സംസ്ഥാന രൂപീകരണം മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ ചാലകശക്തി മദ്ധ്യതിരുവിതാംകൂറാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനത്തോടൊപ്പം തിരുവിതാംകൂറിലെ ഒരു പ്രബല സമുദായ സംഘടനയായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ക്രൈസ്തവ സമൂഹത്തില്‍ സ്വാധീനമുള്ള ടി.വി. തോമസ്, കെ.സി. ജോര്‍ജ്ജ്, ജോര്‍ജ്ജ് ചടയംമുറി, പി.ടി. പുന്നൂസ് തുടങ്ങി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒട്ടേറെ ക്രൈസ്തവ നേതാക്കളുടെയും പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 57ല്‍ അധികാരത്തിലെത്തിയത്. ഈ ഗവണ്മെന്റിനു സമാന്തരമായി പാര്‍ട്ടി തന്നെ ഒരു അധികാര കേന്ദ്രമായി മാറുകയും ജനകീയ കോടതി ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നടപടികള്‍ നടപ്പാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ്സും, ക്രൈസ്തവ മതസമൂഹവും ഗവണ്മെന്റിനെതിരെ ശക്തമായ നിലപാടെടുത്തു. ഈ സാമുദായിക മത ഐക്യം വിമോചന സമരമെന്ന ജനകീയ മുന്നേറ്റത്തിനും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ പിരിച്ചുവിടലിലും കലാശിച്ചു. വിമോചന സമരം കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായി. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ കര്‍ഷകവിരുദ്ധ നയങ്ങളും, സി.കെ. ഗോവിന്ദന്‍നായരുടെയും, സി.എം. സ്റ്റീഫന്റെയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നു പി.ടി.ചാക്കോയ്ക്ക് നേരിടേണ്ടിവന്ന അവഗണനയുമാണ് കേരള രാഷ്ട്രീയത്തിന്റെ ദിശമാറ്റിയ കേരളാ കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തിന് കാരണമായതെങ്കിലും ഒരു പാര്‍ട്ടി അനിവാര്യമാക്കി തീര്‍ത്തത് വിമോചനസമരത്തിലൂടെ രൂപംകൊണ്ട ക്രൈസ്തവ – നായര്‍ ഐക്യവും വിമോചനസമരത്തിന്റെ വിജയവുമാണ്.
1969 ല്‍ സി.അച്യുതമേനോന് മന്ത്രിസഭയിലൂടെയാണ് കേരളാ കോണ്‍ഗ്രസ് ഭരണപഥത്തിലെത്തുന്നത്. വളരുംതോറും പിളരും പിളരുംതോറും വളരും എന്ന് കേരളാ കോണ്‍ഗ്രസ്സിനെക്കുറിച്ച് പറയാറുണ്ടല്ലോ. ആ പാര്‍ട്ടി കഴിഞ്ഞ 55 വര്‍ഷക്കാലത്തിനിടയ്ക്ക് രണ്ടുഡസന്‍ പിളര്പ്പിനെയെങ്കിലും നേരിട്ട് ഇന്ന് അരഡസന്‍ ഗ്രൂപ്പുകളായി ശിഥിലീകരിച്ചു കഴിഞ്ഞു. 1964 ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്രന്മാരുള്പ്പെടെ 25 സീറ്റ് നേടാന്‍ കഴിഞ്ഞുവെങ്കില്‍ ഇന്ന് എല്ലാ ഗ്രൂപ്പിലുമായി 6 എംഎല്‍എമാരായി ചുരുങ്ങിയിരിക്കുന്നു. വിവിധ കാലയളവുകളില്‍ ഇടത് – വലത് മുന്നണികളില്‍ മാറിമാറി ചേക്കേറി അധികാരത്തില്‍ പങ്കുവഹിച്ച കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ആ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ കൈയ്യൊഴിയുകയായിരുന്നു.
ആഗോളീകരണത്തെ ഗുണപരമായി മാറ്റിയെടുത്ത് കാര്‍ഷിക – ചെറുകിട വ്യവസായമേഖലയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള കാഴ്ചപ്പാടുകളാണ് കെ.എം. മാണി തന്റെ അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവച്ചത്. ദുഃഖകരമെന്ന് പറയട്ടെ, അധികാരത്തിന്റെ ഇടനാഴികള്‍ മാത്രം തേടുന്ന കേരളാ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് നേതാക്കള്‍ കര്‍ഷകരുടെ മാഗ്നാകാര്‍ട്ടാ എന്ന് വിശേഷിപ്പിക്കാവുന്ന അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തം ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല.
കെ.എം. മാണിയുടെ രാഷ്ട്രീയ കണക്കുകള്‍ തെറ്റുന്നതാണ് അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ കണ്ടത്. ബാര്‍കോഴ കേസിലെ തുടരന്വേഷണം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് പ്രഹരമായി. മുഖ്യമന്ത്രി പദത്തിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിച്ചിടാന്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നും, ജോസഫ് വിഭാഗം യുഡിഎഫ് വിടാന്‍ തയ്യാറാകാത്തതിനാലാണ് മാണിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റതെന്നും ഇക്കാരണത്താലാണ് ബാര്‍കോഴ കേസ് പുനരുജീവിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും രാഷ്ട്രീയവൃത്തങ്ങളിലിന്നും ചര്‍ച്ചയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞ സിപിഎം സ്വന്തം മുഖം രക്ഷിക്കാന്‍ നിയമസഭയ്ക്കുള്ളിലും പുറത്തും മാണിയ്ക്ക് എതിരെ വന്‍പ്രതിഷേധങ്ങള്‍ നടത്തി.
2010 ല്‍ പാലായില്‍ നടന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് – മാണി ഗ്രൂപ്പ് ലയനം ഫലവത്തായില്ലെന്നാണ് അനന്തരസംഭവങ്ങള്‍ തെളിയിക്കുന്നത്. 2016 ആഗസ്റ്റ് 10 ന് ചരല്‍ക്കുന്നില്‍ ചേര്‍ന്ന ക്യാമ്പില്‍ ‘ജനപക്ഷ രാഷ്ട്രീയം പുതിയൊരു കേരളം’ എന്ന ശീര്‍ഷകത്തില്‍ ജോസ് കെ. മാണി എംപി അവതരിപ്പിച്ച പ്രമേയത്തില്‍ തന്നെ വീണ്ടും ഒരു പിളര്‍പ്പിനുള്ള ഭ്രൂണമുണ്ടായിരുന്നു. ക്യാമ്പിന്റെ സമാപനത്തെ തുടര്‍ന്ന് കെ.എം.മാണി നടത്തിയ പത്രസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് ഒരു സ്വതന്ത്രബ്ലോക്കായി മാറുമെന്ന പ്രഖ്യാപനം വെറും ജലരേഖയായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നു പുറത്തുവരാനുള്ള മാണിയുടെ അഭ്യര്‍ത്ഥനയും ജോസഫ് നിരസിച്ചു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നണി മര്യാദകള്‍ പോലും മറന്ന് പരസ്പരം കാലുവാരല്‍ നടത്തി. സിപിഎമ്മുമായി തുടര്‍ന്നുപോന്ന രഹസ്യബാന്ധവം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുവന്നതോടെ ജോസ് വിഭാഗത്തെ യു.ഡി.എഫ്.ല്‍ നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി.
ക്യാഷ് കൗണ്ടിംഗ് മെഷിനോടൊപ്പം പ്രശ്നങ്ങളുടെ ഭാണ്ഡവുമായാണ് ജോസിന്റെ ഇടത് മുന്നണി പ്രവേശനം. പ്രശ്നങ്ങള്‍ വലത് മുന്നണിയില്‍ നിന്നും ഇടത് മുന്നണിയിലേക്കുകൂടി സംക്രമിച്ചിരിക്കുന്നു. പാലാ നിയോജകമണ്ഡലം, മുന്നണി പ്രവേശനത്തില്‍ സി.പി.ഐ.യുടെ എതിര്‍പ്പ്, സീറ്റിന്റെ പേരില്‍ രൂപപ്പെടുന്ന ഘടകകക്ഷികളുടെ പ്രതിഷേധങ്ങള്‍ ഇവയൊക്കെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുതിയ തലവേദനയാകും.
പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ പുതിയ പുതിയ ചക്രവാളങ്ങളാണ് അനുദിനം തുറക്കുന്നത്. മുഖ്യ മന്ത്രിയുടെ ആഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതികളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അവയെ പ്രതിരോധിക്കാന്‍ കഴിയാതെ സിപിഎം നേതാക്കള്‍ വര്‍ഗ്ഗീയ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നു. നുണപ്രചരണങ്ങള്‍ നടത്തുന്നു. എന്നാല്‍ മാറിയ മാധ്യമലോകത്ത് ജനങ്ങള്‍ വസ്തുതകള്‍ നേരിട്ടറിയുന്നു. വിമോചന സമരത്തിനുശേഷം മറ്റൊരു ഗവണ്മെന്റിനും ഇത്രയും ജനരോഷം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. കോവിഡ് കാലത്ത് മരണത്തെപ്പോലും നിസ്സാരവത്കരിച്ച് അഴിമതിയ്ക്കും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനുമെതിരെ വനിതകളും യുവാക്കളും തെരുവിലിറങ്ങി പിണറായി ഗവണ്മെന്റിനെതിരെ പോരാടുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി പിണറായി പോലീസ് ജനങ്ങളെ ചവിട്ടിയരയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും ഭാഗമാകുമ്പോള്‍ ഇരുപാര്‍ട്ടികളുടെയും അണികളെ സമാധാനിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് താത്വികാചാര്യന്‍ ഇ.എം.എസ്. ശങ്കരന് നമ്പൂതിരിപ്പാട് പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് ‘ഒരേ തൂവല്‍പ്പക്ഷികള്‍ ഒന്നിച്ചു ചേക്കേറുമെന്ന്’.
മതവും രാഷ്ട്രീയവും സമഞ്ജസമായി കൂടിക്കലരുന്ന സവിശേഷ രാഷ്ട്രീയ സമവാക്യമാണ് കേരളാ കോണ്‍ഗ്രസ്സിന്റേത്. ഭാരതത്തിന്റെ ദേശീയ ധാരയുമായി സംയോജിച്ചു പോരുന്നതാണ് ക്രൈസ്തവ സഭാ വീക്ഷണങ്ങള്‍. അതുകൊണ്ടാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടത് – വലത് മുന്നണികളും ചില മുസ്ലീം തീവ്രവാദ സംഘടനകളും നടത്തിയ പ്രചണ്ഢമായ കുപ്രചരണങ്ങള്‍ക്കെതിരെ മുഖം തിരിക്കാന്‍ മധ്യകേരളത്തിനു കഴിഞ്ഞത്. രാജഭരണം മുതല്‍ യോജിച്ചും വിയോജിച്ചും തിരുവിതാംകൂറിന്റെയും തുടര്‍ന്ന് കേരളത്തിന്റെയും സാമൂഹ്യ – സാമ്പത്തിക – രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ് ക്രൈസ്തവ സമൂഹം. ദേശീയതയുമായി പൊക്കിള്‍കൊടി ബന്ധം വിച്ഛേദിക്കാത്തവരും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്നവരുമാണ് കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ടര്‍മാര്‍. കര്‍ഷക താത്പര്യങ്ങളെ മുന്‍നിര്‍ത്തി രൂപംകൊണ്ട ഈ പ്രാദേശിക പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധിയാണ്. ആഗോളീകരണത്തിന്റെ ഫലമായി രൂപംകൊണ്ട അന്തര്‍ദേശീയ കാര്‍ഷിക കരാറുകള്‍ കാര്‍ഷിക പ്രശ്നത്തെ പ്രാദേശികകതലത്തില് മാത്രം അഡ്രസ്സ് ചെയ്യാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമാക്കി. ഈ കാര്‍ഷിക സമൂഹത്തില്‍ നിന്നും ഉരുവംകൊണ്ട കാര്‍ഷിക – വ്യാപാര-വ്യവസായ സമൂഹത്തിനും ദേശീയരാഷ്ട്രീയ പങ്കാളിത്തം അനിവാര്യമാകുന്നു. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന വ്യാമോഹവും അസ്തമിച്ചുകഴിഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം,
9747132791
പ്രതികരിക്കാൻ ഇവിടെ എഴുതുക: