കാഞ്ഞങ്ങാട്: രണ്ടുകോടി മുടക്കിയ വൈദ്യുതിവിതരണ പദ്ധതി മണ്ണിനടിയിലും പുറത്തുമായി തുരുമ്പെടുക്കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മുടക്കമില്ലാത്ത വൈദ്യുതിക്കായി പട്ടണവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്. കാറ്റു വീശിയാലും മഴപെയ്താലും മണിക്കൂറുകളോളം അറ്റകുറ്റപ്പണിക്കായി കറന്റ് മുടങ്ങുന്ന കാഞ്ഞങ്ങാട് പട്ടണത്തിന്റ ദുരവസ്ഥയില്‍ നിന്നുള്ള മോചനമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്.
12 വര്‍ഷം മുന്‍പ് നടത്തിയ ഭൂഗര്‍ഭ വൈദ്യുതി വിതരണ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം മണ്ണടിഞ്ഞുകിടക്കുന്നത്. ഐ.പി. ആര്‍.ഡി.സി. കേന്ദ്രപദ്ധതിയിലാണ് കാഞ്ഞങ്ങാട് പട്ടണത്തില്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചത്. ആലാമിപ്പള്ളി മുതല്‍ അജാനൂരിലെ അതിഞ്ഞാല്‍ വരെയാണ് പദ്ധതിയില്‍ കുഴിയെടുത്ത് കേബിളുകള്‍ സ്ഥാപിച്ചത്.
പട്ടണത്തില്‍ മുടക്കവും തടസ്സവുമില്ലാത്ത വൈദ്യുതി വിതരണം. അതായിരുന്നു ഭൂര്‍ഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരവാസികള്‍ക്ക് കെ.എസ്.ഇ.ബി. നല്‍കിയ ശുഭപ്രതീക്ഷ. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനുമുന്‍പ് പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടക്കാത്തതാണ് തുടക്കം പാളുന്നതിന് ഇടയാക്കിയത്. മണ്ണിനടിയിലൂടെയിട്ട കേബിളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അപകടം ഉണ്ടാകുമെന്ന ബി.എസ്.എന്‍.എല്ലിന്റെയും ജലഅതോറിറ്റിയുടെയും തടസ്സവാദങ്ങളാണ് പ്രശ്‌നമായത്. ജലഅതോറിറ്റി പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും വൈദ്യുതിക്കേബിളുമായി നിശ്ചിത അകലം പാലിച്ചില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. ഒടുവില്‍ 2018 ഫെബ്രുവരിയില്‍ മന്ത്രിതലത്തില്‍ തിരുവന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേബിള്‍ ചാര്‍ജ് ചെയ്യാന്‍ തീരുമാനമായെങ്കിലും പട്ടണത്തില്‍ കെ.എസ്.ടിപി. റോഡ് നവീകരണം നടക്കുന്നതിനാല്‍ അത് നടന്നില്ല. റോഡ് നവീകരണത്തിനിടെ വൈദ്യുതി കേബിളുകള്‍ക്ക് പലയിടത്തും കേടുപാട് സംഭവിച്ചതോടെ പിന്നീടുള്ള കാര്യങ്ങള്‍ മുഴുവന്‍ തകിടംമറിഞ്ഞു. നവീകരണത്തിനിടെ കേബിള്‍ ഉപയോഗശൂന്യമായെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്.
നവീകരണത്തിനുശേഷം കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാര്‍ ചാര്‍ജ് ചെയ്യാനായി പരിശോധന നടത്തിയപ്പോള്‍ എട്ടിടത്ത് കേബിള്‍ പൊട്ടിയതായി കണ്ടെത്തി. റോഡ് കരാറുകാര്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രികാലങ്ങളിലടക്കം റോഡ് കുത്തിപ്പൊളിച്ചതായാണ് ആക്ഷേപം. പരിക്ഷണച്ചാര്‍ജിങ് നടത്തിയപ്പോള്‍ സബ്‌സ്‌റ്റേഷന്‍ തന്നെ ഡ്രിപ്പ് ആകുന്ന സ്ഥിതിയുമുണ്ടായി. പൊട്ടലുകളിലൂടെ മഴവെള്ളമിറങ്ങി കേബിള്‍ മിക്ക സ്ഥലങ്ങളിലും നശിച്ചതാണ് ഇതിനുകാരണമായി പറയുന്നത്. ജില്ലയില്‍ പലയിടത്തും ഭൂഗര്‍ഭ കേബിള്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പട്ടണത്തില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതില്‍ നിഗൂഢതയുണ്ട്. കേബിള്‍ ഉപയോഗശൂന്യമായി എന്നാണ് പറയുന്നത്. വിഷയത്തില്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: