മരട്: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ മോഷണം. 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. രണ്ട് ഭണ്ഡാരങ്ങളും കുത്തിതുറന്നിട്ടുണ്ട്. ഓഫീസ് മുറിയില്‍ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണംപോയത്. വിശേഷ ദിവസങ്ങളില്‍ ദേവന് ചാര്‍ത്താന്‍ ഉപയോഗിച്ചിരുന്നവയാണിത്.
ആവശ്യം കഴിഞ്ഞ് തിരിച്ച് ഇവ ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഭക്തജനങ്ങളില്‍ നിന്ന് പലപ്പോഴായി വഴിപാടായി ലഭിച്ചതായിരുന്നു ആഭരണങ്ങള്‍. സ്വര്‍ണ്ണമാല, താലി, താലി ചരട്, ആള്‍രൂപങ്ങള്‍ തുടങ്ങിയവയായിരുന്നു ആഭരണങ്ങള്‍. ആകെ നാല് അലമാരകളാണ് ഓഫീസ് മുറിയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം കുത്തിതുറന്ന നിലയിലായിരുന്നു. ഒരെണ്ണത്തിന്റെ ലോക്കര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ഓഫീസ് മുറിയില്‍ നിന്ന് പോലീസിന് ലഭിച്ചു.
ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തില്‍ ജീവനക്കാരെത്തിയപ്പോള്‍ ഓഫീസ് മുറി തുറന്നിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് പോലീസിലും, ദേവസ്വം ബോര്‍ഡിലും വിവരമറിയിച്ചു.
വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ്, ദേവസ്വം വിജിലന്‍സ് സ്‌ക്വാഡ് കൂടാതെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ക്ഷേത്രത്തിന് വടക്കുഭാഗത്തായുള്ള കുളക്കടവിലേക്കും, തെക്ക് ഭാഗത്തായുള്ള ആക്‌സിസ് ബാങ്ക് കെട്ടിടത്തിലേക്കുമാണ് പോലീസ് നായ മണം പിടിച്ചെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മരട് പോലീസ് എസ്എച്ച്ഒ വിനോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: