കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 242 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 233 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 505 പേര്‍ക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ. വി.രാംദാസ് പറഞ്ഞു.
വീടുകളില്‍ 3856 പേരും സ്ഥാപനങ്ങളില്‍ 1504 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5360 പേരാണ്. പുതിയതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1335 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 408 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 542 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 304 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
14707 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര് വിദേശത്ത് നിന്നെത്തിയവരും 624 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 10660 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 130 ആയി. നിലവില്‍ 3917 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
ആദൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഇടയില്‍ കൊവിഡ് പടരുന്നു
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ സ്റ്റേഷന് പിന്നാലെ ആദൂര്‍ സ്റ്റേഷനിലും പോലീസുകാര്‍ക്ക് ഇടയില്‍ കൊവിഡ് പടരുന്നു. 10 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്കും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം താറുമാറായി. സ്റ്റേഷന് റൈറ്റര്‍ക്കും അസിസ്റ്റന്റ് റൈറ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്വാറന്റേനില്‍ പോയ എസ്ഐക്കു കടുത്ത പനിയുണ്ട്. കൂടെയുള്ള പോലീസുകാര്‍ക്ക് പലവിധ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.
എന്നിട്ടും അധികാരികള്‍ സമ്പര്‍ക്കമുള്ള പോലീസുകാരെ ക്വാറന്റേനില്‍ പോകാന്‍ സമ്മതിച്ചിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കൊവിഡ് ഉണ്ടെന്ന വിവരം പൊതു ജനങ്ങളില്‍ നിന്നും മറച്ചു വെക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതറിയാതെ സ്റ്റേഷനിലേക്ക് പരാതിയുമായും മറ്റ് സേവനങ്ങള്‍ക്കും ജനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
ആദൂര്‍ സ്റ്റേഷനില്‍ 30 പോലീസുകാരാണ് ഉള്ളത്. 10 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ബാക്കി 20 പേരാണുള്ളത്. അവധിയിലുള്ളവരെ തിരിച്ച് വിളിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോലീസുകാരില്‍ പലരും വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. ലക്ഷണമുള്ളവരടക്കമുള്ള പോലീസുകാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ഉടന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആദൂര്‍ സിഐ വി.കെ വിശ്വംഭരന് പറഞ്ഞു.
പരിശോധന നടത്താത്തത് മൂലം പോലീസുകാരുടെ കുടുംബങ്ങള്‍ ദുഖത്തിലാണ്. പ്രായമുള്ള അച്ഛനെയും അമ്മയെയും നോക്കേണ്ടവര് ചെറിയ കുട്ടികള്‍ ഉള്ളവര്‍ വരെ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. കൊവിഡിനെതിരെ പോരാടിയ പോലീസുകാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരെ പകുതി വീതം വിഭജിച്ചായിന്നു ഡ്യൂട്ടി നല്‍കിയത്. ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല.
ദിവസേന 50 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്തു വേണം പലര്‍ക്കും സ്റ്റേഷനിലെത്താന്‍. ഇത് മൂലം സാമ്പത്തികമായും ശാരീരികമായും പോലീസുകാര്‍ ക്ഷീണത്തിലാണ്. കൊവിഡ് ബാധിച്ചവരെ സ്റ്റേഷനിലെ ഒഴിഞ്ഞ ക്വര്ട്ടേഴ്കളില് താമസിപ്പിക്കുന്നതിനാല്‍ ബാക്കിയുള്ള പോലീസുകാര്‍ മറ്റ് വീടുകളില്‍ വാടകയ്ക്ക് താമസിച്ചു ഡ്യൂട്ടിക്കെത്തുകയാണ്. ക്വറന്റേനില് നില്‍ക്കുന്നവരും പോസിറ്റിവ് രോഗികളും സ്റ്റേഷനില്‍ നിന്നും കിലോമീറ്റര്‍ താണ്ടി പോയി പരിശോധന നടത്തേണ്ട അവസ്ഥയാണുള്ളതെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: