മക്കളേ,
അലസതയും ആത്മവിശ്വാസമില്ലായ്മയും സ്ഥിരോത്സാഹത്തിന്റെ കുറവുമാണ് കര്‍മ്മരംഗങ്ങളില്‍ വിജയം വരിക്കുന്നതിന് നമുക്കെല്ലാം തടസ്സമായി നില്‍ക്കുന്നത്. അലസത കാരണവും ആത്മവിശ്വാസക്കുറവു കാരണവും ചിലര്‍ എന്തെങ്കിലും പ്രയത്നം ചെയ്യാന്‍ തന്നെ മടിക്കുന്നു. ചിലര്‍ പ്രയത്നം നല്ലതുപോലെ ആരംഭിക്കുമെങ്കിലും ചെറിയ വിഘ്നങ്ങളോ പരാജയങ്ങളോ സംഭവിക്കുമ്പോള്‍ പെട്ടെന്ന് നിരാശരായി പ്രയത്നം ഉപേക്ഷിച്ചു പിന്‍വാങ്ങുന്നു. ശരിയായ കാലം നോക്കി, സ്വന്തം കഴിവുകളും കഴിവുകേടുകളും വിലയിരുത്തി, ശരിയായ മനോഭാവത്തോടെ കര്‍മ്മം ചെയ്യേണ്ടത് വിജയപ്രാപ്തിയ്ക്ക് അത്യാവശ്യമാണ്. ഈശ്വരനില്‍ സമര്‍പ്പണബുദ്ധിയോടെ പ്രയത്നിച്ചാല്‍ പരാജയത്തില്‍ തളരാതിരിക്കുവാനും ഉത്സാഹം വീണ്ടെടുക്കുവാനും നമുക്കു കഴിയും.
ഒരിക്കല്‍ ഒരു ധനികന് സംന്യസിക്കുവാന്‍ തീരുമാനിച്ചു. സകല സ്വത്തും പാവങ്ങള്‍ക്കു നല്കി ഹിമാലയത്തിലേയ്ക്കു യാത്രയായി. അവിടെ ഒരു ആശ്രമത്തില്‍ താമസിച്ച് ധ്യാനവും മറ്റു സാധനകളും അഭ്യസിച്ചു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍ സംന്യാസിക്കു നിരാശയായി. ഇനിയും പ്രയത്നിച്ചതുകൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്നു കരുതി അദ്ദേഹം നാട്ടിലേയ്ക്കു തിരിച്ചു. യാത്രാമദ്ധ്യേ രാജധാനിയിലെത്തി. നേരം സന്ധ്യാസമയം. വലിയൊരു പന്തലില്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരിക്കുന്നു. പ്രശസ്തയായ ഒരു നര്‍ത്തകിയുടെ നൃത്തം നടക്കുകയാണ്. കുറച്ചുനേരം നൃത്തം കാണാമെന്നു കരുതി സംന്യാസി ആ പന്തലില്‍ ഒരിടത്തിരുന്നു. നൃത്തം അവസാനിക്കാറാകുമ്പോള്‍ രാജാവ് അവിടെ വന്ന് നര്‍ത്തകിക്ക് അമൂല്യമായ സമ്മാനങ്ങള്‍ നല്കുന്ന പതിവുണ്ട്. ഏതോ കാരണവശാല്‍ അന്നു രാജാവിന് സമയത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. നര്‍ത്തകി ക്ഷീണിച്ചിരുന്നെങ്കിലും രാജാവ് താമസിയാതെ വരുമെന്നു പ്രതീക്ഷിച്ച് നൃത്തം തുടര്‍ന്നു. എന്നാല്‍ രാജാവ് വരാന്‍ പിന്നെയും വൈകി. രാജാവിന്റെ വരവ് വൈകുന്തോറും നര്‍ത്തകിയുടെ ക്ഷീണവും വര്‍ദ്ധിച്ചു. ഏതു നിമിഷവും തലകറങ്ങി വീഴാമെന്ന സ്ഥിതിയായി. എന്നിട്ടും രാജാവിന്റെ സമ്മാനം കൊതിച്ച നര്‍ത്തകി നൃത്തം ചെയ്യുന്നതു നിര്‍ത്തിയില്ല. ഒടുവില്‍ അര്‍ദ്ധരാത്രി അടുത്തപ്പോള്‍ രാജാവ് അവിടെയെത്തി. നര്‍ത്തകിയുടെ മികവിലും ക്ഷമയിലും പ്രീതനായ രാജാവ് അവള് പ്രതീക്ഷിച്ചതിലും വളരെയധികം തുക സമ്മാനമായി നല്കി. ഇതുകണ്ട സംന്യാസി ചിന്തിച്ചു, ‘ഈ നര്‍ത്തകിയില്‍നിന്ന് എനിക്കു വളരെയധികം പഠിക്കാനുണ്ട്. തീരെ വയ്യാതായെങ്കിലും അവള് നൃത്തം നിര്‍ത്താതെ തുടര്‍ന്നു. ഒടുവില്‍ വിജയം കൈവരിച്ചു. ഞാന്‍ ഇത്ര പെട്ടെന്ന് സാധന ഉപേക്ഷിച്ചുവന്നത് ശരിയായില്ല. ഹിമാലയത്തിലേയ്ക്കു തിരികെപ്പോയി പഴയതിലും ഉത്സാഹത്തോടെ ആദ്ധ്യാത്മികസാധന തുടരണം.’ അങ്ങനെ ചിന്തിച്ചുകൊണ്ട് അദ്ദേഹം ഹിമാലയത്തിലേയ്ക്കു തിരികെപ്പോയി തപസ്സു തുടര്‍ന്നു.
പിച്ചവെച്ചു നടക്കുന്ന ഒരു കൊച്ചുകുട്ടി എത്രയോ പ്രാവശ്യം നിലത്തു വീഴുന്നു. കുട്ടി ഉടനെ എഴുന്നേറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കുന്നു. എത്ര പ്രാവശ്യം കാല് തെറ്റി വീണാലും അവന് ശ്രമം ഉപേക്ഷിക്കുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിന്റെ ഫലമായി അവന് നടക്കാന്‍ പഠിക്കുന്നു. എല്ലാറ്റിലുമുപരി, തന്നെ സഹായിക്കാന്‍ അമ്മയുണ്ടെന്ന ആത്മവിശ്വാസം അവനുണ്ട്. പരാജയം നേരിടുമ്പോള്‍ മനസ്സു തളരാതെ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ നിരന്തരം പ്രയത്നിക്കുവാനുള്ള കൊച്ചുകുട്ടികളുടെ ഈ മനസ്സാണ് നമ്മളും വളര്‍ത്തിയെടുക്കേണ്ടത്.
കൊച്ചുകൊച്ചു പരാജയങ്ങളുടെയും തടസ്സങ്ങളുടെയും മുമ്പില്‍ തളരാതിരിക്കാനും ഉത്സാഹവും പ്രതീക്ഷയും നിലനിര്‍ത്താനും നമുക്കു കഴിയണം. ശരീരം തളര്‍ന്നാലും മനസ്സു തളരാന്‍ ഒരിക്കലും അനുവദിക്കരുത്.
ജീവിതം ഒരു നീണ്ട യാത്രയാണ്. പാത ഇരുളടഞ്ഞതായിരിക്കാം. എന്നാല്‍ ആത്മവിശ്വാസത്തിന്റെ ദീപം നമ്മുടെ കൈയില്‍ കെടാതെ സൂക്ഷിക്കുകയാണെങ്കില്‍ ഓരോ അടി മുന്നോട്ടു വെയ്ക്കുന്തോറും അതു നമ്മുടെ പാത തെളിച്ചുതരും. ക്ഷമയും ആത്മവിശ്വാസവും പ്രയത്നവുമുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള് ലക്ഷ്യം പ്രാപിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: