദേവന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുവ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും പത്രപ്രവര്‍ത്തകരുടെയും യോഗത്തില്‍ ‘തപസ്യ’ കലാ സാഹിത്യവേദി പിറവിയെടുത്തത്. വി.എം. കൊറാത്ത് (പ്രസിഡന്റ്), സി.എം. കൃഷ്ണനുണ്ണി (ജനറല്‍ സെക്രട്ടറി) കെ.പി. ശശിധരന്‍, പി.കെ. സുകുമാരന്‍ എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പി. പരമേശ്വരനായിരുന്നു മുഖ്യാതിഥി. ദേശാഭിമാനി വാരിക പത്രാധിപര്‍ തായാട്ടു ശങ്കരന്‍, എം.വി. ദേവന്‍ എന്നിവര്‍ പ്രാസംഗികരും.” തപസ്യയുടെ ആദ്യ അധ്യക്ഷന്‍ വി.എം. കൊറാത്ത് ആത്മകഥയായ ‘ഓര്‍മയിലെ നിലാവില്‍’ ആ ചരിത്രം രേഖപ്പെടുത്തുന്നു.
ഏതെല്ലാം രാഷ്‌ട്രീയപക്ഷത്തുള്ളവര്‍ തപസ്യയുമായി പില്‍ക്കാലങ്ങളില്‍ സഹകരിച്ചില്ല! കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക നായകര്‍ ഒരിക്കലെങ്കിലും തപസ്യ വേദികളില്‍ പങ്കുകൊള്ളാതിരുന്നിട്ടില്ല. അങ്ങനെ 1985-ല്‍ കണ്ണൂരില്‍ നടന്ന ഒമ്പതാം വാര്‍ഷിക സമ്മേളനത്തിലാണ് അക്കിത്തം തപസ്യവേദിയില്‍ എത്തിയത്. സുകുമാര്‍ അഴീക്കോടായിരുന്നു ഉദ്ഘാടകന്‍. അതേ വര്‍ഷം ആലുവയില്‍ നടന്ന വര്‍ഷാന്ത പൊതുസഭയിലാണ് അക്കിത്തം അധ്യക്ഷനായത്.
സംതൃപ്തിയറിഞ്ഞ്
അക്കിത്തം 13 വര്‍ഷം അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നു. ”ഒട്ടേറെ സാംസ്‌കാരിക നായകര്‍ തപസ്യയുമായി സഹകരിച്ചു. കലാ സാഹിത്യ മേഖലയില്‍ ആഴത്തിലുള്ള ആധികാരിക ചര്‍ച്ചകളും ദാര്‍ശനിക വിശകലനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെട്ടു. പതിനഞ്ചാം വാര്‍ഷികത്തില്‍, 1991 -ല്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ഥയാത്ര അക്കിത്തത്തിന്റെ ആശയമായിരുന്നു. കന്യാകുമാരിയില്‍നിന്ന് ഗോകര്‍ണത്തേക്ക് നടത്തിയ ആ യാത്ര മുമ്പുണ്ടായിട്ടില്ലാത്ത അനുഭവമായിരുന്നു, തപസ്യയുടെ മുന്നേറ്റമായിരുന്നു എന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് ഓര്‍മിക്കുന്നു. മറ്റു പല പ്രവര്‍ത്തന മേഖലയിലും തുടരുമ്പോള്‍ അക്കിത്തം അനുഭവിക്കേണ്ടിവന്ന അസംതൃപ്തികള്‍ തപസ്യയില്‍ അദ്ദേഹത്തിന് അവസാനിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ദീര്‍ഘനാള്‍ തുടര്‍ന്നു, ഇപ്പോഴും തുടരുന്നു. അസുഖവും അവശതകളും കൊണ്ട് ആവതില്ലാത്തപ്പോള്‍ പോലും അദ്ദേഹം തപസ്യ വേദികളിലെത്തി, അദ്ദേഹം തുടരുന്നു.
ജന്മഭൂമിയുടെ വാര്‍ഷിക പരിപാടിയായ, പ്രമുഖരെ ആദരിക്കല്‍ പരിപാടിയില്‍ 2019 ല്‍ ‘ലെജന്‍ഡ്‌സ് ഓഫ് കേരള’ അവാര്‍ഡ് അക്കിത്തത്തിനായിരുന്നു. ഈ വിവരം ദേവായനത്തില്‍ ചെന്ന് അറിയിച്ച് ക്ഷണിക്കാന്‍ നിയോഗിച്ചത് ജന്മഭൂമി തൃശൂര്‍ എഡിഷന്‍ പ്രസാധകന്‍ വി. ശ്രീനിവാസനേയും എന്നെയുമായിരുന്നു. അക്കിത്തത്തിന് യാത്ര വയ്യാത്ത അവസ്ഥ. കാര്യം പറഞ്ഞു. കേട്ടു. ‘ഞാന്‍ വരും, ആദരം ഏല്‍ക്കും. തറവാട്ടില്‍നിന്നുള്ള വിളിയാണ്, സ്വീകരിക്കുകതന്നെചെയ്യും,’ പറഞ്ഞപോലെതന്നെ അദ്ദേഹം വന്നു. സ്വീകരിച്ചു.
ജന്മഭൂമിയുടെ 2017 ലെ ഓണപ്പതിപ്പ് പ്രസാധന ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു. മലയാളത്തില്‍ ആദ്യമായി ഒരു പ്രസിദ്ധീകരണത്തിന് നാലു ഭാഗങ്ങളില്‍ ആയിരം പേജില്‍ ഒരു പ്രതേ്യക പതിപ്പ്. അതില്‍, മഹാകവി അക്കിത്തത്തിന്റെ കവിതവേണം എന്നു തീരുമാനം. ചുമതല എനിക്കായിരുന്നു. അക്കിത്തം ഭാഗവത വിവര്‍ത്തനത്തിനു ശേഷം ഒന്നും എഴുതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ‘ഇനി നാരായണ മന്ത്രം മാത്രമേ എഴുതൂ എന്നാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതെന്ന്’ മകന്‍ നാരായണന്റെ മറുപടി. എങ്കിലും ഒരു പ്രത്യേക പരിഗണന എന്ന നിര്‍ബന്ധം ഫലിച്ചു. കൈപ്പടയില്‍, അനുഷ്ടുപ്പു വൃത്തത്തില്‍, അദ്ദേഹം ഒറ്റ ശ്ലോകം അയച്ചു തന്നു. അതിങ്ങനെ:
‘ജന്മഭൂമിയിലല്ലോ നാം
കര്‍മം ചെയ്യുന്നതൊക്കെയും
അതിനാലീ ജന്മഭൂമി-
താനത്രേ കര്‍മഭൂമിയും’ എന്ന്.
ആര്‍ഷ പൈതൃകത്തില്‍
ആര്‍ഷ പൈതൃകത്തിന്റേയും ഭാരതീയ പാരമ്പര്യത്തിന്റേയും സംരക്ഷണത്തിനും പാലനത്തിനുമുള്ള പ്രവര്‍ത്തന ശ്രേണിയില്‍ അക്കിത്തം നിന്നു, നില്‍ക്കുന്നു, നില്‍ക്കും. എവിടെ നിന്നാലും അക്കിത്തം പറയുന്നത് സ്വന്തം ദര്‍ശനം ‘നിരുപാധികമായ സ്‌നേഹമാണ് ബല’മെന്നാണ്. അതല്ലാത്തതിനെ ‘ഇതല്ല, ഇതല്ല’ എന്ന് തള്ളിയകറ്റും. ഇപ്പോള്‍ ഏറെക്കാലമായി അക്കിത്തം ഒരേ വഴിയില്‍ സഞ്ചരിക്കുകയാണ്. അവിടെ വിശ്രാന്ത സുഖം അനുഭവിക്കുകയാണ്. ശ്രീമദ് ഭാഗവതം വിവര്‍ത്തനം ചെയ്ത് എഴുത്തിന്റെ ‘പരംവൈഭവം’ എത്തിക്കഴിഞ്ഞുവെന്നും ഇനി എന്തെഴുതിയാലും അത് നാരായണ മന്ത്രമാകണമെന്നും നിലപാടെടുത്തിരിക്കുകയാണ്. സര്‍വം നാരാണനെന്ന നിലയില്‍, ഇതാണ് ഇതാണ് എന്ന തിരിച്ചറിവിലാണ്.
എഴുത്തുലോകത്തും അക്കിത്തം പലവഴികളില്‍ സഞ്ചരിച്ചു. അക്കിത്തത്തിന്റെ കാവ്യലോകത്തെക്കുറിച്ച് ഏറെയുണ്ട് എഴുത്തുകള്‍. എത്രയെത്ര എഴുതിയാലും തീരില്ല. ശ്രീരാമദൂതന്‍ ഹനുമാന്റെ വാല്‍പോലെ, പാഞ്ചാലിയുടെ പുടവപോലെ പിന്നെയും ശേഷിക്കുന്നതാണ് അക്കിത്തം കവിതകളും അവയുടെ വിശകലനങ്ങളും. കുത്തിക്കുറിച്ചതില്‍ കവിതയുണ്ടെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ട്യൂഷന്‍ മാസ്റ്റര്‍ തൃക്കണ്ടിയൂര്‍ ഉണ്ണികൃഷ്ണ മേനോന്‍ അക്കിത്തം കുറിപ്പുകളെ കൈയേല്‍പ്പിച്ചത് ഇടശ്ശേരിയെയായിരുന്നു. അക്കിത്തം എന്ന ശിഷ്യനെ ഇടശ്ശേരി കവിയാക്കി. അത് അക്കിത്തത്തിന്റെ കാവ്യജീവിതത്തിന് പുതിയ വഴിത്തിരിവായി. നാലപ്പാട്ടു നാരായണ മേനോനില്‍നിന്നു കിട്ടിയ ധാര്‍മിക പിന്തുണയും ഉപദേശവും കാവ്യദര്‍ശനത്തിന് ആര്‍ഷമാര്‍ഗത്തില്‍ അടിത്തറയായി. ഇടശ്ശേരി, നാലപ്പാടന്‍, കുട്ടിക്കൃഷ്ണമാരാര്‍, വിടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ സമ്പര്‍ക്കം ആ കവിതകള്‍ക്ക് അസാധാരണത്വം നല്‍കി.
”ഇല്ലനുകര്‍ത്താവിനില്ല തന്‍ ജീവിത
വല്ലരിയില്‍ പൂവിരിഞ്ഞുകാണാന്‍ വിധി
ഇന്നലെപ്പോയ ഭടന്റെ കാല്‍പ്പാടുകള്‍
ചിന്നിയ മണ്ണില്‍ ചവിട്ടുകയില്ല ഞാന്‍” എന്ന് പ്രതിജ്ഞചെയ്ത കവി അതുവരെയുണ്ടായിരുന്ന കവിസഞ്ചാരവഴികളില്‍നിന്ന് മാറിച്ചരിച്ചു. അവിടെയും ‘സമാനഃ’ എന്ന വേദമന്ത്രത്തിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കി. അങ്ങനെയാണ് പൊന്നാനിക്കളരി എന്ന സാഹിത്യക്കൂട്ടുചേരല്‍ ഉണ്ടായത്. ചുറ്റുവട്ടത്തുള്ള കവികളും മദിരാശിയിലും മറ്റും നിന്ന് എം. ഗോവിന്ദനെപ്പോലെയുള്ളവരും പൊന്നാനി കേന്ദ്ര കലാസമിതിയുണ്ടായതും അതുപിന്നീട് മലബാര്‍ കേന്ദ്രകലാസമിതിയായി. ഇവിടെയെല്ലാം അക്കിത്തം പ്രമുഖനായിരുന്നു. സാഹിത്യ പരിഷത്തിലുള്‍പ്പെടെ സക്രിയനായിരുന്ന അക്കിത്തം തപസ്യയിലാണ് 13 വര്‍ഷം അധ്യക്ഷസ്ഥാനത്തു തുടര്‍ന്നത് എന്നുമോര്‍ക്കണം.
കവിതയിലൂടെ
കവിജീവിതത്തില്‍ ഇത്രമാത്രം കര്‍ശനമായി സാമൂഹ്യ വിപ്ലവത്തിന് വാദിച്ച, എഴുതിയ കവികള്‍ കുറവാണ്. പുരോഗന കലാ സാഹിത്യ പ്രസ്ഥാനം എന്ന സംഘടിത സാഹിത്യ സംരംഭത്തോട് അക്കിത്തത്തിന് ചാര്‍ച്ചയില്ലായിരുന്നു. കവിതയും സാഹിത്യ സൃഷ്ടികളും കാലത്തിന്റെ ആവശ്യത്തിന് വേണ്ടി രൂപപ്പെടുത്താം, പക്ഷേ, അതുമാത്രമാണ് പുരോഗാമിയാകുക എന്ന വാദത്തോട് പക്ഷം ചേര്‍ന്നില്ല. എതിര്‍ക്കപ്പെടേണ്ടതിനെ എതിര്‍ക്കുകതന്നെ ചെയ്തു. അത് ആരുടെയെങ്കിലും കടുത്ത വിശ്വാസപ്രമാണങ്ങള്‍ ആണെങ്കില്‍ക്കൂടിയും. അങ്ങനെയാണ് ‘വിപ്ലവ കവി’ എന്ന കവിത ഉണ്ടായത്. അങ്ങനെയാണ് ‘കുട്ടപ്പന്‍ എന്ന കോമരം’ എഴുതിയത്. ‘ആശാരിക്കുട്ടിക’ളും ‘തമ്പുരാന്‍ കുട്ടി’യും അസാധാരണമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കവിതകളാണ്. കക്ഷി രാഷ്‌ട്രീയക്കാരെ ഇത്രമാത്രം പരസ്യമായി വിമര്‍ശിച്ച കവി വേറേയുണ്ടോ. ‘എന്താവണം,’ ‘വിപ്ലവകവി,’ ‘ഡ്രൈവറുടെ പ്രസ്താവന,’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’… തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍. ‘മറക്കുടയ്‌ക്കുള്ളിലെ മഹാനരക’ത്തില്‍നിന്നും ‘അടുക്കളയില്‍നിന്നും’ സ്ത്രീകളെ സൂര്യപ്രകാശത്തിലേക്കിറക്കാന്‍ ആദ്യകാലത്ത് പരിശ്രമിച്ച കവിയുടെ സ്ത്രീശക്തിക്കവിതകള്‍ക്ക് ലോകത്തെ ഫെമിനിസ പ്രഘോഷകരുടെ തൊണ്ടകീറലുകളേക്കാള്‍ കരുത്തുണ്ട്. ‘കശാപ്പിനെതിരേ,”ദേശസേവിക,”ചര്‍ക്ക,’ ‘മഹിഷാസുര മര്‍ദിനി’ തുടങ്ങിയ കവിതകളില്‍ ഏറെ പ്രകടമായും പല കവിതകളില്‍ അടിയൊഴുക്കായും അവ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതുമ്പോള്‍ അക്കിത്തത്തിന് 26 വയസാണ്-1952 ല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിന്റെ തുടക്കമായ ആദ്യത്തെ പാര്‍ട്ടി പിളര്‍പ്പ് 1964 ലാണ്. ഗോര്‍ബച്ചേവിന്റെ വരവും റഷ്യന്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയ്കയും സംഭവ വികാസങ്ങള്‍ പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. കമ്യൂണിസ്റ്റുകളെ പരിഹസിക്കാനാണ് അക്കിത്തം ഇതിഹാസം എഴുതിയതെന്ന ആക്ഷേപം വന്നതോര്‍മിക്കണം. ഇന്നും അതേറ്റുപറയുന്നവരുണ്ടെന്നും. അക്കാലത്ത് ചെറുതുരുത്തിയില്‍വെച്ച് മലബാറില്‍നിന്നുള്ള പാര്‍ട്ടി സഖാക്കള്‍ കവിയെ വളഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഭവമുണ്ട്. 1976 ല്‍ അവനവന്‍ കടമ്പ എന്ന നാടകം തനത് നാടക സമ്പ്രദായത്തില്‍ കാവാലം നാരായണപ്പണിക്കള്‍ അരങ്ങേറ്റി. പിന്നീട് തലശേരിയില്‍ ഈ നാടകം കളിച്ചുകഴിഞ്ഞപ്പോള്‍ കുറേ നാടകപ്രവര്‍ത്തകര്‍ ഈ നാടകം നിങ്ങള്‍ എന്തിനെഴുതി എന്ന് ചോദിച്ച് തടഞ്ഞുവെച്ച സംഭവമുണ്ട്. അത് സമ്പ്രദായത്തിന്റെ തിരുത്തലിനെച്ചൊല്ലിയായിരുന്നു.
അക്കിത്തത്തെ വളഞ്ഞത് കവിതയുടെ ഉള്ളടക്കത്തിന്റെ പേരിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ സന്ദേശം മനസിലാക്കാതെയായിരുന്നു, അല്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു. അന്നും, പില്‍ക്കാലത്ത് കേരള സര്‍ക്കാരിന്റെ സ്‌കൂള്‍ പാഠപുസ്തകത്തില്‍, അക്കിത്തംകവിതയിലെ ‘അമ്പാടിക്കണ്ണന്റെ ചേലിനെ’ മതേതരത്വത്തിന്റെ സംരക്ഷണത്തിനെന്ന പേരില്‍ ചിലര്‍ ‘ഞാവല്‍പഴത്തിന്റെ നിറ’മായി തിരുത്തിയപ്പോഴും ഉള്ളില്‍ വേദനിച്ചുവെങ്കിലും കവി ക്ഷോഭിച്ചില്ല. ‘പാടുന്ന പിശാചി’ലൂടെ കമ്യൂണിസ്റ്റുകളെ എതിര്‍ത്ത ചങ്ങമ്പുഴയ്‌ക്കും ഇത്തരം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനമെന്ന കമ്യൂണിസ്റ്റ് ഫാക്ടറിയില്‍ പണിക്കാരല്ലാത്ത എത്രയെത്ര സാഹിത്യ-സാംസ്‌കാരിക പ്രതിഭകള്‍ക്ക് അവരുടെ വിലക്ക് നേരിടേണ്ടിവന്നു. ഇന്നും നേരിടുന്നു.
പക്ഷേ, അക്കിത്തം കവിതയെഴുതുമ്പോഴെല്ലാം ഒരു ‘ചാത്തൂനെ’ അന്വേഷിച്ചലഞ്ഞു. കവിത പുഞ്ചിരിയും കണ്ണീര്‍ക്കണവും മറ്റും മറ്റുമായി വന്നുനിരന്നു. അപ്പോഴും സ്‌നേഹത്തോടെ ചാത്തൂനെ അന്വേഷിച്ചു. അങ്ങനെ ഒടുവില്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്, അഞ്ചുതവണ അവിടെ മേല്‍ശാന്തിയായിരുന്ന വാസുദേവന്‍ ഭട്ടതിരിപ്പാട് മുന്നോട്ടുവെച്ച, ഭാഗവതം പരിഭാഷയെന്ന നിര്‍ദേശത്തില്‍ അക്കിത്തത്തിന്റെ എഴുത്തെത്തി. ‘ചാത്തു’വും ‘ആശാരിക്കുട്ടിക’ളും ‘തമ്പുരാന്‍കുട്ടി’യും ‘മഹിഷാസുര മര്‍ദിനി’യും ‘കുഞ്ഞുണ്ണി’യും ‘ദേശസേവിക’യും ‘ഡ്രൈവറും’ ‘പണ്ടത്തെ മേല്‍ശാന്തി’യും ‘കുട്ടപ്പന്‍ കോമര’വും ‘പട്ടാമ്പിയിലെ അദൈ്വതി’യും ‘അഞ്ചും തികഞ്ഞവ’നും ഒക്കെക്കൂടി ഒന്നില്‍ ചേര്‍ന്നങ്ങിണങ്ങി. സര്‍വം നാരായണമയമായി, ഭാഗവതം ഭാഷമാറ്റി, ഏഴരക്കൊല്ലംകൊണ്ട്. ആ ഭാഗവതം തപസ്യയുടെ ആഭിമുഖ്യത്തില്‍ ആദ്യം പെരുമ്പാവൂരില്‍ ഭാഗവതോത്സവമായും പിന്നെ ജന്മനാടായ കരുമരനെല്ലൂരില്‍ സപ്താഹമായും നടത്തി പാരായണം ചെയ്യുകയും ചെയ്തു. സഫലമായ ജീവിതം. ഭാഗവതം പരിഭാഷയുടെ തുടക്കക്കുറിപ്പില്‍ അക്കിത്തം ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഞാനെന്നൊരാള്‍ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാകുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്ന് തോന്നുന്നത് വെറും തോന്നല്‍ മാത്രം. ഭഗവാന്‍ ഗുരുവായൂരപ്പന്‍ മാത്രമേ ഉള്ളു.’
ലോകം മനസിലാക്കുന്ന കാലം
അച്ഛനെക്കുറിച്ച മകന്‍ അക്കിത്തം വാസുദേവന്‍ എഴുതി: ”മാറുന്നകാലത്തോടൊപ്പം മാറാന്‍ കഴിഞ്ഞ ആളാണ് അച്ഛന്‍. ഇതിനര്‍ഥം പഴമയ്‌ക്കെതിരേ പുറംതിരിഞ്ഞ് നില്‍ക്കണമെന്നല്ല. കഴിഞ്ഞ കാലത്തിന്റെ നല്ല കാര്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാകണം ആ വളര്‍ച്ച എന്നതാണ്. ഈ നിലപാട് പല തെറ്റിദ്ധാരണകള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. വരുംകാലത്ത് ഇത് ശരിയായ അര്‍ഥത്തില്‍ മനസിലാക്കപ്പെടും എന്ന് ഞാന്‍ കരുതുന്നു.”
അക്കിത്തത്തെ കാലം മനസിലാക്കിയിരിക്കുന്നു. ജ്ഞാനപീഠ പുരസ്‌കാര ലബ്ധിയും കൂടിയായപ്പോള്‍ ഇല്ലത്തിന്റെ അകത്തളത്തില്‍ ഒതുങ്ങുമായിരുന്ന നിത്യഹോമത്തിന്റെ ധൂമം പരമാവധി അങ്കണം വരെ പടരാനുള്ള വിധിയെ ഉല്ലംഘിച്ച് അതിര്‍ത്തികള്‍ക്കപ്പുറം ഗന്ധം പരത്തുകയാണ്. അത് കവിതയുടെ കാറ്റായി, കവിജീവിതത്തിന്റെ നിലാവായി, വീക്ഷണാദര്‍ശങ്ങളുടെ പ്രകാശമായി എവിടെയും അനുഭവമാകുകയാണ്; സന്ദേശമാകുകയാണ്.
വരുംകാലം അക്കിത്തം കീര്‍ത്തി കൂടുതല്‍ വളരും; അങ്ങനെ ഒരു പ്രവചനം ഉള്ളതായി ഒരിക്കല്‍ വര്‍ത്തമാനത്തിനിടെ കവി പറഞ്ഞിട്ടുണ്ട്. എഴുതരുതെന്ന് അന്നു പറഞ്ഞിരുന്നെങ്കിലും ഇന്ന് എഴുതാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: