കണ്ണൂര്‍: ഇന്നലെ പ്രഖ്യാപിച്ച 50ാം മത് സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ കണ്ണൂരിന് അഭിമാനകരമായ നേട്ടം. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ’ മികച്ച നവാഗത സംവിധായകനുളള പുരസ്ക്കാരം നേടിയ രതീഷ് ബാലകൃഷ്ണ പൊതുവാള് പയ്യന്നുര്‍ അന്നൂര്‍ സ്വദേശിയാണ്. മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട മധുശ്രീ കണ്ണുര്‍ കുത്തുപറമ്പ് സ്വദേശിനിയും. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന്റെ മകളാണ് മധുശ്രീ.
മികച്ച രണ്ടാമത്തെ ചിത്രമായ ‘കെഞ്ചിറ’യുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് പയ്യന്നൂരിലെ നാടക പ്രവര്‍ത്തകനും കൂടിയായ മനോജ് കാനയാണ്. കൂടാതെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ സംഗീതത്തിലുടെ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശിയായ സുഷിന് ശ്യാമുമുണ്ട് കണ്ണൂരുകാരനായി.
രതീഷ് ബാലകൃഷ്ണ പൊതുവാളിനും മനോജ് കാനയ്ക്കുമുളള അംഗീകാരം പയ്യന്നൂരിന് ലഭിച്ച ഇരട്ടി മധുരമായി. മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തെരഞ്ഞെടുക്കപ്പെട്ടത് പയ്യന്നൂരിന്റെ ഹൃദയതുടിപ്പുകള്‍ ചിത്രീകരിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സിനിമയിലെ അഭിനയത്തിനാണെന്നതിലും പയ്യന്നൂരിന് അഭിമാനിക്കാം.
വടക്കെ മലബാറിലെ തനിനാട്ടുമ്പുറത്തുകാരന്റെ ഭാഷയാണ് സുരാജ് സിനിമയില്‍ ഉപയോഗിക്കുന്നത്. ജപ്പാനിലേക്ക് ജോലി തേടിപ്പോകുന്ന ഭാസ്കര പൊതുവാളിന്റെ ഏക മകന് സുബ്രഹ്മണ്യന് അച്ഛനെ നോക്കാനായി അയച്ചുകൊടുക്കുന്ന റോബര്‍ട്ടാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ജീവിതം ഒപ്പിയെടുക്കുന്ന സിനിമ അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ വേദനകളെയും യന്ത്രവല്ക്കരിക്കപ്പെട്ട ഡിജിറ്റല്‍ യുഗത്തിലെ സ്നേഹരഹിതമായ മനുഷ്യബന്ധങ്ങളെയും മനോഹരമായി അവതരിപ്പിക്കുകയായിരുന്നു. 2019 നവംബര്‍ എട്ടിന് റിലീസ് ചെയ്ത ഈ ചിത്രം ഹിറ്റ് സിനിമകളിലൊന്നായിരുന്നു. ജപ്പാനിസ് നടി ക്രെന്ഡ്രി സിഡ്റോ, സൗബിന്, സൈജുകുറുപ്പ് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അഭിനേതാക്കളായി എത്തുകയുണ്ടായി. നിവിന്‍ പോളിയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രതീഷ്.
മികച്ച രണ്ടാമത്തെ സിനിമയായ മനോജ് കാനയുടെ കെഞ്ചീര ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹിക പ്രശ്നങ്ങളെയും സമഗ്രമായ ആവിഷ്കരിക്കുന്ന ചിത്രമാണ്. വഞ്ചനയ്ക്കും ചൂഷണത്തിനും വിധേയരായി കിടപ്പാടം നഷ്ടപ്പെടുന്ന നിസ്സഹായരുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചിത്രത്തിലൂടെ വരച്ചുകാട്ടപ്പെടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹകനായ പ്രതാപ് പി. നായര്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും സിനിമയിലെ ആദിവാസി സമൂഹത്തിന്റെ വേഷവിധാനങ്ങള്‍ തനിമയാര്‍ന്ന അവതരിപ്പിച്ചതിന് അശോകന് ആലപ്പുഴയ്ക്ക് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിരവധി മികച്ച മനോജ് കാന നേരത്തെ ചായില്യമെന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. ഉറാട്ടിയെന്ന നാടകത്തിലൂടെ ദേശീയ നാടക പുരസ്കാരവും മനോജ് കാന നേടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: