ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവും സിനിമാ താരവുമായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയതിനു പിന്നാലെ, എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്നും ഖുശ്ബുവിനെ മാറ്റി.
ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത, പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെ പോലെ ആത്മാര്‍ത്ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് നല്കിയ രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കി. ഖുശ്ബു ബി.ജെ.പി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്നും ഖുശ്ബുവിനെ ഒഴിവാക്കിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ഖുശ്ബു ഉള്‍പ്പെടെയുള്ള തമിഴകത്തെ 3 പ്രമുഖര്‍ ഇന്നു തന്നെ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പുനഃസംഘടനയില്‍ കോണ്‍ഗ്രസ് ദേശീയ വ്യക്താവായി ഖുശ്ബുവിനെ നിയമിച്ചിരുന്നു. തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഖുശ്ബു ബിജെപിയുടെ താര പ്രചാരകയായിരിക്കും. മോദി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്ബു രംഗത്തെത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് ദേശീയ വക്തവായ ടോം വടക്കനും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: