പുനലൂര്‍: പട്ടികജാതി-ആദിവാസി വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി വിതരണം ചെയ്തതിലും അവരോടുള്ള സമീപനത്തിലും കേരളം ഏറ്റവും പിന്നിലെന്ന് ശ്രീരാമന് കൊയ്യോന്‍. കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനങ്ങളില്‍ ദരിദ്രരായ പട്ടികജാതി-ആദിവാസി വിഭാഗങ്ങള്‍ക്ക് ഏറ്റവുംകുറവ് കൃഷിഭൂമി വിതരണംചെയ്ത സംസ്ഥാനമെന്ന പദവിയാണ് കേരളത്തിനുള്ളതെന്ന് ശ്രീരാമന് പറഞ്ഞു.
അരിപ്പ ഭൂസമരം പരിഹരിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പുനലൂര്‍ ആര്‍ഡിഒ ആഫീസ് പടിക്കല്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതത്വത്തില്‍ സംഘടിപ്പിച്ച റിലേ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്തും തുടര്‍ന്നും സമരഭൂമയിലെ കടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സൗജന്യറേഷനും ഭക്ഷ്യധാന്യങ്ങളും സര്‍ക്കാര്‍ നിഷേധിച്ചു. സമരഭൂമിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവഗണന തുടരുകയാണെന്നും കൊയ്യോന്‍ കുറ്റപ്പെടുത്തി.
എഡിഎംഎസ് ജനറല്‍ സെക്രട്ടറി വി. രമേശന് അദ്ധ്യക്ഷത വഹിച്ചു. മണിലാല്‍, പി. ഷിജോ വലിയ പതാല്‍, പി. ഉദയന്‍, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ബാബുല്‍ദേവ്, മനോഹരന് അച്ഛന്‍കോവില്‍, സുലേഖ ബീവി, കെ. ശാന്ത, അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: