പൊന്‍കുന്നം: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍സിപി നിലപാട് കടുപ്പിച്ചു. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കില്ലെന്ന് മാണി സി. കാപ്പന് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍, എന്‍സിപിയുടെ കടുംപിടുത്തത്തിന് പിന്നില്‍ സിപിഎം നേതൃത്വമെന്നാണ് സൂചന. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് തടയാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് എന്‍സിപിയുടെ നിലപാടിന് പിന്നില്‍.
എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സാധ്യമാക്കില്ലെന്നാണ് മാണി സി. കാപ്പന് പറഞ്ഞത്. വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ല, രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നാണ് മാണി സി. കാപ്പന് പറയുന്നത്.
ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനുമായി മാണി സി. കാപ്പന് നല്ല ബന്ധമാണ്. ഇങ്ങനെയിരിക്കെ സിപിഎമ്മിനെ പിണക്കുന്ന നിലപാട് എന്‍സിപി സ്വീകരിക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കുകയെന്നുള്ളതാണ് സിപിഎമ്മിന്റെ പൊതുവായ നയം. കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന്റെ ഘട്ടത്തിലുള്ള അവസ്ഥയല്ല ജോസ് വിഭാഗത്തിന് ഇപ്പോള്‍. കൂടുതല്‍ നേതാക്കള്‍ ജോസഫിനൊപ്പം പോയി. ഇടതുമായി കൂടുതല്‍ അടുക്കുന്ന ഘട്ടത്തില്‍ ജോസഫ് എം. പുതുശ്ശേരി ജോസ് കെ. മാണിയെ കൈവിട്ടതും തിരിച്ചടിയായി. ഈ സംഭവങ്ങളെല്ലാം സിപിഎം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാല്‍ കൂടുതല്‍ പേര് കൊഴിഞ്ഞുപോകുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ഇത് പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്ന് ചിന്തിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.
തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐക്കും താത്പര്യമില്ല. കഴിഞ്ഞ തവണ ഡോ.എന്‍. ജയരാജ് എംഎല്‍എ വിജയിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ കുറഞ്ഞ വോട്ടിനാണ് സിപിഐ തോറ്റത്. ഇത്തവണ ഈ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.
എന്നാല്‍, പാലായും കാഞ്ഞിരപ്പള്ളിയും കിട്ടാതെയുള്ള ഇടതുമുന്നണി പ്രവേശനം ജോസ് വിഭാഗത്തില്‍ കടുത്ത പ്രതിസന്ധിയാകും. ജയസാധ്യതയുള്ളതും തങ്ങളുടെ ശക്തിയുള്ള പ്രദേശങ്ങളിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ എത്തുന്നതില്‍ പ്രയോജനമില്ലെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: