തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതയുടെ കാര്യത്തില്‍ ആറര പതിറ്റാണ്ട് കാലം ആകെ നേടിയതിന്റെ നാലിലൊന്ന് നേട്ടം ആറു വര്‍ഷത്തെ മോദി ഭരണത്തില്‍ സാധിച്ചു.കേരളത്തിലെ വിവിധ ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെയാണ് കണക്ക് നിരത്തിയത്.
നിലവില്‍ 1782 കിലോമീറ്റര്‍ ദേശീയപാതയാണ് കേരളത്തിന് സ്വന്തമായിട്ടുള്ളത്. ഇതില്‍ 488 കിലോമീറ്ററും 2014 -20 കാലയളവിലാണ് പൂര്‍ത്തീകരിച്ചത്. 2009 -14 കാലത്തേക്കാള്‍ 569 ശതമാനം വര്‍ധനയാണ് ഇത്.
2014 -20 കാലയളവില്‍ ദേശീയപാത വികസനത്തിനായി 3820 കോടി രൂപയാണ് ചെലവിട്ടത്. ഇതിനുപുറമേ ദേശീയപാതയുടെ അറ്റകുറ്റപണികള്‍ക്കായി 671 കോടി രൂപയും ചെലവഴിച്ചു. വെള്ളപ്പൊക്കത്തിലോ, കാലക്രമേണയോ കേടുപാടുകള്‍ സംഭവിക്കുന്നത് പരിഹരിക്കുന്നതിനായി 96.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2024 ഓടെ 19,800 കോടിരൂപ ചിലവിട്ട് ഉള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുമെന്ന് അറിയിച്ച ഗഡ്കരി, 5327 കോടി രൂപ ചിലവില്‍ 549 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന 30 പദ്ധതികള്‍ നടന്നുവരികയാണെന്നും വ്യക്തമാക്കി. റോഡ് വികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണം എന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത് അടിസ്ഥാനസൗകര്യ വികസനത്തില്‍ കൂടുതല്‍ മൂലധനം ലഭ്യമാക്കും.
കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ ചിലവ് കൂടിയതാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര മന്ത്രി, സാന്‍ഡ് റോയല്‍റ്റി അടക്കമുള്ളവ സൗജന്യമാക്കാനും , റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ്, സിമന്റ്, ഉരുക്ക് എന്നിവയ്ക്ക് മേലുള്ള സംസ്ഥാന ചരക്ക് സേവന നികുതി ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ റോഡ് നിര്‍മ്മാണത്തിലെ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ നീക്കം ഉപകരിക്കും.
ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കായി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, ദേശീയപാതകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ തിരിച്ചറിയാനും അദ്ദേഹം സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായവും മന്ത്രാലയം ലഭ്യമാക്കുമെന്നും സുരക്ഷിതമായ പാതകള്‍, അപകടങ്ങള്‍ കുറയ്ക്കാനും ജീവനുകള്‍ രക്ഷിക്കാനും പ്രധാനമാണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: