സോള്‍: ചരിത്രത്തിലാദ്യമായി പൊതുവേദിയില്‍ കരഞ്ഞ് മാപ്പു പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിം മാപ്പുപറഞ്ഞത്. ഉത്തരകൊറിയയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് കിം വികാരാധീനനായത്. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ച് കൊറോണക്കാലത്ത് അവര്‍ക്കൊപ്പം നിലകൊള്ളാന്‍ തനിക്കായില്ല. അതിന് മാപ്പ്… കണ്ണട മാറ്റി, കണ്ണുനീര്‍ തുടച്ച് കിം പറഞ്ഞു.
തന്റെ പിതാമഹന്മാര്‍ രാജ്യത്തിനായി ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകത്തിലൂന്നിയായിരുന്നു കിമ്മിന്റെ പ്രസംഗം. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിഷിപ്തമായിരിക്കുന്നത്. എന്നാല്‍, ജനങ്ങളെ ബുദ്ധിമുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ തന്റെ ശ്രമങ്ങളും ആത്മാര്‍ഥതയും മതിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ ലോകത്തിന് എത്രമാത്രം വെല്ലുവിളിയുയര്‍ത്തുന്നുവെന്നത് കിമ്മിന്റെ വാക്കുകളില്‍ തെളിഞ്ഞുനിന്നിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കിം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയെ നേരിട്ട് വിമര്‍ശിക്കുന്നതും ഒഴിവാക്കി. എന്നാല്‍, ഉത്തരകൊറിയയില്‍ നടന്ന ശനിയാഴ്ചത്തെ സൈനിക പരേഡില്‍ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മേഖലയില്‍ ആശങ്കയുള്ളതായി ദക്ഷിണകൊറിയ അറിയിച്ചു.
















