കാസര്‍കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കാസര്‍കോട് പുത്തിഗെ പഞ്ചായത്ത് പരിധിയിലെ പത്മനാഭന്‍ (46) കൊറോണ ബാധിച്ച് മരിച്ചു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന പത്മനാഭന്റെ ആരോഗ്യനില മോശമായിട്ടും ആവശ്യമായ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പു തയാറായില്ല. ആശുപത്രിയിലേക്ക് മാറ്റിയതുമില്ല. ജിഎച്ച്എസ്എസ് സൂരംബയലിലെ കന്നട വിഭാഗം പ്രൈമറിതല അധ്യാപകനായ പത്മനാഭന്‍ ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ദേശീയ അധ്യാപക പരിഷത്തിന്റെ സജീവാംഗമായിരുന്നു പത്മനാഭന്‍. പുത്തിഗെ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പത്മനാഭന് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് കടുത്ത വയറുവേദനയും വയറിളക്കവുമുണ്ടായി. ദിവസം നാല്‍പതു പ്രാവശ്യം വരെ വയറിളക്കമുണ്ടായിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല. ഒരു ഗുളിക നല്‍കുക മാത്രമാണ് ചെയ്തത്. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവര്‍ത്തകരെ ഫോണില്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരോപിച്ചു. ദേശീയ അധ്യാപക പരിഷത്ത് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
പരേതനായ കുട്ടി മേസ്ത്രി-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ഭവാനി, പൂവ്വമ്മ. നേരത്തെ ഉപ്പള ഗവ. ഹൈസ്‌കൂളിലും, ബേക്കൂര്‍ ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനായി സ്ഥിര നിയമനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക