തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്ത്തകന് നിധിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘത്തിലുണ്ടായിരുന്ന സനലെത്തിയത് ഊന്നുവടിയുടെ സഹായത്തോടെ. നിധിനെ കൊലപ്പെടുത്തുന്നതിനിടയില്‍ കൂട്ടാളികളില്‍ നിന്ന് വെട്ടേറ്റ് പരിക്കേറ്റ സനലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലയാളി സംഘത്തെ പോലീസ് തിരയുന്ന സമയത്ത് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സനലെത്തിയിരുന്നു. രണ്ടു വര്‍ഷമായി നട്ടെല്ലിന് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളയാളാണ് സനല്‍. കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനു ശേഷം മുമ്പത്തേ പോലെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സനല്‍. ഊന്നുവടിയുടെ സഹായത്താലാണ് ഇയാള്‍ നടന്നിരുന്നത്. കൊലയാളി സംഘത്തിലൊരാള്‍ ശാരീരിക അവശതയുള്ള ഒരാളാണെന്നു ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു.
സംഭവസ്ഥലത്ത് വടി കുത്തിപ്പിടിച്ചാണ് നടന്നിരുന്നത് സനലായിരുന്നുവെന്ന് പോലീസ് മനസിലാക്കി. നിധിനെ കൊലപ്പെടുത്തുന്നതിനിടെ സ്വന്തംസംഘാംഗങ്ങളില് നിന്ന് സനലിന് വെട്ടേറ്റ് പരിക്കുണ്ടായത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായമായി. വെട്ടേറ്റ് സനലിന്റെ വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പോലീസിന് വിവരം കൈമാറിയിരുന്നു. നാട്ടുകാര്‍ പറഞ്ഞയാള്‍ സനലാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയും ചെയ്തു.
വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് അറിയാമായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ എല്ലാ ആശുപത്രികളിലും പോലീസ് സനലിനായി അന്വേഷണം നടത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് വോക്കറിന്റെ സഹായത്തോടെ സനല്‍ ആശുപത്രി വരാന്തയിലൂടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പോലീസ് കാവലേര്‍പ്പെടുത്തി. തുടര്‍ന്ന് പോലീസിന്റെ ഓരോ ചോദ്യങ്ങള്‍ക്കും പ്രതി മറുപടി നല്കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാല്‍ ഇയാള്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്.
കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാലിയേക്കരയില്‍ നിന്നാണ് അക്രമിസംഘം കാര്‍ വാടകയ്ക്കെടുത്തത്. കാര്‍ ഓടിച്ചിരുന്നത് സംഘത്തില്‍ മദ്യപിക്കാതിരുന്ന സനലായിരുന്നു. മാങ്ങാട്ടുകരയില്‍ വെച്ച് നിധിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടതോടെ സ്പീഡില്‍ പാഞ്ഞെത്തി നേര്‍ക്കുനേര്‍ കാറിലിടിച്ചു. കരുതി കൂട്ടിയുള്ള ആക്രമണമാണെന്ന് മനസിലായ നിധിന് കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും നിധിനെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വിരലിനു സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ സനലിന്റെ കൈയ്യിന് വെട്ടു കൊണ്ടത്.
അതുവഴി വന്ന മറ്റൊരു കാര്‍ യാത്രക്കാരനെ മഴുവും വാളും കാട്ടി തടഞ്ഞ് നിര്‍ത്തി കൊലയാളി സംഘം കാറുമായി രക്ഷപ്പെടുകയായിരുന്നു. വഴിമധ്യേ സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു വിട്ടു. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് സനല്‍ ആദ്യം പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു അധികൃതര്‍ റഫര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ആംബുലന്‍സിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് സനലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: