മക്കളേ,
ഇന്ന് സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് ടെന്‍ഷന്‍ അഥവാ മാനസിക പിരിമുറുക്കം. നമ്മുടെ സ്വസ്ഥതയും ആത്മവിശ്വാസവും സമയവും അപഹരിക്കുന്ന ചോരനാണ് ടെന്‍ഷന്‍. നമുക്കോ മറ്റുള്ളവര്‍ക്കോ ടെന്‍ഷന്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്നാലും മിക്ക ആളുകളും വെറുതെ ടെന്‍ഷന്‍ അടിക്കുന്നതായാണ് കാണുന്നത്.
ടെന്‍ഷന്‍ മനസ്സിനെയും ശരീരത്തെയും ദുര്‍ബ്ബലമാക്കും. ടെന്‍ഷന്‍ നീണ്ടുനിന്നാല്‍ ക്രമേണ ശരീരവും മനസ്സും രോഗഗ്രസ്തമാകും. അത് നമ്മുടെ ശരീരത്തെ കാര്‍ന്നുതിന്നുന്ന വൈറസിനെപ്പോലെയാണ്. അതു നമ്മളുമായി ബന്ധപ്പെടുന്ന മറ്റു പലരിലേയ്‌ക്കും വൈറസിനെപ്പോലെ പകരുകയും ചെയ്യും.
നമ്മുടെ ഭാവനാശക്തിയെ തെറ്റായി ഉപയോഗിക്കുമ്പോഴാണ് ടെന്‍ഷന്‍ ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കില്‍പോലും എന്തൊക്കെയോ ദുരന്തങ്ങള്‍ വരാന്‍ പോകുന്നു എന്നു ചിന്തിച്ച് ആധി കൊള്ളുന്ന ചിലരുണ്ട്. ഒരു ദിവസം വൈകുന്നേരം ഭര്‍ത്താവ് ഓഫീസില്‍നിന്നു വീട്ടിലെത്താന്‍ വൈകിയാല്‍ ഭാര്യ ഉടനെ ചിന്തിച്ചു തുടങ്ങും, ‘ഓഫീസില്‍നിന്നു വരുന്ന വഴിക്ക് അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ?’ അല്ലെങ്കില്‍ ‘അദ്ദേഹം ഇടയ്‌ക്കിടയ്‌ക്ക് നെഞ്ചുവേദനയുണ്ടെന്നു പറയാറുണ്ടല്ലോ. വല്ല ഹാര്‍ട്ട് അറ്റാക്കും വന്നിട്ടുണ്ടാകുമോ?’ ഈ രീതിയില്‍ വരാന്‍ സാദ്ധ്യതയുണ്ടെന്നു നമ്മള്‍ കരുതുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിച്ച് നമ്മള്‍ എത്രയോ തവണ ആശങ്കപ്പെടുകയും വേവലാതിപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത്തരം ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും നമ്മുടെ ഭയവും ആശങ്കയും അസ്ഥാനത്തായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ടാവും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍പോലും അതോര്‍ത്ത് ആധികൊള്ളുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. മാത്രമല്ല എലിപോലുള്ള പ്രശ്‌നം മലപോലെ വളരുകയുംചെയ്യും.
ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ എവിടെ പോയാലും സദാ ഒരു ബ്രീഫ്‌കേയ്‌സ് കയ്യിലുണ്ടാകും. ഇതു കണ്ട് ഒരു സുഹൃത്തു ചോദിച്ചു, ‘നിന്റെ കൈയിലെ ബ്രീഫ്‌കേസില്‍ എന്താണുള്ളത്?’ അയാള്‍ പറഞ്ഞു, ‘ഒരല്പം മദ്യപിച്ചാല്‍ ഞാന്‍ ഉടനെ എന്റെ മുന്നില്‍ സിംഹങ്ങളെ കാണും. അവയെ നേരിടുന്ന സമയത്ത് ആത്മരക്ഷയ്‌ക്കായി ഇതിനകത്ത് ഒരു തോക്കു വെച്ചിട്ടുണ്ട്.’ സുഹൃത്തു പറഞ്ഞു, ‘സിംഹങ്ങള്‍ ഉണ്ടെന്നതു നിന്റെ തോന്നല്‍ മാത്രമാണെന്നു നിനക്ക് അറിയാമല്ലോ. അപ്പോള്‍ പിന്നെ തോക്ക് കൊണ്ടുനടക്കുന്നത് എന്തിനാണ്?’ അയാള്‍ മറുപടി പറഞ്ഞു, ‘ഈ ബ്രീഫ്‌കേയ്‌സിനകത്തിരിക്കുന്ന തോക്കും എന്റെ ഭാവന മാത്രമാണ്.’ ഈ കഥയിലെ മനുഷ്യനെപ്പോലെ, പലരും സ്വന്തം വികലഭാവനകളുടെ തടവുപുള്ളികളാണ്.
പഴയ തറവാടുകളില്‍ വയസ്സായ മുത്തച്ഛന്മാര്‍ ഉമ്മറത്ത് ആട്ടക്കസേരയിലിരുന്ന് ആടുക പതിവായിരുന്നു. ആട്ടക്കസേര എത്ര ആടിയാലും അത് ആരെയും എവിടെയും എത്തിക്കുകയുമില്ല. ടെന്‍ഷന്‍, മുത്തച്ഛന്റെ ഈ ആട്ടക്കസേര പോലെയാണ്. അത് നമ്മളെക്കൊണ്ട് അനാവശ്യമായി ജോലി ചെയ്യിപ്പിക്കും. പക്ഷെ നമ്മളെ എവിടെയും എത്തിക്കുകയില്ല.
അടുക്കളയില്‍ പാല്‍ തിളച്ച് പൊങ്ങിവരുമ്പോള്‍ പാല്‍ തൂകിപ്പോകാതിരിക്കാന്‍ നമ്മള്‍ വെള്ളമൊഴിച്ചു കൊടുക്കാറുണ്ട്. കുറച്ചുനേരത്തേയ്‌ക്ക് പാല്‍ തൂകിപ്പോകാതിരിക്കാന്‍ അതു മതിയാകും. എന്നാല്‍ തീ കുറയ്‌ക്കുകയാണ് അതിനുള്ള ശരിയായ പരിഹാരം. അതുപോലെ മൂലകാരണം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്കു ശമനമുണ്ടാകൂ. വിശന്നു കരയുന്ന കുഞ്ഞിന് കളിപ്പാട്ടം നല്കിയാല്‍ കുഞ്ഞ് കുറച്ചുനേരത്തേക്ക് കരയാതിരിക്കും. അല്പം കഴിഞ്ഞ് കുഞ്ഞ് കളിപ്പാട്ടം വലിച്ചെറിഞ്ഞ് വീണ്ടും കരഞ്ഞുതുടങ്ങും. കരച്ചിലിന്റെ കാരണം കണ്ടറിഞ്ഞ് കുഞ്ഞിന് പാലോ ആഹാരമോ നല്‍കിയാലേ കുഞ്ഞിന്റെ കരച്ചില്‍ അടങ്ങുകയുള്ളു.
സാഹചര്യങ്ങളെ വിലയിരുത്താനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമുള്ള കഴിവ് ഈശ്വരന്‍ നമുക്കെല്ലാം നല്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ കഴിവുപയോഗിച്ച് നമ്മള്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഭാവന ചെയ്ത് ആധി കൊള്ളുകയണ്. ഏതു സാഹചര്യത്തിലും മനഃസാന്നിദ്ധ്യവും ആത്മവിശ്വാസവും നിലനിര്‍ത്തിയാല്‍ പ്രശ്‌നപരിഹാരം എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: