ന്യൂദല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ചരിത്രപരമായ നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭൂസ്വത്ത് കാര്‍ഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിത്വ യോജനയുടെ ഭാഗമായുള്ള ഭൂസ്വത്ത് കാര്‍ഡുകളുടെ വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണരുടെ ഭൂമിയില്‍ മറ്റാര്‍ക്കും ഇനി കണ്ണുവയ്ക്കാനാകില്ല. ബാങ്കുകളില്‍ നിന്നും യാതൊരു തടസ്സവുമില്ലാതെ വായ്പ ലഭിക്കും. ഗ്രാമീണ ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണിത്, മോദി പറഞ്ഞു. ചരിത്രപുരുഷന്മാരായ ലോക്നായക് ജയപ്രകാശ് നാരായണന്റെയും സാമൂഹ്യപരിഷ്കര്‍ത്താവ് നാനാജി ദേശ്മുഖിന്റെയും ജന്മവാര്ഷിക ദിനത്തില്‍ പദ്ധതി ആരംഭിക്കാനായത് അവരോടുള്ള ആദരവാണ്. അവരുടെ സ്വപ്നങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മോദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ഗ്രാമീണരുമായി പ്രധാനമന്ത്രി സംവദിച്ചു.
ഗ്രാമീണരുടെ വീടുകളുടെയും അവരുടെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശങ്ങളുടെയും രേഖകളാണ് ഭൂസ്വത്ത് കാര്‍ഡ്. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികകാര്യങ്ങള്‍ക്കായി കാര്‍ഡ് ഉപയോഗിക്കാം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് സിങ് ചൗത്താല, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് കര്‍ഷകരുമായി സംവദിച്ചു.
6.62 ലക്ഷം ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പദ്ധതി നാലുവര്‍ഷത്തിനിടയില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒരു ലക്ഷം ഗ്രാമങ്ങളും പഞ്ചാബിലെയും രാജസ്ഥാനിലെയും ഏതാനും അതിര്‍ത്തി ഗ്രാമങ്ങളുമാണ് പ്രാഥമികഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: