കരിന്തളം: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ട് റോഡുകളോട് അധികൃതരുടെ അവഗണന തുടരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നിരവധി റോഡുകള്‍ മെക്കാഡമോ റീടാറിങ്ങോ ചെയ്ത് ഗതാഗതം സുഗമമാക്കിയപ്പോള്‍ ബിരിക്കുളത്ത് ചേരുന്ന ജില്ലാപഞ്ചായത്തിന്റെ രണ്ട് റോഡുകള്‍ മാത്രം അവഗണനയുടെ പട്ടികയില്‍.
ബിരിക്കുളത്ത് നിന്ന് നെല്ലിയടുക്കം വഴി കൊല്ലംപാറയിലേക്കുള്ള 9.3 കിലോ മീറ്റര്‍ റോഡിലും ബിരിക്കുളത്തുനിന്ന് പെരിയങ്ങാനം വഴി കാലിച്ചാമരത്തേക്കുള്ള 8.8 കിലോമീറ്റര്‍ റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായത്. പഞ്ചായത്തിലെ വലിയ പ്രദേശത്തുകൂടി പോകുന്ന റോഡുകളെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊല്ലംപാറ റോഡില്‍ നെല്ലിയടുക്കം, കിളിയളം, കാട്ടിപ്പൊയില്‍, പള്ളം, മേലാഞ്ചേരി തുടങ്ങിയ ചെറു ടൗണുകളും കാലിച്ചാമരം റോഡില്‍ കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി തുടങ്ങിയ സ്ഥലങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവിടെയൊക്കെയായി സ്‌കൂളുകളും ആരാധനാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്.
പരപ്പയില്‍ നിന്ന് ആരംഭിക്കുന്ന കാലിച്ചാമരം റോഡില്‍ പ്ലാത്തടം വരെയുള്ള അഞ്ചുകിലോമീറ്റര്‍ നാലുവര്‍ഷത്തോളമെടുത്താണ് മെക്കാഡം ടാറിട്ടത്. ഫണ്ടില്ലാത്തതിന്റെ പേരുപറഞ്ഞ് പ്രവൃത്തി മുഴുമിപ്പിക്കാനായില്ല. റോഡ് പൊട്ടിയ ഭാഗങ്ങളില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ കുഴിയടച്ചെങ്കിലും ഒറ്റമഴയില്‍ത്തന്നെ പഴയ അവസ്ഥയിലേക്ക് മാറി. കോയിത്തട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ പരപ്പ മുതലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഇരുറോഡുകളിലുമായി പത്തിലധികം ബസ് സര്‍വീസുണ്ട്. ഇവ ചേരുന്ന കൊല്ലംപാറ, പരപ്പ, കാലിച്ചാമരം ഭാഗത്തെ മറ്റ് റോഡുകള്‍ മെക്കാഡം ടാറിടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാത്രമല്ല, കിളിയളംബാനംകമ്മാടം റോഡിന് 20 കോടിരൂപയുടെ പ്രവൃത്തി നടക്കുന്നുണ്ട്. അപ്പോഴാണ് കാലങ്ങളായി ഉപയോഗിക്കുന്ന റോഡിനോട് ജനപ്രതിനിധികള്‍ മുഖംതിരിക്കുന്നത്. ജനവാസമേഖലയിലെ പ്രധാന റോഡുകളെ അവഗണിക്കുന്ന അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: