തിരുവല്ല: കോവിഡ് അതിവ്യാപനത്തിലേക്ക് കടന്നതോടെ ആശുപത്രികളിലെ ജീവൻരക്ഷാ ഉപകരണങ്ങൾ തികയുന്നില്ല.ഇതിനോടകം ആയിരത്തോളം ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഇത് മൂലം ആശുപത്രികളിൽ കിടക്കുന്നവർക്ക് ശരിയായ പരിചരണം പോലും കൊടുക്കാൻ കഴിയുന്നില്ല. ഇതിന് പുറമേയാണ് ജീവൻ രക്ഷാ ഉപകരണങ്ങളുടെ കുറവും ജില്ലയെ വലയ്ക്കുന്നത്.ഇത് മൂലം വെന്റിലേറ്റർ,ഐസിയു എന്നിവയുടെ കാര്യത്തിൽ ജില്ല പിന്നിലാണ്.ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 25 ഐസിയുവും 15 വെന്റിലേറ്ററുമാണുള്ളത്. ഇതെല്ലാം തന്നെ രോഗികളുണ്ട്. ഗുരുതരാവസ്ഥയിൽ കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയതോടെ വെന്റിലേറ്ററിനും ഐസിയുവിനുമായി ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുകയാണ്.
കടുത്ത രോഗലക്ഷണങ്ങൾ ഉള്ളവർക്കു മാത്രം കോവിഡ് കേന്ദ്രങ്ങളിൽ ചികിത്സ എന്ന നയത്തിലേക്ക് ആരോഗ്യവകുപ്പ് മാറുന്നതോടെ ജില്ലയിലെ സിഎഫ്എൽടിസികൾ മിക്കതും ശൂന്യമാണ്. തിരുവല്ലയിൽ പ്രവർത്തികുന്ന കേന്ദ്രങ്ങളും ദിവസങ്ങൾക്കുള്ളിൽ നിർത്തുമെന്നാണ് അറിയുന്നത്. സിഎഫ്എൽടിസികൾ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ കുഴയുന്നതു കോവിഡ് ദരിദ്രരാക്കിയ ആളുകളാണ്. കോവിഡ് രൂക്ഷമായാൽ വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ചു കഴിയാൻ പറ്റില്ല. ജില്ലയിലെ പഞ്ചായത്തുകളിലും എഫ്എൽടിസികൾ ഒരുക്കുമെന്നും 10000 കിടക്കകൾ സജ്ജമാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.ഇതുവരെ തുറന്നത് 18എഫ്എൽടിസികൾ മാത്രം.നിലവിൽ ഏത് നിമിഷവും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ സജ്ജമായി കിടക്കകൾ ഒഴിവുണ്ട്. ഇനി ഇവ തുറക്കേണ്ടി വന്നാൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കി മാറ്റാനാണ് തീരുമാനം.എഫ്എൽടിസികളുടെ പ്രവർത്തനം പരിമിതപ്പെടുത്താനുള്ള പ്രധാന കാരണം ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യമാണ്. തുടക്കത്തിൽ 7 ദിവസം ഡ്യൂട്ടി എന്നത് പിന്നീട് 10 ദിവസമാക്കി ഉയർത്തുകയും ക്വാറന്റീൻ വെട്ടിച്ചുരുക്കുകയും ചെയ്തു.
ഒട്ടേറെ ആരോഗ്യപ്രവർത്തകർക്കു കോവിഡ് ബാധിക്കുകയും ജൂനിയർ ഡോക്ടർമാർ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തതോടെയാണു പ്രവർത്തനം താളം തെറ്റിയത്. സ്വകാര്യ ആശുപത്രികൾ ഇതുവരെ സേവനം വിട്ടുനൽകാൻ തയാറായിട്ടുമില്ല. സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഉൾപ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതി വ്യാപകം.കോവിഡ് ബാധിതർ മാനദണ്ഡങ്ങൾ പാലിച്ചു വീടുകളിൽത്തന്നെ കഴിയുന്നതിനാണു മുൻഗണന. എഫ്എൽടിസികളിൽ പൊതു ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുന്നതും ഭക്ഷണത്തിന്റെ പോരായ്മകളും പരാതി ഉയർത്തുന്നുണ്ട്. കൂടുതൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുകയും വോളണ്ടിയർമാരെ കണ്ടെത്തുകയും ചെയ്യുക എന്നതു തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിലും പൂർണമായി നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: