ചാലക്കുടി: സംഗീത നാടക അക്കാദമി സെക്രട്ടറിയെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു.
സംഗീതനാടക അക്കാദമി നടത്തുന്ന ഓണ്‍ലൈന്‍ മത്സരങ്ങളില്‍ തനിക്ക് മോഹിനിയാട്ടത്തിന് വേദി നിഷേധിച്ച സംഭവത്തില്‍ മന്ത്രി എ.കെ. ബാലന് ഇടപെട്ടിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായരുടെ നടപടികളാണ് സംഭവത്തെ ഇത്രയേറെ വഷളാക്കിയത്. കലാഭവന്‍ മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് സംഗീത നാടക അക്കാദമി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കലയോടുള്ള വിവേചനത്തേക്കാള്‍ ജാതി വിവേചനമാണെന്ന വാദം ശക്തമാവുകയാണ്. രാമകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ നിന്ന്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ടത്ര ഇടപെട്ടില്ലെന്ന് തോന്നുന്നുണ്ടോ?
പട്ടികജാതി വകുപ്പും സാസ്കാരിക വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ. ബാലന് ഈ വിഷയം വെറും പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ സംഭവം വലിയ വിവാദമായ ശേഷവും മന്ത്രി വേണ്ട രീതിയില്‍ ഇടപെടാന്‍ തയാറായില്ല. ആത്മഹത്യാ ശ്രമത്തിനുംഅധ്യക്ഷയുടെ നിലപാട് മാറ്റത്തിനും ശേഷം ഏതാനും ദിവസം മുന്‍പാണ് ഞാനുമായി മന്ത്രി ഫോണില്‍ സംസാരിക്കാന്‍ തയാറായത്. ഇത്വ ലിയൊരു വീഴ്ചയാണ്. ശബരിമല പോലുള്ള വിഷയത്തില്‍ തുല്യ നീതിക്കായി വാദിക്കുന്ന സര്‍ക്കാരും മന്ത്രിയുമാണ് എനിക്ക് നീതി നിഷേധിച്ചത്.
എന്റെ നിലപാട് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. എനിക്കുണ്ടായ അനുഭവം ഇനിയൊരു കലാകാരനും ഉണ്ടാവാതിരിക്കുവാനാണ് പ്രതിക്ഷേധം. കലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കുവാന്‍ കഴിയുകയില്ല.
അക്കാദമി അധ്യക്ഷ കെപിഎസി ലളിത നിലപാട് മാറ്റിയത് എന്ത് കൊണ്ടാവും?
ഞാന്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലളിത ചേച്ചിക്ക് എന്തെല്ലാമോ പറയാനുണ്ടെങ്കിലും പലതും തുറന്ന് പറയുന്നില്ല. ലളിത ചേച്ചിയുടെ നിലപാടുകള്‍ സെക്രട്ടറി രാധാകൃഷ്ണന് നായര്‍ അംഗീകരിക്കുന്നില്ല. ലളിത ചേച്ചി പത്ര പ്രസ്താവനയിലൂടെ എന്നെ തള്ളി പറഞ്ഞത് എന്നെ മാനസികമായി തളര്‍ത്തി. ആ മാനസികാവസ്ഥയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലളിത ചേച്ചി വളരെ കഷ്ടപ്പാടും ത്യാഗവും സഹിച്ചാണ് കലാകാരിയെന്ന നിലയില്‍ ഈ കസേരയില്‍ ഇരിക്കുന്നത്. ഇതൊരു വലിയ അംഗീകാരം കൂടിയാണ്. കലാകാരന്മാരുടെ പ്രതിനിധിയായി ഈ സ്ഥാനത്തിരിക്കുമ്പോള്‍ കലാകാരന്മാരുടെ വിഷമതകളും മനസിലാക്കണം. കെപിഎസി ലളിതക്ക് ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരം കല എന്താണെന്ന് അറിയാത്ത രാധാകൃഷ്ണന് നായര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്തരുത്.
സംഭവത്തെക്കുറിച്ച് കെപിഎസി ലളിത വ്യക്തമായി പ്രതികരിച്ചില്ലല്ലോ?
സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന സ്ഥാനം മാത്രമെ കെപിഎസി ലളിതയ്ക്കുള്ളൂ. തനിക്കെതിരെ മാധ്യമങ്ങള്‍ക്ക് നല്കിയ ഇമെയില്‍ സന്ദേശം വരെ സെക്രട്ടറിയുടെ കളിയായിരുന്നു. ഞാന്‍ പറഞ്ഞതാണ് ശരിയെന്നും കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വൈകിയാണെങ്കിലും പറഞ്ഞത് അത് കൊണ്ടാണ്. സെക്രട്ടറി രാധാകൃഷ്ണന് നായരുടെ അടിമയാവാതെ, അക്കാദമിയില്‍ നടക്കുന്നത് ലോകത്ത് വിളിച്ച് പറയാന്‍ തയാറാവണം. അതിന് സാധിക്കുന്നില്ലെങ്കില്‍ അധികാര സ്ഥാനം ഒഴിയാന്‍ ആര്‍ജവം കാണിക്കുകയാണ് വേണ്ടത്. ആയിരക്കണക്കായ മലയാളികളുടെ മനസിലുള്ള ആ അമ്മ സ്ഥാനം കളയരുതെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.
അക്കാദമിയുടെ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെക്കുറിച്ച്….?
ഓണ്‍ലൈന്‍ മത്സരത്തില്‍ മോഹനിയാട്ടം അവതരിപ്പിക്കാനാണ് ഞാന്‍ അവസരം ചോദിച്ചത്. ഇതിനെിരെ ജാതി, ലിംഗ വിവേചനമാണ് സെക്രട്ടറി രാധാകൃഷ്ണന് നായര്‍ എന്നോട് കാണിച്ചത്. എന്റെ വേദനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ച് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും എല്ലാം നടന്നു. ഇതെല്ലാം ഒരു ഇരയെന്ന നിലയില്‍ എനിക്ക് ഏറെ ആശ്വാസമാണ് നല്‍കിയത്. മാനസികമായി ഏറെ തളര്‍ന്ന എനിക്ക് വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സാധിച്ചില്ല. ഞാന്‍ പറയുന്നത് എന്നെ ന്യായീകരിക്കുകയാണെന്ന ധാരണയായി മാറുമായിരുന്നു. എന്തായാലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടെല്ലാം നന്ദിയും സ്നേഹവമുണ്ട്. സത്യങ്ങള്‍ മറനീക്കി പുറത്ത് വരുമ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയായെന്ന് തെളിയുന്നതില്‍ സന്തോഷം.
സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണത്തെക്കറിച്ച് എന്താണ് അഭിപ്രായം?
ഇപ്പോഴത്തെ സെക്രട്ടറി രാധാകൃഷ്ണന് നായര്‍ക്ക് കലയെന്തെന്ന് അറിയുക പോലുമില്ല. കലാമണ്ഡലത്തില്‍ ക്ലര്‍ക്കായി ഉദ്യോഗത്തില്‍ കയറിയ വ്യക്തിയാണിയാള്‍. പിന്നീട് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാപനത്തിന്റെ സെക്രട്ടറിയായി. മോഹനിയാട്ടത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയതിനു പിന്നിലെ കഷ്ടപ്പാടും ത്യാഗവും അങ്ങനെയൊരാള്‍ക്ക് മനസിലാവില്ല. അത് കൊണ്ടാണ് മോഹിനിയാട്ടം കളിക്കാന്‍ അവസരം നല്കുവാന് സാധിക്കില്ല വേണമെങ്കില്‍ അര മണിക്കൂര്‍ ക്ലാസെടുത്തോളാന്‍ പറഞ്ഞത്. നിരവധി സ്ഥാപനങ്ങളില്‍ താല്കാലികമായി മോഹിനിയാട്ടത്തെക്കുറിച്ച് ക്ലാസുകളെടുക്കുന്നുണ്ട്. ഇതൊക്കെ അറിയാവുന്നവര്‍ വേണം അക്കാദമി ഭരിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: