കാസര്‍കോട്: കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിനായുള്ള ‘മാഷ്’ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് പുത്തിഗെ പദ്മനാഭ മാസ്റ്റര്‍ മരിച്ചതിന്റെ ഉത്തരവാദിത്വം പിണറായി വിജയന് സര്‍ക്കാരിനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു.
കൊവിഡ് പ്രതിരോധത്തിലെ ആഗോളമാതൃക’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി അദ്ധ്യാപക സംഘടനകളുടെയടക്കം എതിര്‍പ്പുകളെ അവഗണിച്ച് അദ്ധ്യാപകരെ ബലിയാടാക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. കൊവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ അദ്ധ്യാപകര്‍ക്ക് നല്‍കുന്നില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. നിരന്തരം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികിത്സ നല്‍കാതിരുന്നതിനാലാണ് പത്മനാഭയ്ക്ക് ജീവന് നഷ്ടപ്പെട്ടത്. ആരോഗ്യവകുപ്പിനു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രസ്തുതസംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.
പട്ടികജാതിക്കാരനായ പദ്മനാഭയ്ക്ക് 2 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൂറംബൈല് ഗവ. ഹയര്‍സെക്കണ്ടറിയില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുന്നത്. പദ്മനാഭയുടെ മരണത്തോടെ അനാഥമായത് അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്ന മാനസികവൈകല്യമുള്ള സഹോദരന് കൃഷ്ണനും കുടുംബവുമാണ്. പുത്തിഗെ പഞ്ചായത്തിലെ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച പദ്മനാഭയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു പകരം മഞ്ചേശ്വരം ഗവ. കോളജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് കൈയ്യൊഴിയാനായിരുന്നു പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചത്. പദ്മനാഭയുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊവിഡ് പ്രതിരോധ ബോധവല്ക്കരണങ്ങളിലേര്പ്പെട്ടിരിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും മതിയായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ടാറ്റാ ഗ്രൂപ്പ് കൊവിഡ് ആശുപത്രി കൈമാറിയതിനുശേഷമാണ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാനുള്ള നോട്ടിഫിക്കേഷന്‍ പോലും പുറത്തിറങ്ങുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ പോലുമില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്കിയ കൊവിഡ് പ്രത്യേക ആശുപത്രിയിലെ ജീവനക്കാരുടെ നിയമനകാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെപോക്ക്. നേരത്തെ നിയമനം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ ഉദ്ഘാടന ദിവസം തന്നെ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കാന്‍ സര്‍ക്കാരിനു സാധിക്കുമായിരുന്നു.
കൊവിഡ് പ്രതിരോധത്തിലെ ആഗോളമാതൃക എന്നതില്‍ നിന്നും ഏറ്റവും മോശമായ സ്ഥിതിയിലേക്ക് കേരളമെത്തിപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി വിജയനും ആരോഗ്യവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അഡ്വ.കെ.ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: