കണ്ണൂര്‍: കൊവിഡ് രോഗ വ്യാപനം ജില്ലയില്‍ ശക്തമായതോടെ സര്‍ക്കാരിന്റെ ചികിത്സാ സംവിധാനങ്ങള്‍ പാളി. ചികിത്സയുമായി ബന്ധപ്പെട്ടും രോഗികളുടെ കാര്യത്തിലുളള പരിചരണവുമായി ബന്ധപ്പെട്ടുംസര്വ്വത്ര പരാതി. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും കാര്യത്തില്‍ യാതൊരു ശ്രദ്ധയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇല്ലെന്ന പരാതിയാണ് ഉയരുന്നത്.
ഗവണ്മെന്റ് ആശുപത്രികളിലേയും ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേയും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വ്യാപക പരാതി ഉയരുകയാണ്. ദിനം പ്രതി ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 500ന ് മുകളിലായതോടെ അധികൃതരുടെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയാണ്.
ക്വാറന്റൈനില്‍ കഴിയുന്നവരുടെ രോഗ പരിശോധനയ്ക്കായി യാതൊരു സഹായവും അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. സ്വന്തം നിലയ്ക്ക് വാഹനങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം സ്ഥിരീകരിച്ച് ഹോം ഐസോലേഷനില്‍ കഴിയുന്നവരെ രണ്ടാമത് ടെസ്റ്റിന് കൊണ്ടു പോകുന്ന കാര്യത്തിലും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
വെന്റിലേറ്റര്‍ സംബന്ധിച്ചും ആശുപത്രികളില്‍ കിടത്തിച്ചികിത്സിക്കാനുളള സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. രോഗബാധിതരായവരും അല്ലാത്തവരുമായ ഗര്‍ഭിണികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് രോഗബാധിതരോടൊപ്പം ഗര്‍ഭിണികളേയും താമസിപ്പിക്കുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി ചികിത്സയിലുളളവര്‍ പറയുന്നു. രോഗികള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷണം സംബന്ധിച്ചും ചികിത്സാ കേന്ദ്രങ്ങളിലെ വൃത്തിയില്ലായ്മ സംബന്ധിച്ചും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. രോഗികളുടെ എണ്ണം അടിക്കടി വര്‍ദ്ധിക്കവെ ഇനിയെന്ത് എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിനാല്‍ ജനങ്ങള്‍ രോഗം വരാതിരിക്കാന്‍ കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: