പത്തനംതിട്ട: ജില്ലയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെ 1042 മണ്ഡലങ്ങൾ. ഇവയിൽ 415 മണ്ഡലങ്ങളാണ് ജനറൽ വിഭാഗത്തിനുള്ളത്. ബാക്കി സംവരണ പട്ടികയിലാണ്. ജനറൽ വിഭാഗത്തിൽ 365 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 50 എണ്ണം നഗരസഭകളിലുമാണ്.
53 ഗ്രാമപഞ്ചായത്തുകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലായി 2015ലെ നിലയിൽ തന്നെയാണ് വാർഡുകളുടെ നിർണയം. ത്രിതല പഞ്ചായത്തുകളിൽ 910 മണ്ഡലങ്ങളാണുള്ളത്. നഗരസഭകളിൽ 132 വാർഡുകളുണ്ട്. വനിതാ സംവരണ വാർഡുകൾ ജനറൽ വിഭാഗത്തിൽ 488 എണ്ണമുണ്ട്. പട്ടികജാതി സ്ത്രീ സംവരണം 65 വാർഡുകളിലാണ്. 573 വനിതകളാണ് സംവരാണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടേണ്ടത്. ഇതാകട്ടെ മൊത്തം ജനപ്രതിനിധികളുടെ 54.99 ശതമാനമാണ്.
ത്രിതല പഞ്ചായത്തുകളിൽ 421, നഗരസഭകളിൽ 67 എന്നിങ്ങനെയാണ് ജനറൽ വിഭാഗത്തിലെ വനിതാ സംവരണ മണ്ഡലങ്ങൾ. പട്ടികജാതി വനിതാ വിഭാഗത്തിൽ ത്രിതല പഞ്ചായത്തുകളിൽ 56, നഗരസഭകളിൽ ഒമ്പതും സംവരണ മണ്ഡലങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളുണ്ട്. 53 ഗ്രാമപഞ്ചായത്തുകളിലായി 788 വാർഡുകൾ ഉള്ളതിൽ 317 ജനറൽ വാർഡുകളാണുള്ളത്. 363 വനിത, 49 പട്ടികജാതി വനിത, 56 പട്ടികജാതി, മൂന്ന് പട്ടികവർഗം എന്നിങ്ങനെയാണ് സംവരണ വാർഡുകളുടെ എണ്ണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് 106 മണ്ഡലങ്ങൾ ഉള്ളതിൽ 51 വനിത, ആറ് പട്ടികജാതി വനിത, എട്ട് പട്ടികജാതി സംവരണ വാർഡുകളുമുണ്ട്. ജനറൽ വിഭാഗത്തിൽ 41 മണ്ഡലങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 16 മണ്ഡലങ്ങളിൽ ഏഴെണ്ണം വനിത ജനറൽ സംവരണവും ഒരെണ്ണം പട്ടികജാതി വനിതാ സംവരണവുമാണ്. പട്ടികജാതി ജനറൽ വിഭാഗത്തിൽ ഒരു മണ്ഡലം സംവരണം ചെയ്തപ്പോൾ ഏഴെണ്ണം ജനറൽ വിഭാഗത്തിനു ലഭിക്കും. നാല് നഗരസഭകളിലായി 132 വാർഡുകൾ ഉള്ളതിൽ 50 എണ്ണം മാത്രമാണ് ജനറൽ വിഭാഗത്തിലുള്ളത്. 67 വാർഡുകൾ വനിതാ ജനറൽ വിഭാഗത്തിലും ഒമ്പത് പട്ടികജാതി വനിത സംവരണവുമാണ്. പട്ടികജാതിക്കാർക്കായി ആറ് സംവരണ വാർഡുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ജനറൽ വിഭാഗത്തിലായിരുന്ന മുഴുവൻ വാർഡുകളും സംവരണ വിഭാഗത്തിലേക്കു മാറ്റിക്കൊണ്ടാണ് നറുക്കെടുപ്പ് നടത്തിയത്. കഴിഞ്ഞതവണ സംവരണ പട്ടികയിലായിരുന്ന ചില വാർഡുകൾ മറ്റു വിഭാഗങ്ങളിലേക്കു സംവരണമായി തന്നെ മാറ്റപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: