വടശേരിക്കര: ശബരിമല വനത്തിൽ താമസിക്കുന്ന വനവാസികൾക്കു ഭൂമി ലഭിക്കാൻ സാധ്യത ഒരുങ്ങുന്നു. ഈ മേഖലയിൽ താമസിക്കുന്ന 104 വനവാസി കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ഭൂമിയും, വാസയോഗ്യമായ വീടും ദീർഘനാളായുള്ള ആവശ്യമാണ്. ഇവരുടെ ദുരിതങ്ങളെപറ്റി ജന്മഭൂമി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ളാഹ മഞ്ഞത്തോട്ടിലെ 15 ഓളം കുടുംബങ്ങൾക്കാണ് ഭൂമി ലഭിക്കാൻ വഴി ഒരുങ്ങുന്നത്. ഇവർക്കായി 10 ഏക്കർ ഭൂമിയാണ് നൽകാൻ വനം വകുപ്പ് തയ്യാറായത്. കഴിഞ്ഞ ദിവസം ഭൂമി അളന്നു തിട്ടപ്പെടുത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘവും എത്തിയെങ്കിലും രേഖകളിലെ അപാകത കാരണം അളവ് പൂർത്തിയാക്കാതെ മടങ്ങി. അതേസമയം ചാലക്കയം, പമ്പ, മൂഴിയാർ എന്നിവടങ്ങളിൽ താമസിക്കുന്ന വനവാസി കുടുംബങ്ങൾക്ക് ഭൂമി നല്കുന്നതിനെപ്പറ്റി ധാരണയായിട്ടില്ല.
മഞ്ഞത്തോട്ടിൽ കുടുംബം ഒന്നിന് കുറഞ്ഞത് ഒരേക്കർ സ്ഥലം വീതമെങ്കിലും കൃഷിക്കായി നൽകണമെന്നാണ് വനവാസികൾ ആവശ്യപ്പെടുന്നത്. വനാവകാശ നിയമം 2006 അനുസരിച്ച് കുടുംബം ഒന്നിന് 10 ഏക്കർ വസ്തു നല്കണമെന്നാണെങ്കിലും ഇപ്പോൾ 15 ഓളം കുടുംബങ്ങൾക്ക് മൊത്തമായി 10 ഏക്കർ മാത്രമാണ് നൽകുന്നത്. നേരത്തെ ഗുരുനാഥൻ മണ്ണിൽ ഇങ്ങനെ സ്ഥലം കൊടുത്തിരുന്നെങ്കിലും വനവാസികൾ പ്രദേശം ഉപേക്ഷിച്ചു പോയി. സ്ഥലം കൊടുത്തതിനൊപ്പം ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് ഇതിന് കാരണം. മഞ്ഞതോട്ടിൽ കൃഷി സ്ഥലം നൽകി കുറഞ്ഞത് അഞ്ചു വർഷത്തേങ്കിലും ഊരു സംരക്ഷണ സമിതി രൂപീകരിച്ച് അവരുടെ മേൽനോട്ടത്തിൽ കൃഷിയും വാസസ്ഥാനവും പാകപ്പെടുത്താൻ വനവാസികളെ പരിചയിപ്പിച്ചാലേ പുതിയ ആവാസ വ്യവസ്ഥയുമായി അവർ ഇണങ്ങി ചേരൂ. പട്ടിക വർഗ്ഗ, പഞ്ചായത്ത്, വനം, റവന്യു, കൃഷി, വിദ്യാഭ്യാസ വകുപ്പുകൾ നേതൃത്വം നൽകുകയും, പോലീസ്, കുടുംബശ്രീ, വനം സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ നിരന്തരമായ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തെങ്കിൽ മാത്രമേ വനവാസികൾക്ക് മുഖ്യ ധാരയിലേക്ക് എത്താൻ കഴിയൂ എന്നാണു ഈ രംഗത്തു പ്രവർത്തന പരിചയമുള്ളവരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: