കൊച്ചി: വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചത് സിപിഎം മുന്‍ എംപി എം.ബി. രാജേഷും ഭാര്യാസഹോദരന്‍ നിതിന്‍ കണിച്ചേരിയുമാണെന്ന് അഡ്വ. എ. ജയശങ്കര്‍. പ്രതികളെല്ലാം സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു. ഇരകളാക്കപ്പെട്ടവര്‍ ദരിദ്രരും പട്ടികജാതി വിഭാഗത്തിലുള്ളവരും. അതിനാല്‍ പോലീസ് ഉദാസീനമായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ ഇടപെടലും ഉണ്ടായി. പാലക്കാട് മുന്‍ എംപിയായ എം.ബി. രാജേഷും ഭാര്യാ സഹോദരനും അട്ടിമറിക്കാന്‍ ഇടപെട്ടു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ഇത് പറഞ്ഞിരുന്നു. കേസ് നല്‍കുമെന്നാണ് എം.ബി. രാജേഷ് അന്ന് ഭീഷണിപ്പെടുത്തിയത്. ഇതുവരെ കേസൊന്നും വന്നിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യത്തിനുള്ള അറിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരമുഖത്തെത്തിയത് സംബന്ധിച്ച് ‘ജന്മഭൂമി’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ നീതിയും ന്യായവും നിയമവാഴ്ചയും അട്ടിമറിക്കപ്പെട്ടു. ഇരകള്‍ക്ക് നീതി കിട്ടിയില്ല. കടുത്ത അനീതി അനുഭവിക്കേണ്ടി വന്നു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടക്കം ഉറപ്പുകൊടുത്തതാണ്. എന്നാല്‍ ഇതിന് വിപരീതമായാണ് സംഭവിച്ചത്. ഭരണകൂടത്തിന്റെയും പോലീസിന്റെയും വലിയ വീഴ്ചയാണിത്. എല്ലാ പ്രതികളും രക്ഷപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിചാരണ ചെയ്ത് വെറുതെ വിട്ട കേസ് സിബിഐക്ക് അന്വേഷിക്കാന്‍ പറ്റില്ല. ഭരണഘടനാപരമായി അതിന് വിലക്കുണ്ട്. കേസ് അട്ടിമറിച്ചതിന് പുറമെ ഇരകളെ പറഞ്ഞ് പറ്റിക്കുകയാണ് സര്‍ക്കാര്‍. അപ്പീല്‍ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതിലും വലിയ ഫലമൊന്നുമില്ല. വിചാരണ കോടതിയില്‍ ഇല്ലാത്ത തെളിവ് അപ്പീല്‍ കോടതിയില്‍ ഉണ്ടാവില്ലല്ലോ.
മൂത്ത കുട്ടിയാണ് ആദ്യം മരിച്ചത്. അതേ ആളുകള്‍ തന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തുന്നു. ആദ്യത്തെ സംഭവത്തില്‍ പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പ്രതികളെ വെറുതെ വിട്ടതിന് ശേഷമാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. നിയമപരമായി അതില്‍ കാര്യമില്ലല്ലോ. ഈ സാഹചര്യത്തില്‍ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലാ ജഡ്ജി പി.കെ. ഹനീഫ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ട്. അല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. കേസ് അട്ടിമറിച്ച ഡിവൈഎസ്പിക്ക് എസ്പിയായി സ്ഥാനക്കയറ്റം നല്കി. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ കാപ്സ്യൂള്‍ കിട്ടുന്നത് അനുസരിച്ചാണ് പ്രതികരിക്കുന്നത്. വളരെക്കാലമായി ഇങ്ങനെയാണ്. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: