കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇനി എല്‍ഡിഎഫില്‍. മുന്നണി പ്രവേശനം സംബന്ധിച്ച് കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റുന്നതായിരിക്കും ഈ മുന്നണി പ്രവേശനം. ധാര്‍മ്മികത മുന്‍ നിര്‍ത്തി രാജ്യസഭ എംപി സ്ഥാനം രാജിവെയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.
എന്നാല്‍ തോമസ് ചാഴിക്കാടന് എംപി സ്ഥാനം രാജിവെയ്ക്കില്ല. നിലവില്‍ യാതൊരു ഉപാധികളും ഇല്ലാതെയാണ് തങ്ങള്‍ ഇടതിലേക്ക് പോകുന്നതെന്നും ജോസ് കെ. മാണി അറിയിച്ചു. അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും ഇടത് മുന്നണിയും തമ്മില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയതായും സൂചനയുണ്ട്. കെ.എം. മാണിയെ അപമാനിച്ചതായി ജോസ് കെ. മാണി യുഡിഎഫിനെതിരെ ആരോപിച്ചു. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും കടുത്ത അനീതിയാണ് നേരിടേണ്ടി വന്നത്. എംഎല്‍എമാരും അപമാനം നേരിടേണ്ടി വന്നു. നീചമായ വ്യക്തിഹത്യയാണ് തനിക്ക് എതിരെ ഉണ്ടായത്. രണ്ട് എംപിമാരുള്ള പാര്‍ട്ടിയെ പുറത്തിക്കിയത് ഒരു പഞ്ചായത്തിന്റെ പേരില്‍ ആണ്. ചരിത്രത്തില്‍ പോലും ഇല്ലാത്ത നടപടിയാണിത്.
കെ.എം. മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമച്ചിപ്പോള്‍ മൗനമായി പിജെ ജോസഫിന് യുഡിഎഫ് നേതാക്കള്‍ സഹായം ചെയ്തു. തങ്ങളെ യുഡിഫിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ഒരു ചര്‍ച്ചയും ഉണ്ടായില്ല. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വ്യക്തമായ അജണ്ടയുണ്ട്. അജണ്ടയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മാഭിമാനം അടിയറ വെച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. റോഷി അഗസ്റ്റിന്, എന്‍ ജയരാജ് ,തോമസ് ചാഴിക്കാടന് എന്നിവര്‍ ജോസിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: