ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് ദക്ഷിണേന്ത്യന്‍ സിനിമാതാരം ഖുശ്ബു സുന്ദര്‍. ആറു വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകയായിരുന്ന അവര്‍ പുതിയ സാഹചര്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്?
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ കടുത്ത വിയോജിപ്പുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ നയങ്ങളിലും പ്രവര്‍ത്തന ശൈലിയിലും ഗുണപരമല്ലാത്ത മാറ്റങ്ങള്‍ സംഭവിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ എന്റെ സ്ഥാനമാനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ പ്രാദേശിക നേതാക്കള്‍ കഴിഞ്ഞ നാല് വര്‍ഷമായി എന്നെ അവഗണിക്കുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. ഇതൊന്നും ഒരു ദിവസം രാത്രി ഉറക്കം എഴുന്നേറ്റപ്പോള്‍ ഉണ്ടായതല്ല. ഇതെല്ലാം കൊണ്ടാകും ജോതിരാദിത്യ സിന്ധ്യയെ പോലുള്ളവര്‍ പോലും പാര്‍ട്ടി വിട്ടു പോയത്.
ബിജെപി താങ്കളുടെ കാഴ്ച്ചപ്പാടില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ?
എന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് ആ പാര്‍ട്ടിയെ ശരിയായി മനസിലാക്കി എന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള വിഷയങ്ങള്‍ എറ്റെടുക്കുന്നു എന്നു കരുതി അവര്‍ ഹിന്ദു വിരുദ്ധരാണെന്ന് പറയാന്‍ കഴിയുമോ? അതുപോലെ തന്നെയാണ് ബിജെപിയുടെ കാര്യങ്ങളും.
കടുത്ത മോദി വിമര്ശകയായിരുന്നല്ലോ…?
ശരിയാണ് ഞാന്‍ അതൊന്നും നിഷേധിക്കാനില്ല. അതെല്ലാം ചെയ്തത് എന്റെ ട്വിറ്റര്‍ അക്കൗണ്ട് അഡ്മിന്മാരായിരുന്നു എന്ന് പറഞ്ഞൊഴിയാനുമില്ല. ഞാന്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ മുത്തലാഖ് ബില്ലിനെ പിന്തുണച്ചു. അന്ന് ഞാന്‍ മോദിയെ അഭിനന്ദിച്ചപ്പോള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായി. എന്നാല്‍ ഒരു കാര്യത്തിലും എതിര്‍ക്കാന്‍ വേണ്ടി ഞാന്‍ എതിര്‍ത്തിട്ടില്ല. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എതിര്‍ക്കുക മാത്രമല്ല, പ്രശ്നത്തിനൊരു പരിഹാരം നിര്‍ദ്ദേശിക്കുക എന്നതുകൂടിയാണ്.
ഈ മാസം ആറു വരെ കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നല്ലോ? മോദിയെ വിമര്‍ശിക്കുകയും ചെയ്തു. പിന്നീട് എന്തുമാറ്റമാണുണ്ടായത്?
ഒന്നും മാറിയിട്ടില്ല. എന്റെ ആശയങ്ങള്‍ എന്റെ മനസില്‍ ഉണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം എനിക്ക് എന്റെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കണമായിരുന്നു. അവസാന നിമിഷം വരെ ഞാന്‍ എന്റെ പാര്‍ട്ടിയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. എന്നിട്ടും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ഈ അകല്‍ച്ച എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് താത്പര്യം.
തമിഴ് വിരുദ്ധതയാണ് ബിജെപി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതില്‍ അഭിപ്രായം എന്ത്? നമ്മള് തമിഴ്നാടിനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് ഉത്തരവാദി ആരാണ്? പ്രതിപക്ഷത്തുള്ള എം പി മാരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
തമിഴ് ഭാഷയുടെ പിതാവായ കവി ഭാരതീയാര്‍ വിവിധ ഭാഷകളില്‍ പരിജ്ഞാനമുള്ള പണ്ഡിതനായിരുന്നു. എനിക്കും നിരവധി ഭാഷകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമ്മയെന്ന നിലയില്‍ എന്റെ മക്കളോടും കഴിയാവുന്നത്ര ഭാഷകള്‍ പഠിക്കാനാണ് ഞാന്‍ ആവശ്യപ്പെടാറ്. ഹിന്ദി ഉള്‍പ്പെടെയുള്ള ഒരു ഭാഷകളും ഇവിടെ അടിച്ചേല്‍പ്പിക്കുന്നതിന്റെ പ്രശ്നങ്ങള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: