കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്ക് ആണെന്ന എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ പ്രചരണം കള്ളമാണെന്ന് ബിജെപി. സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുന്നതിനായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ഞങ്ങള്‍ക്കും ഹൈടെക്ക് ആവണം എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ പ്രചരണ – സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അറിയിച്ചു.
നിരവധി സ്കൂളുകള്‍ അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗകര്യമില്ലാതെ അടച്ചുപൂട്ടിയ സ്കൂളുകളും ഈ മാതൃകാ മണ്ഡലത്തിലുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങിയപ്പോള്‍ പാവപ്പെട്ട നൂറുകണക്കിന് കുട്ടികളുടെ പഠനത്തിന് വഴിമുട്ടിയപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് എംഎല്‍എയും സര്‍ക്കാറും ഇപ്പോള്‍ സ്വയം ഹൈടെക്ക് എന്ന പ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്.
ഞങ്ങള്‍ക്കും ഹൈടെക്ക് ആവണം പ്രചരണ, സമരപരിപാടികള്‍ക്ക് ഒക്ടോബര്‍ 19ന് തുടക്കം കുറിക്കുമെന്നും കെ. ഷൈബു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: