തൃശൂര്‍: വിയ്യൂര്‍ ജയിലിനു കീഴിലുള്ള അമ്പിളിക്കല കൊറോണ സെന്ററില്‍ കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീര്‍ മരിക്കാനിടയായ സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. മരിച്ച ഷമീറിന്റെ ഭാര്യയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊഴി തൃശൂരിലെത്തി ഡിജിപി രേഖപ്പെടുത്തും. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവ ദിവസം അമ്പിളിക്കലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റി.
ഉത്തരമേഖല ജയില്‍ വകുപ്പ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ജയില്‍ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. അതേ സമയം മരണ കാരണമാകുന്ന മര്‍ദ്ദനം അമ്പിളിക്കലയില്‍ ഉണ്ടായിട്ടില്ലെന്നും ജയില്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആരോപണ വിധേയരായ ജയില്‍ ജീവനക്കാരില്‍ രണ്ട് പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമാണ് സ്ഥലം മാറ്റിയത്. ഷമീറിനെ മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ സുമി അടക്കമുള്ളവരുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ ചുമതലയുള്ള തൃശൂര്‍ എസിപി വി.കെ രാജു പറഞ്ഞു. ഇവരുടെ മൊഴിയെടുക്കാന്‍ സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയതിന് ശേഷമാവും ജയില്‍ ജീവനക്കാരെ പ്രതി ചേര്‍ത്തുള്ള നടപടി ഉണ്ടാവുക. ഷമീറിനെ മര്‍ദ്ദിച്ച പരാതിയെ കൂടാതെ പോലീസിന് ലഭിച്ച മറ്റു രണ്ട് പരാതികളിലും തുടര്‍നടപടികളെടുക്കുമെന്ന് എസിപി അറിയിച്ചു.
നാല്പത് മുറിവുകളാണ് ഷെമീറിന്റെ ശരീരത്തിലുണ്ടായിരുന്നത്.തലക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണമായതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ എസ്.ഷാനവാസ് ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ട് അന്വേഷണം നടത്തി ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമ്പിളിക്കല കൊറോണ സെന്ററില്‍ 17കാരനും അടുത്തിടെ മര്‍ദനമേറ്റ പരാതിയിലും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: