തിരുവനന്തപുരം: പൊന്നാനിയില്‍ ഹൗറ മോഡല്‍ പാലത്തിന് അനുമതിയായ പശ്ചാത്തലത്തില്‍ എം.എല്‍.എ എന്ന നിലയില്‍ സ്വയം അഭിനന്ദിച്ച് കമന്റ് ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതില്‍ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്‌ക്രീന്‍ ഷോട്ട് വിഷയമാക്കി നിരവധി പേരാണ് സ്പീക്കറെ ട്രോളിക്കൊണ്ട് പോസ്റ്റ് ഇട്ടത്. കേരളത്തിലെ മനുഷ്യ നിര്‍മ്മിത അത്ഭുതമായി പൊന്നാനി പാലം മാറും SRKയുടെ വികസന മാജിക്ക് അഭിനന്ദനങ്ങള്‍ PROUD OF YOU.‘ ഇതാണ് ശ്രീരാമകൃഷ്ണന്റെ പേരില്‍ പ്രചരിച്ച കമന്റ്. എന്നാല്‍ പരിഹാസത്തിന് ഇടയാക്കിയ കമന്റ് താന്‍ ചെയ്തത് അല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി.
വിശദീകരണത്തിന്റെ പൂര്‍ണരൂപം-
പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍
‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: