കണ്ണൂര്‍: ആയിരം കോടിയോളം ചെലവിട്ട് നടത്തുന്ന ദേശീയപാതയുടെ വികസനം വടക്കന്‍ കേരളത്തില്‍ വന്‍ വികസന കുതിപ്പേകും, കാസര്‍കോട് തലപ്പാടി മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയുള്ള 146.45 കിലോമീറ്റര്‍ റോഡാണ് കേന്ദ്രഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി വികസിപ്പിക്കുന്നത്. 9693.98 കോടി രൂപയാണ് അടങ്കല്‍ തുക.
നാല് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തിയായ കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ദേശീയപാത 66ലെ ആറ് റീച്ചുകളുടെ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും നടത്തി. റോഡ് വികസന പദ്ധതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും ഇതിനെയെല്ലാം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.
പ്രവര്‍ത്തി ചെയ്യുന്ന ആറ് റീച്ചുകളും മലബാര്‍ മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. 39 കിലോമീറ്റര്‍ ദൂരമുള്ള തലപ്പാടി-ചെങ്ങള റോഡിന് 198.07 കോടിയും, 37.27 കിലോമീറ്റര്‍ ദൂരുമുള്ള ചെങ്ങള-നിലേശ്വരം പാതക്ക് 1746.45 കോടിയും 40.11 കിലോമീറ്റര്‍ ദൂരമുള്ള പേരോല്‍-തളിപ്പറമ്പ് പാതക്ക് 3041.65 കോടിയും 29.50 കിലോമീറ്റര്‍ ദൂരുമുള്ള തളിപ്പറമ്പ്-മുഴപ്പിലങ്ങാട് പാതയ്ക്ക് 2714.60കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 18.60 കിലോമീറ്റര്‍ ദൂരത്തിലുള്ള മുഴപ്പിലങ്ങാട്-അഴിയൂര്‍ പാതയുടെ പ്രവര്‍ത്തി നടന്നുവരികയാണ്. 883 കോടിയാണ് നിര്‍മ്മാണ ചെലവ്.
കണ്ണൂര്‍ ജില്ലയില്‍ നഗരങ്ങളെ ഒഴിവാക്കി ബൈപ്പാസുകളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ കാസര്‍കോട് നിലവിലുള്ള പാതയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ബൈപ്പാസ് വരുന്നതോടെ വികസനത്തിനായി നഗരത്തിലെ കടകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഒഴിവാകും. പയ്യന്നൂര്‍ കോത്തായിമുക്ക് മുതല്‍ പെരുമ്പ വരെയുള്ള പയ്യന്നൂര്‍ ബൈപ്പാസ് കുപ്പം-കുറ്റിക്കോല്‍-തളിപ്പറമ്പ് ബൈപ്പാസ്, കല്ല്യാശേരി മുതല്‍ കീച്ചേരിവരെ ബൈപ്പാസ്, ചാല ബൈപ്പാസ്, മുഴപ്പിലങ്ങാട് ബൈപ്പാസ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. 45 മിറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിര്‍മ്മാണം.
ആറുവരിപ്പാതക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഇഴഞ്ഞുനീങ്ങിയതിനാലാണ് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം നീണ്ടത്. ആവശ്യമായ സ്ഥലത്തിന്റെ 90 ശതമാനവും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറിയാലേ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയൂ. സാങ്കേതിക കാരണങ്ങളാല്പല സ്ഥലങ്ങളിലും ഇതിന് കഴിഞ്ഞിട്ടില്ല. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, രേഖകളുടെ അഭാവം, കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം വൈകല്‍ തുടങ്ങിയവയെല്ലാം ഭൂമി ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി. ഇതുകൂടാതെ ചില മത തീവ്രവാദ സംഘടനകളുടെയും ഇടത് നക്സലേറ്റ് സംഘടനകളുടെയും എതിര്‍പ്പും വൈകാന്‍ കാരണമായി. കീഴാറ്റൂര്‍ തുരുത്തിയില്‍ സമരങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞതോടെ സ്ഥലം ഏറ്റെടുപ്പ് ദ്രുതഗതിയിലാവുമെന്നാണ് പ്രതീക്ഷ. മേഘ, അദാനി ഗ്രൂപ്പുകള്‍ക്കാണ് നിര്‍മ്മാണ ചുമതല. ഡിസംബറോടെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.
ആറുവരി ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ മുഖച്ഛായ തന്നെ മാറും. അതോടൊപ്പം ഇപ്പോഴനുഭവിക്കുന്ന യാത്രാദുരിതത്തിനും അറുതിയാവും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പലതും അട്ടിമറിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്. പലതും പേര് മാറ്റി സംസ്ഥാന സര്ക്കാരിന്റേതാക്കാനും ശ്രമം നടന്നുവരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: