കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കും സംശയിക്കുന്ന എന്‍ഐഎ, കോടതിയില്‍ വെളിപ്പെടുത്തിയ പേര് ഫെറോസ് ഒയാസിസിന്റേതാണ്. ദാവൂദിന്റെ വലംകൈയായ ഫെറോസ് തമിഴനാണ്. തമിഴിനു പുറമേ, അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സംസാരിക്കും. മലയാളവും വശം. ദുബായ്യിലെ ദാവൂദിന്റെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്ന വിശ്വസ്തന്. ദുബായ്യിലെ ഒയാസിസ് ഓയില്‍ ആന്‍ഡ് ലൂബ് എല്‍സിസിയുടെ മേല്‍നോട്ടം വഹിക്കാന്‍ ദാവൂദ് നിയോഗിച്ചതു മുതലാണ് പേര് ഫെറോസ് ഒയാസിസ് എന്നായത്.
ദുബായ്യിലെ അല്‍ നൂര്‍ ഡയമണ്ട്സ്, ഒയാസിസ് പവര്‍ എല്‍സിസി എന്നിവ ദാവൂദിന്റേതാണെന്നാണ് പറയപ്പെടുന്നത്. അല്‍ നൂര്‍ ഡയമണ്ട്സ് നോക്കി നടത്തുന്നതും ഫെറോസ് തന്നെ. അല്‍ഖ്വയ്ദയുടെ സഹായത്തോടെയാണ് ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ദാവൂദ് സംഘത്തിന്റെ കള്ളക്കടത്തിടപാടുകള്‍. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ദാവൂദ് പണമിറക്കുന്നുണ്ട്. 2008ലെ മുംബൈ സ്ഫോടനങ്ങള്‍ക്കു ശേഷം ദാവൂദിന് കാര്യമായി ഇവിടെ ‘ഓപ്പറേഷനുകള്‍’ നടത്താനായിട്ടില്ല. അല്‍ഖ്വയ്ദ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് 2003ല്‍ ദാവൂദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 19ന് എറണാകുളത്ത് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയത് സ്വര്‍ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നുവെന്നത് യാദൃച്ഛികമായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല.
സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ കെ.ടി. റമീസിനും മറ്റും ഫെറോസ് ഒയാസിസ് വഴിയാണ് ഇടപാട്. ഇയാളുടെ ഗള്‍ഫ് രാജ്യങ്ങളിലെ ഇടപാടുകള്‍ സ്വര്‍ണക്കടത്തു കേസില്‍ യുഎഇയില്‍ അറസ്റ്റിലായിട്ടുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരുമായാണ്. റമീസ് പലവട്ടം ആധുനിക സംവിധാനമുള്ള ആയുധങ്ങള്‍ വിദേശത്തു നിന്ന് കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് റൈഫിള്‍ ക്ലബ്ബിനു വേണ്ടിയെന്ന പേരില്‍ കൊണ്ടുവന്ന റൈഫിളുകള്‍ ഒരു തവണ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. പലതവണ ആയുധങ്ങള്‍ കടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുമുണ്ട്.
കപ്പല്‍ മാര്‍ഗം ലഹരിമരുന്നു കടത്തലിന് ദാവൂദ് സംഘത്തിന് അതിരഹസ്യ പദ്ധതികളുണ്ട്. ബെംഗളൂരു ആസ്ഥാനമായി ഇവരുടെ ഓപ്പറേഷന് സക്രിയമാണ്. ആന്ധ്ര തുറമുഖം വഴിയാണ് ലഹരിക്കടത്ത്. ഈ സംഘത്തിന്റെ ഇടപാടുകള്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പിടിയിലായ മൊഹമ്മദ് അനൂപിനുള്ള ബന്ധം നാര്‍ക്കോട്ടിക് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ഈ കേസിലാണ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: