ആത്മാവിന് മായയാകുന്ന ഉപാധി മൂലമാണ് ഈശ്വരന് എന്ന അവസ്ഥയുണ്ടാകുന്നത്. ജഗത്തിന്റെ പ്രതീതിയും മായ കൊണ്ടാണ്. മായയ്ക്ക് പല ദാര്‍ശനികരും പല പേരും പറയുന്നു. എന്തായാലും പരമാത്മാവ് തന്നെയാണ് മായ മൂലം സമഷ്ടിയില്‍ ജഗത്തായും വ്യഷ്ടിയില്‍ ജീവനായും മാറുന്നത്. വ്യഷ്ടിയില്‍ പഞ്ചകോശങ്ങളിലൂടെയോ മൂന്ന് ശരീരങ്ങളിലൂടെയോ മൂന്ന് അവസ്ഥകളിലൂടെയോ ചൈതന്യം ജീവനായി പ്രകടമാകുന്നു. ബ്രഹ്മം കാര്യ ഉപാധിയില്‍ പ്രതിഭാസിക്കുമ്പോള് ജീവനെന്നും കാരണ ഉപാധിയിലിരിക്കുമ്പോള്‍ ഈശ്വരനെന്നും പറയുന്നു. ബ്രഹ്മത്തില്‍ ജീവത്വവും ഈശ്വരത്വവും ഉപാധികളിലൂടെ ആരോപിക്കപ്പെടുകയാണെന്നും പറയാം.
ശ്ലോകം 244
ഏതാവുപാധീ പരജീവയോസ്തയോഃ
സമ്യക് നിരാസേ ന പരോ ന ജീവഃ
രാജ്യം നരേന്ദ്രസ്യ ഭടസ്യ ഖേടകഃ
തയോരപോഹേ ന ഭടോ ന രാജാ
ഇവ രണ്ടുമാണ് ഈശ്വരന്റേയും ജീവന്റെയും ഉപാധികള്‍. ഇവയെ നന്നായി തള്ളിക്കളഞ്ഞാല്‍ പിന്നെ ഈശ്വരനും ജീവനുമില്ല. രാജ്യം രാജാവിന്റെയും പടക്കോപ്പ് പടയാളിയുടേയും ലക്ഷണമാണ്. അവ രണ്ടും നീക്കിയാല്‍ പിന്നെ രാജാവും പടയാളിയുമില്ല. ഈശ്വരന്റെ ഉപാധിയായ മായയും ജീവന്റെ ഉപാധിയായ പഞ്ചകോശവും നീക്കം ചെയ്താല്‍ പിന്നെ ബ്രഹ്മം മാത്രമാണ് അവശേഷിക്കുക. ഉപാധികളില്ലെങ്കില്‍ ഈശ്വരന്, ജീവന് എന്നീ അവസ്ഥകള്‍ക്ക് നിലനില്‍പ്പില്ല. രാജ്യമില്ലാത്ത രാജാവിനെപ്പോലെയും ആയുധമൊന്നുമില്ലാതെ നില്ക്കുന്ന പടയാളിയെപ്പോലെയുമാകും അത്.
ബ്രഹ്മം പരിമിതമായ ഉപാധിയിലൂടെ പ്രകടമാകുമ്പോഴാണ് അല്പനായ ജീവനായിത്തീരുന്നത്. എന്നാല്‍ പരിമിതിയില്ലാത്ത സമഷ്ടിയിലൂടെ പ്രകടമാകുമ്പോള്‍ സര്‍വശക്തനായ ഈശ്വരനാകുന്നു.
ജീവന് സദാ ദുഃഖിതനും ഒരുപാട് പ്രശ്നങ്ങളാല്‍ നട്ടംതിരിയുന്നവനുമാണ്. പൂര്‍ണത നേടാനും സുഖം നേടാനുമുള്ള പാച്ചിലില്‍ കൂടുതല്‍ ദുഃഖത്തിലേക്ക് വഴുതി വീഴുന്നു.എന്നാല്‍ ഈശ്വരന് ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയ കര്‍ത്താവും നിയാമകനുമായി വിരാജിക്കുന്നു.
ഇത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആയിരം മാത്ര ശക്തിയുള്ള ഒരു ബള്‍ബിന്റെയും അഞ്ച് മാത്ര ശക്തിയുള്ള മറ്റൊരു ബള്‍ബിന്റെയും പ്രകാശം നോക്കിയാല്‍ മതി. ഒരേ വൈദ്യുതി തന്നെയാണ് രണ്ട് ബള്ബിലൂടേയും പ്രകടമാകുന്നത് എങ്കിലും വലിയ മാത്ര ശക്തിയുള്ള ബള്‍ബിന്റെ പ്രകാശം ഒരിക്കലും ചെറുതിന് ഉണ്ടാകില്ല. ഒന്ന് മഹാ പ്രകാശം മറ്റേത് അല്പ പ്രകാശം. ഇതുപോലെയാണ് ഈശ്വരന്റെയും ജീവന്റെയും ചൈതന്യ സ്ഫുരണം. ഒരേ പരമാത്മാവെങ്കിലും ഉപാധി വ്യത്യാസം കൊണ്ട് ഒന്ന് പരിമിതവും മറ്റേത് അപരിമേയവുമായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: