ഇത് പാപത്തിന്റെ ദേവന് കലിയുടെ കാലം! ഭഗവാന് ശ്രീകൃഷ്ണന് സ്വര്‍ഗാരോഹണം ചെയ്ത ദിവസം കലിയുഗം ആരംഭിച്ചതായി ഭാഗവതത്തില്‍ കാണുന്നു. ഒരു ബ്രഹ്മാവിന്റെ കാലത്ത് 14 മന്വന്തരങ്ങള്‍. ഒരു മനുവിന്റെ കാലം മന്വന്തരം. ഇപ്പോള്‍ ഏഴാമത്തെ മനുവിന്റെ കാലം. ഓരോ മന്വന്തരത്തിനും കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങള്‍. ഇപ്പോള്‍ ദുരന്തദുഃഖങ്ങളുടേയും കാമക്രോധങ്ങളുടേയും കലിയുഗമാണ്.
പുരാണത്തില്‍ പറയുന്നതൊക്കെ കഥയല്ലതു കാര്യമെന്ന് ബോദ്ധ്യമാകുന്നു. മാര്‍ക്കണ്ഡേയമുനി പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു. പുരാണത്തിന്റെ ഏടുകളില്‍ നിന്നും അതു വായിച്ചെടുക്കുമ്പോള്‍ പ്രവചന സാക്ഷാത്ക്കാരത്തില്‍ അത്ഭുതം തോന്നുക സ്വാഭാവികം. കലിയുഗത്തില്‍ ലോകസ്ഥിതിയേക്കുറിച്ച് മാര്‍ക്കണ്ഡേയമുനി പ്രവചിച്ച ചിലകാര്യങ്ങളിങ്ങനെ:
എല്ലാവരും അസത്യവാദികളായിത്തീരും. യാഗവും ദാനവും നാമമാത്രമാകും. ജനങ്ങള്‍ അല്പ്പായുസ്സുകളായിത്തീരും, ശരീരവും ഹ്രസ്വമായിത്തീരും. മൃഗതുല്യരായ ജനങ്ങള്‍ ധാരാളമായി വര്‍ദ്ധിക്കും. ഗന്ധം ഘ്രാണത്തിനു അയോഗ്യമായിത്തീരും. രസങ്ങള്‍ക്കു സ്വാദുണ്ടാവുകയില്ല. നാട്ടുകാര്‍ ചോറും ബ്രാഹ്മണര്‍ വേദങ്ങളും വില്‍ക്കും. പശുക്കള്‍ക്ക് പാല്കുറയും. വൃക്ഷങ്ങള്‍ക്കു പൂവും കായും കുറയും. കാക്കകള്‍ ധാരാളം വര്‍ധിക്കും. മുനിമാര്‍ കച്ചവടക്കാരാകും. മനുഷ്യര്‍ ചതുരാശ്രമങ്ങള്‍ തെറ്റിക്കും. വിദ്യാര്‍ഥികള്‍ ഗുരുവിന്റെ മെത്തയില്‍ ശയിക്കും. കാലാകാലങ്ങളില്‍ മഴയുണ്ടാകുകയില്ല. വൃക്ഷലതാദികള്‍ പലയിടത്തും മുളയ്ക്കുകയില്ല. കൊലപാതകം സാര്വത്രികമാകും. ആളുകള്‍ കള്ളത്താപ്പുകള്‍ വച്ച് കച്ചവടം ചെയ്യും. കച്ചവടക്കാര്‍ ചതിയന്മാരായിത്തീരും. ധര്‍മ്മിഷ്ഠന്മാര്‍ കുറയും. പാപികള്‍ വര്‍ധിക്കും. പതിനാറു വയസ്സില്‍ നരബാധിക്കും. വൃദ്ധന്മാര്ക്ക് യുവാക്കളുടെ ശീലമുണ്ടാകും. പട്ടിണികൊണ്ട് ജനങ്ങള്‍ കൂട്ടംകൂട്ടമായി മരിക്കും. (മ.ഭാ. വനപര്‍വം 188-ാം അധ്യായം).
സമകാലിക ജീവിതത്തില്‍ ഈ പ്രവചനങ്ങളില്‍ ഏതാണ് നടക്കാത്തത്? ധര്മഗ്ലാനിയില് പ്രകൃതിയും നിയതിയും ക്ഷോഭിക്കും. പ്രളയ ദുരന്തവും വിഷാണു സ്ഫോടനവുമൊക്കെ അതിന്റെ ഭാഗമല്ലേ? വിനാശകാലത്ത് വിപരീത ബുദ്ധികൂടിയായാല് ദുരന്തദുഃഖങ്ങള് അനുഭവിക്കാതെ തരമില്ലല്ലോ? പാപത്തിന്റെ കരിനിഴല്‍ ചൂഴ്ന്നു നില്ക്കുന്ന ഈ കാലത്തെ അതിജീവിക്കാന്‍ പ്രാര്‍ത്ഥിക്കണം. അതുകൂടാതെ സത്ചിന്തകള്കൊണ്ടു മനസ്സിനെ ശുദ്ധമാക്കണം.
മഹാത്മാക്കളുടെ വചനങ്ങള്‍ ജീവിതത്തില്‍ സ്വാധ്യായം ചെയ്യുകയും അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും വേണം. ലോകത്തില്‍ മാറ്റത്തിനുവേണ്ടി ഏവരും ആഗ്രഹിച്ചാല്‍ പോരാ, സ്വയം മാറ്റത്തിന് ഓരോരുത്തരും വിധേയരാവുകയും വേണം. സ്വാമിവിവേകാനന്ദന്റെ വചനം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. വികാസമാണ് ജീവിതം, ഹ്രാസം മരണവും. സ്നേഹമാണു ജീവിതം, ദ്വേഷം മരണവും. അന്യവംശങ്ങളെ ദ്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍
നാം മരിക്കാനും തുടങ്ങി, ജീവിതമാകുന്ന വികാസത്തിലേക്കു മടങ്ങിയില്ലെങ്കില്‍ നമ്മുടെ മരണം തടയാന്‍ ഒന്നിനും കഴിയില്ലതാനും. പരിശുദ്ധിയിലും സ്ഥിരശ്രമത്തിലും നിന്നുതെറ്റാതെ ശങ്കരന് നമ്മെ കാത്തു രക്ഷിക്കട്ടെയെന്നാണ്. ജനനത്തെ നിര്‍ണയിക്കുന്നത് മനുഷ്യനാണ്.
എന്നാല്‍ മരണത്തെ നിര്‍ണയിക്കുന്നത് ഈശ്വരനാണ്. ഈ തത്ത്വബോധത്തോടെ ജീവിക്കുകയും ഈശ്വരനോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍ മഹാമാരിയായി എത്തിയ ഏത് കലിയേയും ദുരന്തത്തേയും നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് മഹദ്വചനങ്ങളും പുരാണചിന്തകളും നമ്മെ പഠിപ്പിക്കുന്നത്.
‘കലിയിളകിയ കാലം ശമിക്കാന്‍, കിനിയണം അല്പം കനിവ്.’
കല്ലട ഷണ്മുഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: