പഞ്ചകര്‍മ ചികിത്സയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന ചികിത്സാക്രമമാണ് നസ്യം. വമനം, വിരേചനം, വസ്തി, നസ്യം രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മ ചികിത്സ.
കണ്ഠത്തിലും ശിരസ്സിലും ഉണ്ടാകുന്ന മിക്കവാറും എല്ലാ രോഗങ്ങളിലും നസ്യം ഏറ്റവും ഉത്തമവും ഫലപ്രദവുമായ ചികിത്സാക്രമമാണ്. നാസിക ശിരസിലേക്കുള്ള ഒരു ദ്വാരമാണ്. അതുകൊണ്ട് നാസാദ്വാരം വഴി ഇന്ദ്രിയാധിഷ്ഠാനമായ ശിരസ്സിന്റെ എല്ലാഭാഗത്തും വ്യാപിച്ച് അവിടെയുള്ള രോഗങ്ങളെ ശമിപ്പിക്കുന്നു.
വിവിധ കാരണങ്ങളാലും വിവിധ തരത്തിലുമുള്ള തലവേദന, കണ്ഠരോഗം, ശിരോഭാരം, ചില നേത്രരോഗങ്ങള്‍, അപസ്മാരം, നീണ്ടുനില്‍ക്കുന്ന ജലദോഷം, സ്വരഹാനി, സംസാരിക്കുവാന്‍ കഴിയാത്ത അവസ്ഥ, (വാക്സംഗം) പക്ഷവധം, അര്‍ദ്ദിതം, (മുഖം ഒരുവശത്തേക്ക് കോടിപ്പോകുന്ന അവസ്ഥ) മുഖത്തുണ്ടാകുന്ന നിറവ്യത്യാസം- വ്യംഗം- മുഖം കറക്കുക, മുടികൊഴിച്ചില്‍ മോഹാലസ്യം എന്നീ രോഗങ്ങള്‍ക്കെല്ലാം നസ്യം ഫലപ്രദമായ ചികിത്സാക്രമമാണ്.
വിവിധ മരുന്നുകള്‍ചേര്‍ത്ത് കാച്ചിതയ്യാറാക്കിയ തൈലം, നെയ്യ് ഔഷധസസ്യങ്ങളുടെ സ്വരസം. പാല് പ്രത്യേകിച്ച് സ്തന്യം (മുലപ്പാല്‍) തേന്‍, കഷായം, ചൂര്‍ണം ഇവയാണ് നസ്യത്തിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍. നസ്യത്തിനുപയോഗിക്കുന്ന തൈലം, നെയ്യ് എന്നിവ മൃദു പാകത്തില്‍ (കറുത്ത മെഴുക്പാകം) തയ്യാറാക്കിയതായിരിക്കണം. നസ്യംകൊണ്ടുണ്ടാകുന്ന ഫലവ്യത്യാസം അനുസരിച്ച് വിരേചന നസ്യം, ബൃംഗണനസ്യം, ശമനനസ്യം എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.
നസ്യത്തിനുപയോഗിക്കുന്ന ഔഷധങ്ങളുടെ മാത്ര അഥവാ അളവനുസരിച്ച് പ്രതിമര്ശനസ്യം, മര്‍ശനസ്യം എന്നിങ്ങനെ രണ്ടായിതിരിച്ചിരിക്കുന്നു. പ്രതിമര്ശനസ്യം പ്രായവ്യത്യാസമില്ലാതെ എല്ലാവര്ക്കും ഉപയോഗിക്കാം. പഥ്യനിഷ്ഠകളൊന്നുമില്ല. നാല് മുതല്‍ പത്ത് തുള്ളിവരെ ഉപയോഗിക്കുന്ന നസ്യത്തെ മര്‍ശനസ്യം എന്ന് പറയുന്നു.
നസ്യം ചെയ്യാന്‍ പാടില്ലാത്തവര്‍, ഏഴ് വയസ്സില്‍ കുറവുള്ളവര്‍, ആഹാരം കഴിച്ചവര്‍, മദ്യം, സ്നേഹം (തൈലം, നെയ്യ്, മാംസരസം) കഴിച്ചവര്‍, സൂതികമാര് (പ്രസവിച്ച് അധികദിവസമാകാത്തവര്) വമനം, വിരേചനം, വസ്തി തുടങ്ങിയവ ചെയ്തവര്‍ ഇവര്‍ക്ക് നസ്യം പാടില്ല. വര്ഷകാലമൊഴിച്ച്, മഴയും കാര്‍മേഘംകൊണ്ട് മൂടലുമുള്ള ദിവസങ്ങളിലും നസ്യം പാടില്ല.
നസ്യം ചെയ്യുന്നതിന് മുന്‍പ് രോഗത്തിനനുസൃതമായ തൈലം, നെറ്റിയിലും മുഖത്തും ആവശ്യമെങ്കില്‍ കഴുത്തിലം ചൂടാക്കി ചൂടാക്കി തേച്ച്, ചൂടുവെള്ളത്തില്‍ തുണിമുക്കി
പിഴിഞ്ഞ് ആവികൊള്ളിച്ച് വിയര്‍പ്പിക്കണം. എന്നിട്ട് രോഗി കൈകാലുകള്‍ നിവര്‍ത്തിവച്ച് മലര്‍ന്നുകിടക്കണം.തല അല്‍പ്പം താഴ്ത്തിവയ്ക്കുവാന് തലയണ അല്‍പ്പം കീഴോട്ടു തള്ളി ചുമല് കൊള്ളിച്ച് തല അല്‍പ്പം താഴ്ത്തി കിടക്കണം. നസ്യത്തിനുപയോഗിക്കുന്ന ഔഷധം നിശ്ചയിച്ച മാത്രയിലോ അല്‍പ്പം കൂടുതല്‍ എടുത്ത് കുപ്പിയിലോമറ്റോ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിവച്ച് ചെറുചൂടാക്കണം. നസ്യദ്രവ്യം തീയില്‍ കാണിച്ച് നേരിട്ട്ചൂടാക്കാന് പാടില്ല. എന്നിട്ട് ഇടതു നാസാദ്വാരം അടച്ച് വലതു നാസാദ്വാരത്തില്‍ നിശ്ചിത അളവില്‍ മരുന്നൊഴിച്ച് വലിച്ചു കയറ്റണം. ഇടത് നാസാദ്വാരത്തിലും ഇത് ആവര്‍ത്തിക്കണം. അനന്തരം വായിലേക്ക് ഊറിവരുന്ന ഔഷധവും കഫവും തുപ്പിക്കളയണം. അവയെല്ലാം പൂര്‍ണമായും കളഞ്ഞശേഷം ചൂടുവെള്ളത്തില്‍ വായ കഴുകി ശുദ്ധിയാക്കണം. തുടര്‍ച്ചയായി ഏഴു ദിവസം നസ്യം ചെയ്യാം. ഈ ദിവസങ്ങളില്‍ തലകുളിക്കരുത്.
(ചെറുതുരുത്തിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയുര്‍വേദയില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: