കൊച്ചി: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് വന്‍കരയില്‍ പഠിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ ലക്ഷദ്വീപിലേക്ക് മടങ്ങി വന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹകരണത്തോടു കൂടി കവരത്തിയിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താം. ഇതേ മാതൃകയില്‍ മറ്റു ദ്വീപുകളിലും ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.
ലക്ഷദ്വീപില്‍ ആന്ത്രോത്ത്, അഗത്തി, കവരത്തി ദ്വീപുകളിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചില മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലെ ഇന്റര്‍നെറ്റ് സെറ്റിങ്ങുകളില് മാറ്റംവരുത്തി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതു മറ്റുള്ള 4ജി ഉപഭോക്താക്കള്‍ക്ക് ഡാറ്റാ സേവനം ലഭിക്കുന്നതിനു തടസമുണ്ടാക്കുന്ന തരത്തില്‍ ബാധിച്ചതോടെ ഡാറ്റ ആക്സസ് പോയിന്റുകളില്‍ കൃത്രിമമായി മാറ്റം വരുത്തുന്നത് തടഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ ഡാറ്റാ വേഗത ലഭ്യമാക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ നടപ്പാക്കി.
സാറ്റലൈറ്റ് ലിങ്ക് ഉപയോഗിച്ചാണ് ലക്ഷദ്വീപില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനായി സാറ്റലൈറ്റ് ലിങ്കിന്റെ ബാന്ഡ്വിഡ്ത് കൂട്ടുന്നതിനു നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: