കോഴിക്കോട്: നഗരത്തിലെ ഗതാഗത സൗകര്യത്തില്‍ വലിയ മാറ്റത്തിന് കാരണമാവുന്ന കോഴിക്കോട് ബൈപ്പാസ് ആറുവരി കേന്ദ്ര പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ നടക്കും. രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി ശിലാസ്ഥാപനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, എം.കെ. രാഘവന് എംപി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28.4 കിലോമീറ്റര്‍ ബൈപ്പാസ് ആറുവരിയാക്കുന്നതോടെ നഗരത്തിലെ തിരക്ക് കുറയും. മൂന്നരവര്‍ഷത്തിനിടെ 74 പേരാണ് ബൈപ്പാസില്‍ വാഹനാപകടത്തില്‍ മരിച്ചത്. നാല് അപകടമേഖലകള്‍ ഇവിടെയുണ്ടെന്ന് നാറ്റ്പാക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ പദ്ധതി വരുന്നത് ഏറെ സഹായകരമാവും.
വെങ്ങളം, തൊണ്ടയാട്, പൂളാടിക്കുന്ന്, സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന് എന്നിവിടങ്ങളില്‍ ഏഴുമേല്പ്പാലങ്ങള് പണിയും. ഇതില്‍ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടുകയാണ് ചെയ്യുക.
മലാപ്പറമ്പ് ജങ്ഷനില്‍ 600 മീറ്ററോളം ഭൂഗര്‍ഭ’പാതയായാണ് ബൈപ്പാസ് കടന്നുപോവുക. മൊകവൂര്‍, കൂടത്തുംപാറ, അമ്പലപ്പടി, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും നിര്‍മിക്കുന്നുണ്ട്. പന്തീരാങ്കാവിലായിരിക്കും ടോള്‍ ബൂത്ത്. 1710 കോടിരൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ 40 ശതമാനം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് നല്‍കും. ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചാണ് കൈമാറുക.
2018 ഏപ്രിലില്‍ കരാറുപ്പിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. സാമ്പത്തിക പാക്കേജിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം കിട്ടിയാലുടന്‍ ടെന്‍ഡര്‍ വിളിച്ച് പ്രവൃത്തി കൈമാറുമെന്നാണ് കരാറുകാരായ ഇന്‍കല്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപാസ് കോഴിക്കോടിന് സ്വന്തമാകുന്ന സവിശേഷതകൂടി ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: