തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര അട്ടിമറിക്കാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് തമിഴ്നാട്ടിലെ ഹിന്ദു സംഘടനകള്‍. പരാമ്പരാഗത രീതി ഒഴിവാക്കി വാഹനത്തില്‍ വിഗ്രഹങ്ങള്‍ എത്തിക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആചാരങ്ങള്‍ അനുസരിച്ച് വിഗ്രഹങ്ങള്‍ എത്തിക്കാമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയിട്ടും കേരള സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ തയ്യാറായില്ല. ഇതിനെതിരെ കന്യാകുമാരിയിലും തിരുവനന്തപുരത്തും പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടിലെ തക്കലയില്‍ അരങ്ങേറിയത്. വിഗ്രഹങ്ങള്‍ ചരക്കുസാധനങ്ങള്‍ കയറ്റുന്ന രീതിയില്‍ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ ആചാരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇതിന് അനുവദിക്കില്ലായെന്നും അവര്‍ വ്യക്തമാക്കി. കന്യാകുമാരി ജില്ലാകളക്ടര്‍ ചര്‍ച്ചയിലൂടെ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എഴുന്നള്ളിപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേത്യത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പരമ്പരാഗതമായി ഘോഷയാത്ര കടന്നുവരുന്ന പ്രധാന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
നവരാത്രി വിഗ്രഹ ഘോഷയാത്ര
നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാന ജില്ലയുടെ പ്രധാന ഉത്സവമാണ് കന്യാകുമാരി ജില്ലയിലെ തക്കല പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്ര. ഒന്നേ മുക്കാല്‍ നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ആചാരത്തിന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊറോണയുടെ പേരു പറഞ്ഞ് തച്ചുടയ്ക്കാന്‍ ശ്രമിക്കുന്നത് ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഈ ആചാരത്തെയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചടങ്ങുകളോടെ നിശ്ചിത ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഘോഷയാത്ര നടത്താനുള്ള സൗകര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത്.
സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ് വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍. 1839 മുതലാണിതു തുടങ്ങിയത്. വിദ്യയുടെ പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും ശക്തിപൂജയുടെ പ്രതീകമായി ശുചീന്ദ്രത്തുനിന്നു മുന്നൂറ്റി നങ്കയെയും ആചാരപരമായി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന രീതിയാണദ്ദേഹം സ്വീകരിച്ചത്. അതാണ് ആചാരപരമായി കഴിഞ്ഞ കൊല്ലം വരെ തുടര്‍ന്നുവന്നിരുന്നത്.
പദ്മനാഭപുരം കൊട്ടാരത്തിലെ പുത്തരിക്ക മാളികയിലെ തേവാരക്കെട്ടില്‍ ഉടവാള് കൈമാറുന്നതോടെയാണ് എല്ലാവര്‍ഷവും നവരാത്രി ഘോഷയാത്രയ്ക്ക് തുടക്കമാകുന്നത്. പദ്മനാഭപുരത്തെ പുത്തരിക്കമാളികയില്, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള് അവിടത്തെ പുരാവസ്തുവകുപ്പ് ഡയറക്ടറില്‍ നിന്നും കേരളത്തിലെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിനിധി സ്വീകരിച്ച് കന്യാകുമാരി ദേവസ്വം കമ്മിഷണര്‍ക്ക് കൈമാറുന്നതോടെ ഉടവാള് കൈമാറ്റ ചടങ്ങ് പൂര്‍ത്തിയാകുന്നു. ഘോഷയാത്രയെ അനുഗമിക്കുന്ന രാജാവിന്റെ പ്രതിനിധിയായി സങ്കല്‍പ്പിക്കുന്ന ആളാണ് ഈ ഉടവാളുമായി അകമ്പടി സേവിക്കുന്നത്.
ഉടവാള് കൈമാറ്റത്തിന് ശേഷം സരസ്വതി വിഗ്രഹത്തെ ആനപ്പുറത്തും വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്കയെയും പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്. സായുധ പോലീസിന്റെ ഗാര്‍ഡ് ഒഫ് ഓണറിനു ശേഷമാണ് തലസ്ഥാനത്തേയ്ക്ക് ഘോഷയാത്ര പുറപ്പെടുന്നത്. കുഴിത്തുറ മഹാദേവക്ഷേത്രത്തിലെ ഇറക്കി പൂജയ്ക്ക് ശേഷം കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, കേരള പോലീസ്, റവന്യൂ അധികൃതരും ചേര്‍ന്നാണ് വരവേല്‍ക്കുന്നത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. അടുത്ത ദിവസം രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
ഘോഷയാത്ര ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുമ്പോള്‍ ഉടവാള് ഏറ്റുവാങ്ങി ആചാരപ്രകാരം പദ്മനാഭപുരം കൊട്ടാര പ്രതിനിധികള്‍ സ്വീകരിക്കും. പദ്മതീര്‍ത്ഥക്കുളത്തിലെ ആറാട്ടിനുശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ നവരാത്രി മണ്ഡപത്തിലാണ് സരസ്വതീദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലുമായി പൂജയ്ക്കിരുത്തും. ഇതോടെയാണ് തലസ്ഥാനത്ത് പത്തു ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
വിജയദശമിക്ക് ശേഷം ഒരു ദിവസം നല്ലിരിപ്പും കഴിഞ്ഞാണ് സരസ്വതീ വിഗ്രഹവും, കുമാരസ്വാമിയും മുന്നൂറ്റിനങ്കയും തിരിച്ച് പദ്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നത്. എന്നാല്‍ ഇത്തവണ കൊറോണയുടെ പേരും പറഞ്ഞ് നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന എല്ലാ ആചാരങ്ങളെയും തച്ചുടച്ച് പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും വാഹനത്തില്‍ വിഗ്രഹങ്ങളെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം വരെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ആചാരങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഹിന്ദു സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഘോഷയാത്ര നടത്തണമെന്നാണ് ഹിന്ദു സംഘടനകളുടെയും ഭക്തരുടെയും ആവശ്യം. പല്ലക്ക് ചുമക്കുന്നവര്‍ക്കും ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്കും കോവിഡ് പരിശോധന നടത്തി യാത്രയുടെ ഭാഗമാക്കണം. ആചാരംപാലിക്കുന്നതിന് നിശ്ചിത ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് ഘോഷയാത്ര നടത്തുമ്പോള്‍ പ്രധാന സ്ഥലങ്ങളിള്‍ നിലവിളക്ക് കത്തിച്ചു മാത്രം യാത്രയെ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കാന്‍ ഭക്തരുടെ സഹകരണം പൂര്‍ണ്ണമായി ഉണ്ടാകുമെന്ന ഉറപ്പു നല്‍കിയിട്ടും സര്‍ക്കാര്‍ അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: