ഐങ്ങോത്ത്: പനങ്കാവ് വയലില്‍ വ്യാപക കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം. എന്നാല്‍ വെള്ളപ്പൊക്കം മൂലം വിളയാറായ നെല്‍ച്ചെടികള്‍ വീണു പോവുകയും കതിരുകള്‍ ചീഞ്ഞ് പോവുകയും ചെയ്തതിനാല്‍ കൃഷി നശിച്ച കര്‍ഷകര്‍ കേഴുകയാണ്. ആശ്വാസമാകേണ്ടുന്ന സര്‍ക്കാര്‍ വകുപ്പുകളാകട്ടെ അനങ്ങാപ്പാറ നയം തുടരുകയാണ്.
കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ കര്ഷകരിലേക്കെത്തുന്നില്ലെന്നാണ് തിരംഗ കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പറയുന്നത്. റജിസ്ട്രേഡ് ക്ലബിന്റെ കൂട്ടായ്മയില്‍ കാര്‍ഷിക വകുപ്പിന് കത്ത് നല്കി കൃഷി ആരംഭിച്ചിട്ടും നാളിതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത് പരാതിപ്പെട്ടു.
കര്‍ഷക തൊഴിലാളികളുടെ ലഭ്യതക്കുറവും മറ്റ് വെല്ലുവിളികള്‍ക്കുമിടയിലും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരടക്കം അണിനിരന്ന് എക്കറ് കണക്കിന് വയലില്‍ രാപ്പകലെന്നില്ലാതെ അദ്ധ്വാനിച്ചിട്ടും സര്‍ക്കാര്‍ വകുപ്പുകളുടെ യാതൊരു പിന്തുണയോ മറ്റോ ലഭിക്കാത്തത് ഏതിന്റെ പേരിലാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് പത്മരാജന് ആവശ്യപ്പെട്ടു. നെല്ല് കൊയ്യാന്‍ തമിഴ്നാട്ടില്‍ നിന്നും ബ്രോക്കര്‍മാര്‍ മുഖാന്തിരം മണിക്കൂറൊന്നിന് മൂവായിരം രൂപ വീതം വാങ്ങുന്നത് കണ്ണീര് കടലിലാണ്ട കര്‍ഷകരുടെ കഴുത്ത് ഞെരിക്കുന്നതിന് തുല്യമാണെന്നും ഇതിലൊക്കെ സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും തിരംഗാ ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കൃഷി ജോലികള്‍ തൊഴിലാളികളുടെ അഭാവവും സര്‍ക്കാര്‍ വകുപ്പുകളുടെ നിസ്സഹകരണവും കാലാവസ്ഥ വ്യതിയാനവും പ്രതികൂല ഘടകങ്ങളായിട്ടും നിരവധി പേര് കാര്‍ഷിക വൃത്തിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: