കൊല്ലം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തോടെ എല്‍ഡിഎഫും മുസ്ലിംലീഗും ഒന്നായിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍വകലാശാലയുടെ വിസിയായി മുബാറക് പാഷയെ നിമയിച്ചതിനെ എസ്എന്‍ഡിപി
യോഗം വിമര്‍ശിച്ചതിനെതിരെ ചൊവ്വാഴ്ച മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിരന്തരം തീവ്രവാദിയെന്ന് വിളിച്ച് കെ.ടി. ജലീലിനെ ആക്ഷേപിച്ചിരുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എന്നാല്‍ മുബാറക് പാഷയെ വൈസ് ചാന്‍സലറാക്കിയതോടെ മുസ്ലിം ലീഗിന് ജലീല്‍ മിടുക്കനായി.
എത്ര കൊണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈഴവ സമുദായം ഇത് തിരിച്ചറിയണം. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്ത് ബുദ്ധമതത്തിലേക്ക് മാറാന്‍ ആലോചിച്ച അവസ്ഥയിലേക്ക് ഈഴവസമൂഹം ഇന്ന് എത്തി നില്‍ക്കുകയാണ്. കേരളത്തില്‍ ജനാധിപത്യവും ആദര്‍ശ രാഷ്ട്രീയവുമൊക്കെ മരിച്ചു. മതാധിപത്യം വളരുകയും സംഘടിത മതശക്തികള്‍ കൊടികുത്തി വാഴുകയുമാണ്.
ഗുരുദേവന്റെ പേരില്‍ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഒരു പ്രവാസിയെ കെട്ടി ഇറക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഗുരുദേവദര്‍ശനങ്ങളുമായി വിദൂരബന്ധം പോലുമില്ല. ലോകാരാധ്യനായ ഗുരുദേവന്റെ ചിത്രം ഒരു ദിവസം പോലും മുസ്ലിംലീഗ് മുഖപത്രത്തില്‍ അടിച്ചു കണ്ടിട്ടില്ല. ഇവരുടെ മതേതരത്വത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയാനുമില്ല. വൈസ് ചാന്‍സലര്‍ പദവിയില്‍ മുസ്ലീമിനെ നിയമിക്കുന്നതില്‍ കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അഭിപ്രായം ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന് തെളിവാണ് പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലൂടെ പുറത്തുവന്നത്. അതില്‍ സന്തോഷമുണ്ടെന്നും ഇനി ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാര്‍ ഈഴവ സമുദായത്തെ വഞ്ചിച്ചെന്നും ശ്രീനാരായണീയരുടെ കണ്ണില്‍ക്കുത്തി എന്നുമായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ വിമര്‍ശനം. മുസ്ലിം പേരിനോട് ഓക്കാനമോ എന്നാണ് ചന്ദ്രിക മുഖപ്രസംഗത്തിലൂടെ മുസ്ലിം ലീഗ് ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: